പുതിയ മന്ത്രിസഭ: ആലോചനകൾ തുടങ്ങി
തിരുവനന്തപുരം: പുതിയ മന്ത്രിസഭയിൽ ആരൊക്കെ എന്നതിനെ സംബന്ധിച്ച് അനൗപചാരിക ചർച്ച തുടങ്ങി. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് സത്യപ്രതിജ്ഞയെ സംബന്ധിച്ച തീരുമാനമെടുക്കും. അടുത്ത എൽഡിഎഫ് യോഗത്തിന്റെ തീയതിയും സെക്രട്ടേറിയറ്റ് നിശ്ചയിക്കും.
നിലവിലുള്ള മന്ത്രിസഭയിൽ സിപിഎമ്മിന് പതിമൂന്നും സിപിഐയ്ക്ക് നാലും അംഗങ്ങളാണ്. ജനതാദൾ എസ്, കോൺഗ്രസ് എസ്, എൻസിപി കക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനം. സ്പീക്കർ സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് സ്ഥാനങ്ങൾ സിപിഐയ്ക്കും. കേരള കോൺഗ്രസ്(ബി)യുടെ ഏക എംഎൽഎ കെ.ബി. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകിയില്ലെങ്കിലും പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് റാങ്കോടെ മുന്നാക്ക കമ്മിഷൻ ചെയർമാൻ സ്ഥാനം നൽകിയിരുന്നു. 21 അംഗങ്ങൾവരെ ആകാമെങ്കിലും നിലവിലുള്ളതുപോലെ 20 അംഗ മന്ത്രിസഭയായിരിക്കുമോ എന്നതിനെക്കുറിച്ചും സിപിഎം സെക്രട്ടേറിയറ്റിൽ തീരുമാനമുണ്ടാവും.
സിപിഎമ്മിൽ മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ, കെ.രാധാകൃഷ്ണൻ, എം.വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എൻ. ബാലഗോപാൽ, പി.രാജീവ്, എം.എം. മണി, ടി.പി. രാമകൃഷ്ണൻ എന്നിവർ മന്ത്രിമാരാകാനാണ് സാധ്യത. മന്ത്രിമാരായിരുന്ന കടകംപള്ളി സുരേന്ദ്രനും എ.സി. മൊയ്തീനും കെ.ടി. ജലീലും മന്ത്രിസ്ഥാനത്ത് തുടരുമോ എന്ന് വ്യക്തമല്ല. കടകംപള്ളി തുടർന്നാൽ നേമത്ത് ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്ത വി.ശിവൻകുട്ടിയുടെ സാധ്യത കുറയും. ഏറ്റുമാനൂർ ജയിച്ച കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി.എൻ. വാസവൻ മന്ത്രിയാവും. ആലപ്പുഴയിൽനിന്ന് സജിചെറിയാൻ, പി.പി. ചിത്തരഞ്ജൻ എന്നിവരിലൊരാൾ വന്നേക്കും. എം.ബി. രാജേഷ്, നന്ദകുമാർ എന്നിവരെയും പരിഗണിച്ചേക്കും. ഡോ.ആർ ബിന്ദു, വീണാ ജോർജ്, കാനത്തിൽ ജമീല എന്നിവരിലൊരാളെയും പരിഗണിച്ചുകൂടെന്നില്ല. ഇത്തവണ ആദ്യമായി സ്പീക്കർ സ്ഥാനം വനിതയ്ക്ക് നൽകുന്നതും ആലോചനയിലുണ്ട്.
പുതുമുഖങ്ങളെ മാത്രം പരിഗണിച്ചാൽ മതിയെന്ന കഴിഞ്ഞ തവണത്തെ നിലപാട് സിപിഐ തുടർന്നാൽ ഇ.ചന്ദ്രശേഖരന്റെ അവസരം നഷ്ടപ്പെടും. പരിചയസമ്പന്നതയുള്ള ഏക ആൾ എന്ന നിലയിൽ അദ്ദേഹം തുടരാനാണ് സാധ്യത. ചീഫ് വിപ്പ് കെ.രാജൻ, ഡെപ്യുട്ടി സ്പീക്കർ വി.ശശി, കെപ്കോ അധ്യക്ഷയായിരുന്ന ജെ.ചിഞ്ചുറാണി, പി.പ്രസാദ്, ചിറ്റയം ഗോപകുമാർ, ജി.ആർ അനിൽ, ഇ.കെ വിജയൻ, പി.ബാലചന്ദ്രൻ, പി.എസ് സുപാൽ എന്നിവരൊക്കെ ചർച്ചകളിലുണ്ട്.
കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. റോഷി അഗസ്റ്റിനും ഡോ.എൻ ജയരാജിനും സ്ഥാനം നൽകിയില്ലെങ്കിൽ പാർട്ടിയിൽ പ്രശ്നമാവും. റോഷിക്ക് മന്ത്രിസ്ഥാനവും ജയരാജിന് ഡെപ്യുട്ടി സ്പീക്കർ സ്ഥാനമോ ചീഫ് വിപ്പോ കിട്ടിക്കൂടെന്നില്ല.
എൻസിപിയിൽ കുട്ടനാട്ടിലെ തോമസ് കെ. തോമസിനെ പരിഗണിച്ചേക്കും. എ.കെ. ശശീന്ദ്രനും അവകാശവാദമുന്നയിക്കും. ജനതാദൾ(എസ്) കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും മന്ത്രിസ്ഥാനം പങ്കിട്ടെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ജനാധിപത്യ കേരള കോൺഗ്രസ്, കോൺഗ്രസ് എസ്, ഐഎൻഎൽ, കേരള കോൺഗ്രസ് (ബി), ആർഎസ്പി (ലെനിനിസ്റ്റ്) എന്നിങ്ങനെ ഏകാംഗ എംഎൽഎമാരുള്ള പാർട്ടികളിൽ ആർക്കൊക്കെ മന്ത്രിസ്ഥാനമെന്നതിലും ഇന്ന് സിപിഎം സെക്രട്ടേറിയറ്റിൽ തീരുമാനമെടുത്തേക്കും.