‘ആര് ബാലകൃഷ്ണ പിള്ള കേരള രാഷ്ട്രീയത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത കര്‍മ യോഗി’; അനുശോചനമറിയിച്ച് നേതാക്കള്‍
അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് ആര് ബാലകൃഷ്ണപിള്ളയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. പ്രവര്‍ത്തിച്ച എല്ലാ മേഖലയിലും കഴിവുതെളിയിച്ച നല്ലൊരു ഭരണാധികാരിയായിരുന്നു ആര് ബാലകൃഷ്ണപിള്ളയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. ആര് ബാലകൃഷ്ണപിള്ള ഗുരുതുല്യനായ നേതാവായിരുന്നു എന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചു. അദ്ദേഹത്തിന്റെ മരണത്തോടെ ഒരു തലമുറയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയുടെ തിരോധനമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ കെ ആന്റണി:
അദ്ദേഹത്തിന്റെ നിര്യാണത്തില്‍ എനിക്കുള്ള അഗാധമായ ദുഖം ഞാന്‍ രേഖപ്പെടുത്തുകയാണ്. കേരള രാഷ്ട്രീയത്തിലെ അതികായന്മാരായ നേതാക്കന്മാരില് ഒരാളാണ് അന്തരിച്ച ആര് ബാലകൃഷ്ണപിള്ള. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് . കോണ്‍ഗ്രസിന്റെ ബഹുജന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസിലെ ചെറുപ്രായത്തില്‍ തന്നെ ഏറ്റവും അംഗീകാരമുള്ള നേതാവായിട്ടാണ് അദ്ദേഹം വളര്‍ന്നത്. ശ്രീ പി ടി ചാക്കോയുടെ അനുയായിട്ടാണ് കോണ്‍ഗ്രസില്‍ അദ്ദേഹം പടവുകള്‍ ചവുട്ടിക്കയറിയത്.
അതിനുശേഷം കോണ്‍ഗ്രസിലുണ്ടായ ഭിന്നിപ്പിനെ തുടര്‍ന്ന് അദ്ദേഹം കേരള കോണ്‍ഗ്രസ് രൂപീകരിക്കുന്നതില്‍ കെ എം ജോര്‍ജുമായി സഹകരിച്ച് ഏറ്റവും പ്രമുഖമായ സ്ഥാനമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനാണ് അദ്ദേഹം.
പ്രവര്‍ത്തിച്ച എല്ലാ മേഖലയിലും അദ്ദേഹം തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും പ്രഗത്ഭന്മാരിലൊരാളായ പ്രാസംഗികരില്‍ ഒരാളായിരുന്നു അദ്ദേഹം. നല്ലൊരു ഭരണാധികാരിയായിരുന്നു. അദ്ദേഹം കൈകാര്യം ചെയ്ത എല്ലാ വകുപ്പിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്റെ കൂടെയും അദ്ദേഹം മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഞങ്ങള്‍ തമ്മില്‍ രാഷ്ട്രീയമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ചില ഘട്ടങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവസാന കാലം വരെ വ്യക്തിപരമായ ബന്ധം പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യക്തിപരമായ എന്റെ ദുഖം രേഖപ്പെടുത്തുന്നു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്:
ശ്രീ ആര് ബാലകൃഷ്ണ പിള്ള കേരള രാഷ്ട്രീയത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത കര്‍മ യോഗിയാണ്. ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയായി കേരള നിയമസഭയിലെത്തിയ അദ്ദേഹം പതിറ്റാണ്ടുകളുടെ പാരമ്പര്യത്തോടെയാണ് ആ നിയമസഭയുടെ പടിയിറങ്ങിയത്. അതിനിടയില്‍ ഒത്തിരി രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹം പാര്‍ലമെന്റില്‍ പോയിട്ടുണ്ട്. നിയമസഭയില്‍ തന്നെ എത്രയോ വട്ടം കൊട്ടാരക്കരയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ അദ്ദേഹം നിരവധി വകുപ്പുകള്‍ക്ക് നേതൃത്വം കൊടുത്ത മന്ത്രിയായിയിരുന്നിട്ടുണ്ട്.
എല്ലാവരോടും വളരെ സ്നേഹത്തോടുകൂടി പെരുമാറും. കാര്കശ്യപരമായ നിലപാടുകള്‍ അദ്ദേഹത്തിനുണ്ട്. ആ നിലപാടുകള്‍ അദ്ദേഹത്തിന് മുന്പില് കുറച്ച് ശത്രുക്കളുണ്ടാക്കിയിട്ടില്ല എന്നു ഞാന്‍ പറയുന്നില്ല. പക്ഷേ അതൊക്കെ സ്വന്തം മനസിന്റെ മനസാക്ഷി അനുസരിച്ച് മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
അതിദീര്‍ഘ കാലത്തെ അദ്ദേഹത്തിന്റെ പാര്‍ലമെന്ററി പാരമ്പര്യം നിരവധിയാളുകള്‍ക്ക് സത്യത്തില്‍ ഒരു ഗുരുവിനെ പോലെ അദ്ദേഹത്തെ കാണാനുള്ള കാര്യമുണ്ടായിട്ടുണ്ട്. ശ്രീ ആര് ബാലകൃഷ്ണപിള്ളയുടെ മരണത്തോടെ ഒരു തലമുറയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയുടെ തിരോധനമാണ് നമ്മള് കാണുന്നത്.
കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍മന്ത്രിയും ആയ ആര് ബാലകൃഷ്ണപിള്ള വാര്‍ധക്യ സഹജമായ അനാരോഗ്യത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. 86 വയസ്സായിരുന്നു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസ തടസ്സത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.
അനാരോഗ്യം കാരണം ഏറെ നാളായി വെന്റിലേറ്റിലും ചികിത്സയിലുമായിരുന്നു ബാലകൃഷ്ണപിള്ള. മോശം ആരോഗ്യ നില അലട്ടിയിരുന്നെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം ബാലകൃഷ്ണപിള്ള സജീവമായി ഇടപെട്ടിരുന്നു. മകനും പത്തനാപുരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെബി ഗണേഷ്കുമാറിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വരെ ഇടപെടലുണ്ടായിരുന്നു.
1935 മാര്‍ച്ച് എട്ടിന് കൊല്ലം കൊട്ടാരക്കരയില്‍ കീഴൂട്ട് രാമന് പിള്ള കാര്‍ത്ത്യായനി ദമ്പതികളുടെ മകനായാണ് ജനനം. വിദ്യാര്‍ത്ഥിയായിരിക്കെ രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായ ഇദ്ദേഹം ഒരേ സമയം മന്ത്രിസ്ഥാനവും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. 1964 ല്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി.