‘തൊഴിലാളിവര്‍ഗ സംസ്കാരത്തിന് നിരക്കാത്ത പോസ്റ്ററുകള്‍ പതിച്ചു’; തെരഞ്ഞെടുപ്പ് വിജയം തടുക്കാന്‍ ഹീനശക്തികള്‍ ശ്രമിച്ചെന്ന് ജി സുധാകരന്
തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ പല ഹീനശക്തികളും ശ്രമിച്ചെന്ന ആരോപണവുമായി ജി സുധാകരന്. തൊഴിലാളിവര്‍ഗ സംസ്കാരത്തിന് നിരക്കാത്ത പോസ്റ്ററുകള്‍ പതിച്ചു. കള്ളേേക്കസുകള് നല്‍കാനുള്ള ശ്രമം ഉണ്ടായി. ചില മാധ്യമ സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് പൊളിറ്റിക്കല്‍ ക്രിമിനലിസം നിറഞ്ഞ ഹീനമായ വാര്‍ത്തകള്‍ നല്കപ്പെട്ടുവെന്നും ജി സുധാകരന് പറഞ്ഞു. എന്നാല്‍ എല്‍ഡിഎഫിനെ കേരളത്തിലെ ജനങ്ങളാകെ പിന്തുണച്ചെന്ന്് ജി സുധാകരന് പറഞ്ഞു. എല്ലാ വിഭാഗങ്ങളും നമുക്ക് വോട്ട് ചെയ്തു. എല്ലാ നല്ലവരായവരെയും കോര്‍ത്തിണക്കി ഹീന ശക്തികളെ ഒഴിവാക്കി വികസന തുടര്‍ച്ച നടപ്പാക്കി പിണറായി സര്‍ക്കാരിന്റെ മാതൃക ഉര്‍ത്തിപ്പിടിച്ച് നമുക്ക് മുന്നോട്ട് പോകാന്‍ കഴിയും. അതിനായി നാം ഒറ്റക്കെട്ടായി നീങ്ങുക. ജനങ്ങളുടെതാണ് ഈ പാര്‍ട്ടി. ജനങ്ങളെ എന്നും ബഹുമാനിച്ച് പ്രവര്‍ത്തിക്കുന്ന നമ്മുടെ പാര്‍ട്ടിയുടെ അച്ചടക്കവും അന്തസ്സും കീഴ്മേല്‍ ബന്ധങ്ങളും നേതൃത്വത്തെ ആദരിക്കലും അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരാളിനും പാര്‍ട്ടിയുടെ ഹൃദയത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും ജി സുധാകരന് ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം,
നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്ന് പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച പാര്‍ട്ടി ജില്ലാക്കമ്മിറ്റി അംഗവും സി.ഐ.റ്റി.യു ജില്ലാ പ്രസിഡന്റുമായ സ: എച്ച് സലാമിന് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അര്‍പ്പിക്കുന്നു.
ആലപ്പുഴ ജില്ലയില്‍ വലതുപക്ഷ രാഷ്ട്രീയത്തിന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള ഒന്നാമത്തെ മണ്ഡലമാണ് അമ്പലപ്പുഴ. രണ്ടാമത് ചെങ്ങന്നൂരും, മൂന്നാമത് ഹരിപ്പാടുമാണ്. ഈ മണ്ഡലത്തില്‍ നിന്ന് 1987 ല്‍ ഞാന്‍ 124 വോട്ടിന് പരാജയപ്പെടുകയുണ്ടായി. അന്ന് പുന്നപ്ര വടക്ക് പഞ്ചായത്തില്‍ എനിക്ക് 128 വോട്ട് കുറവായിരുന്നു. എന്നാല്‍ 2006 മുതല്‍ 2016 വരെയുള്ള മൂന്ന് തെരഞ്ഞെടുപ്പുകളിലും യഥാക്രമം 12,000, 17,000 ഏകദേശം 23,000 വോട്ടുകള്‍ക്ക് വിജയിക്കുകയുണ്ടായി.
ഈ പതിനഞ്ച് വര്‍ഷങ്ങളില്‍ ഈ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഏകദേശം 7000 കോടി രൂപയുടേതാണ്. റോഡുകള്‍, പാലങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയ്ക്ക് പുറമെ പുന്നപ്ര സാഗര-സഹകരണ ആശുപത്രി, സഹകരണ എഞ്ചിനീയറിംഗ് കോളേജ്, എം.ബി.എ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫിനിഷിംഗ് സ്കൂള്‍, പുറക്കാട് സര്‍ക്കാര്‍ ഐ.റ്റി.ഐ, കളര്‍കോട് യൂണിവേഴ്സിറ്റി എം.ബി.എ ഇന്‍സ്റ്റിറ്റ്യൂട്ട്, അമ്പലപ്പുഴ ഗവ: കോളേജ്, പറവൂര്‍, കാക്കാഴം, നാലുചിറ, പുറക്കാട്, എസ്.എന്‍.എം ഹൈസ്കൂളുകള്‍, അമ്പലപ്പുഴ മോഡല്‍ ഹയര്‍സെക്കന്ററി സ്കൂള്‍, കുഞ്ചുപിള്ള സ്മാരക സ്കൂള്‍, ആലപ്പുഴ ടൗണിലെ മുഹമ്മദന്‍സ് സ്കൂള്‍, ടി.ഡി സ്കൂള്‍, ഗവ: ഗേള്‍സ് സ്കൂള്‍, സെന്റ് ആന്റണീസ് സ്കൂള്‍, മുഹമദന്‍സ് സ്കൂളുകള്‍, ലജനത്ത് മുഹമദിയ സ്കൂള്‍, തിരുവമ്പാടി സ്കൂള്‍, അറവുകാട് സ്കൂള്‍, എന്നിവിടങ്ങളിലെ ഹയര്‍ സെക്കന്ററി സ്കൂളുകള്‍, ദന്തല്‍ കോളേജ്, നേഴ്സിംഗ് കോളേജ്, ഡി ഫാം കോളേജ് തുടങ്ങിയ കോളേജുകള്‍ എന്നിവയെല്ലാം ഈ കാലത്ത് സ്ഥാപിക്കപ്പെട്ടു.
മണ്ഡലം എമ്പാടും ഉന്നത നിലവാരത്തിലുള്ള റോഡുകളും പാലങ്ങളും കൊണ്ട് നിറഞ്ഞു. 30 വര്‍ഷം ആയുസ്സുള്ള വൈറ്റ് ടോപ്പിംഗ് റോഡുകള്‍ നിര്‍മ്മാണം ആരംഭിച്ചു. ആലപ്പുഴയുടെ മുഖച്ഛായ മാറി. ആലപ്പുഴ കനാല്‍ നവീകരണം ആരംഭിച്ചു. മൊബിലിറ്റി ഹബ് നിര്‍മ്മിക്കാന്‍ നടപടികള്‍ തുടങ്ങി. മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും വലിയ നിലയിലുള്ള പേ-വാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ തറക്കല്ലിട്ടു. ചരിത്രത്തെ സാക്ഷിനിര്‍ത്തി അരനൂറ്റാണ്ടിന്റെ സ്വപ്നമായിരുന്ന ആലപ്പുഴ ബൈപ്പാസ് സാക്ഷാത്കരിച്ചു.
ജനങ്ങളുടെ സ്നേഹവും, ആദരവും, വിശ്വാസവും ആഴത്തില്‍ വേരോടി. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജാതിമത പരിഗണന ഇല്ലാതെ ഏവരും ഒറ്റക്കെട്ടായി പിണറായി സര്‍ക്കാരിന്റെ വികസന നയത്തിന് പിന്നില്‍ അണിനിരന്നു.
മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ശക്തമായ പിന്തുണ അമ്പലപ്പുഴയുടെ വികസനത്തിന് ശക്തമായ കൈതാങ്ങായി. ഈ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ മാനദണ്ഡം അനുസരിച്ച് 2021 ലെ തെരഞ്ഞെടുപ്പില്‍ സ: എച്ച്.സലാമിനെ സ്ഥാനാര്‍ത്ഥിയാക്കാനും ആലപ്പുഴയില്‍ സ: പി പി ചിത്തരഞ്ജനെ സ്ഥാനാര്‍ത്ഥിയാക്കാനുമുള്ള അഭിപ്രായം പാര്‍ട്ടിയെ ഉചിതമായ വിധത്തില്‍ അറിയിച്ചു. ശക്തമായ മത്സരത്തിലൂടെ ഇരുവരും നല്ല ഭൂരിപക്ഷത്തില്‍ വിജയിച്ചു വന്നത് അത്യധികം സന്തോഷം നല്‍കുന്നതാണ്.
പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്റെ മികവിലാണ് ഈ വിജയങ്ങള്‍ ഉണ്ടായത്. അതില്‍ പൊതുമരാമത്ത്, രജിസ്ട്രേഷന് വകുപ്പുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കാലോചിതമായ നവീകരണ ദൈൗത്യങ്ങളും ധനകാര്യ വകുപ്പ് നൂതന സങ്കേതങ്ങളിലൂടെ ഉറപ്പാക്കിയ ധനലഭ്യതയും ഏവരുടെയും പിന്തുണ പിടിച്ച് പറ്റി. ആ ബലം വിജയത്തിന് അടിത്തറപാകി. സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപരമായ ബന്ധങ്ങളും എല്‍.ഡി.എഫ് ന്റെ ശക്തമായ പ്രവര്‍ത്തനവും വിജയത്തിന് ശക്തികൂട്ടി.
സി.പി.ഐ(എം) ജില്ലാ സെക്രട്ടറി സ: ആര്.നാസറും, സെക്രട്ടറിയേറ്റ് അംഗം സ: കെ.പ്രസാദും, പാര്‍ട്ടി സെക്രട്ടറിമാരായി പ്രവര്‍ത്തിച്ച സ: എ ഓമനക്കുട്ടന്, സ: സി ഷാംജി, സ: അജയന് എന്നിവരും സി.പി.ഐ നേതാക്കളായ അഡ്വ: മോഹന്‍ദാസ്, സ: ഇ.കെ.ജയനും മറ്റ് ഇടതുപക്ഷ നേതാക്കളും ശക്തമായ നേതൃത്വം നല്കി. പാര്‍ട്ടി ഏരിയാക്കമ്മറ്റികളും, ഇലക്ഷന് കമ്മറ്റിയും മാതൃകാപരമായി പ്രവര്‍ത്തിച്ചു. പ്രാദേശിക സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സംഭാവന എടുത്ത് പറയേണ്ടതുണ്ട്. ബൂത്ത് കമ്മറ്റികളും മേഖല കമ്മറ്റികളും വിജയത്തിന് ഊടും പാവും നല്കി. സി.പി.ഐയുടെ എല്ലാ കമ്മറ്റികളും മറ്റ് ഘടക കക്ഷികളും വലിയ സംഭാവനകള്‍ നല്കി. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വിജയം നേടിയെടുത്തു.
ബഹു: മുഖ്യമന്ത്രി സ: പിണറായി വിജയന്, സ: എസ്.രാമചന്ദ്രന്‍പിള്ള, സ: പ്രകാശ് കാരാട്ട്, സ: എം.എ ബേബി തുടങ്ങിയ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ നടത്തിയ പ്രചരണങ്ങള്‍ വിജയത്തിന് ആധികാര്യത നല്കി. സ: തോമസ് ഐസക്കും അമ്പലപ്പുഴയില്‍ പ്രചാരണത്തിന് എത്തി. ആലപ്പുഴയില്‍ സ: ജി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഇലക്ഷന് പ്രവര്‍ത്തനം നടന്നത്.
തെരഞ്ഞെടുപ്പ് വിജയത്തിന് തടസ്സമുണ്ടാക്കാന്‍ പല ഹീന ശക്തികളും പ്രവര്‍ത്തിച്ചു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംസ്കാരത്തിന് നിരക്കാത്ത പോസ്റ്ററുകള്‍ പതിക്കപ്പെട്ടു. കള്ള കേസുകള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. ചില മാധ്യമ സുഹൃത്തുക്കളെ തെറ്റിധരിപ്പിച്ച് പൊളിറ്റിക്കല്‍ ക്രിമിനലിസം നിറഞ്ഞ ഹീനമായ വാര്‍ത്തകള്‍ നല്കപ്പെട്ടു. അവയെല്ലാം തുറന്ന് കാട്ടാന്‍ ശ്രമിച്ചു. അതിന് കേരളത്തിലെ ജനങ്ങളാകെ പിന്തുണച്ചു. എല്ലാ വിഭാഗങ്ങളും നമുക്ക് വോട്ട് ചെയ്തു. എല്ലാ നല്ലവരായവരെയും കോര്‍ത്തിണക്കി ഹീന ശക്തികളെ ഒഴിവാക്കി വികസന തുടര്‍ച്ച നടപ്പാക്കി പിണറായി സര്‍ക്കാരിന്റെ മാതൃക ഉര്‍ത്തിപ്പിടിച്ച് നമുക്ക് മുന്നോട്ട് പോകാന്‍ കഴിയും. അതിനായി നാം ഒറ്റക്കെട്ടായി നീങ്ങുക.
ജനങ്ങളുടെതാണ് ഈ പാര്‍ട്ടി. ജനങ്ങളെ എന്നും ബഹുമാനിച്ച് പ്രവര്‍ത്തിക്കുന്ന നമ്മുടെ പാര്‍ട്ടിയുടെ അച്ചടക്കവും അന്തസ്സും കീഴ്മേല്‍ ബന്ധങ്ങളും നേതൃത്വത്തെ ആദരിക്കലും അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരാളിനും പാര്‍ട്ടിയുടെ ഹൃദയത്തില്‍ സ്ഥാനമുണ്ടാകില്ല. പാര്‍ട്ടിയുടെ ഹൃദയം ജനങ്ങള്‍ ആണെന്നും ഓര്‍ക്കണം. ജനങ്ങളും രക്തസാക്ഷികളും പ്രസ്ഥാനവും മാപ്പ് നല്‍കില്ല. തെറ്റി പറ്റിയവര്‍ തിരുത്തി യോജിച്ച് പോകുക. അതായിരിക്കണം നമ്മുടെ പാര്‍ട്ടിയുടെ വിജയത്തിന്റെ സന്ദേശം.
സംസ്ഥാനത്ത് നേടിയ അത്യുജ്വലമായ വിജയം പിണറായി സര്‍ക്കാരിനും ബഹു: മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് നും ചരിത്രത്തില്‍ തിളങ്ങുന്ന സ്ഥാനം നല്കിയിരിക്കുന്നു. ആലപ്പുഴയില്‍ 9 ല്‍ 8 സീറ്റ് നേടുമെന്ന് സ: എച്ച് സലാമിന്റെ കണ്‍വെന്‍ഷനില്‍ അധ്യക്ഷ പ്രസംഗം നടത്തവെ – സ: എസ്.ആര്.പിയുടെ സാന്നിദ്ധ്യത്തില്‍ പ്രഖ്യാപിച്ചത് ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. പ്രവര്‍ത്തിച്ച എല്ലാവര്ക്കും നയിച്ച എല്ലാവര്ക്കും വോട്ട് ചെയ്ത എല്ലാ ബഹു ജനങ്ങള്‍ക്കും വിജയിച്ച സലാമിനും വിപ്ലവാഭിവാദ്യങ്ങള്‍..