കേരള രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച മുണ്ടയില്‍ കോരന്റെ മകന് പിണറായി വിജയന്
കേരളം ചുവന്ന് തുടുക്കുമെന്ന് വോട്ടെടുപ്പിന് മുന്നേ തന്നെ തന്നെ ഉറപ്പിച്ച ഇടതുപക്ഷ അനുഭാവികള്‍ക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍ പോലും യാതൊരുവിധ ഉറപ്പില്ലായ്മയും ഉണ്ടായിരുന്നില്ല. വോട്ടെണ്ണലിന് മുന്‍പ് തന്നെ തിങ്കളാഴ്ച്ച സത്യപ്രതിജ്ഞാ ചടങ്ങൊരുക്കാന്‍ നിര്‍ദ്ദശം നല്കിയ, ഓരോ മുദ്രാവാക്യത്തിലും ഉറപ്പാണ് എന്ന് ഊന്നിപ്പറഞ്ഞ, അവസാന പത്രസമ്മേളനത്തില്‍ പോലും നാളെയും മറ്റന്നാളുമൊക്കെ കാണാമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതുടീമിന്റെ ക്യാപ്റ്റന്‍ തെരഞ്ഞെടുപ്പിനെ നോക്കിക്കണ്ടത്. ചരിത്രം തിരുത്തിക്കുറിച്ച് കേരളത്തില്‍ തുടര്‍ച്ചയായി ഇടതുമുന്നണി ഭരണത്തിലേറുമ്പോള്‍ ഞെട്ടലല്ല പകരം കാത്തിരുന്ന വിജയം ഔദ്യോഗികമായി ഉറപ്പിച്ചതിന്റെ സാസ്ഥ്യമാണ് കേരളത്തിനാകെയുള്ളത്. ഇടതിന്റെ പടയോട്ടത്തിനിടയില്‍ പിടിച്ചുനില്‍ക്കാനാകാതെ യുഡിഎഫ് കിതയ്ക്കുന്നതും ജയത്തിനുമുന്നേ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ബിജെപിയുടെ കോണ്‍ഫിഡന്‍സ് വീണുചിതറുന്നതും മുന്‍പേ പ്രതീക്ഷിക്കപ്പെട്ടതുപോലെ കേരള ജനത കണ്ടുനിന്നു. ഇഎംഎസിനോ കരുണാകരനോ വിഎസ് അച്യുതാനന്ദനോ നേടിയെടുക്കാന്‍ കഴിയാതിരുന്ന തുടര്‍ഭരണമെന്ന സ്വപ്ന നേട്ടമാണ് പിണറായി വിജയനെന്ന കരുത്തനായ ക്യാപ്റ്റന്റെ കൈയ്യില്‍ ഇപ്പോള്‍ ഭദ്രമാകുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെത്തന്നെയാണ് മുണ്ടയില്‍ കോരന്റെ മകന് പിണറായി വിജയന് തിരുത്തിയെഴുതുന്നത്.
വിവാദങ്ങളെ വികസനം കൊണ്ട് മുക്കിക്കളയുന്ന മായികമായ ക്യാപ്റ്റന്‍സിയാണ് മറ്റന്നാള്‍ പത്രസമ്മേളനത്തിന് മുഖ്യമന്ത്രി കസേരയില്‍ വീണ്ടും പിണറായിയെ കൊണ്ടിരുത്തുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത്, ആഴക്കടല്‍ മത്സ്യബന്ധനം, ബന്ധുനിയമനം, പിഎസ്സി നിയമന വിവാദങ്ങള്‍, പൊലീസ് നയത്തിനെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ എന്ന് തുടങ്ങി സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം ഭരണമികവില്‍ മുങ്ങിപ്പോകുന്ന കാഴ്ച്ചയാണ് അഞ്ച് വര്‍ഷക്കാലം കേരളം കണ്ടത്. ചര്‍ച്ചകളത്രയും വികസനം കേന്ദ്രീകരിച്ചുകൊണ്ടാക്കിത്തീര്ക്കാന് കോണ്ഫിഡന്സുള്ള സര്‍ക്കാരിനുമുന്നില്‍ ദീര്‍ഘായുസുള്ള ആരോപണങ്ങളുയര്ത്തുന്നതില് പ്രതിപക്ഷം പരാജയപ്പെട്ടുവെന്ന് വേണം മനസിലാക്കാന്‍. ഇതിനെല്ലാം ഉപരിയായി കേരളജനത വിറങ്ങലിച്ചുപോയ പ്രതിസന്ധികാലത്ത് അവരുടെ വൈകാരികവും സാമ്പത്തികവും സാംസ്കാരികവുമായ ആകുലതകളെ മതിയായ പ്രാധാന്യത്തോടെ അഭിമുഖീകരിച്ച് കാര്യങ്ങള്‍ കൈവിട്ടുപോകാതെ കൈകാര്യം ചെയ്തതിന്റെ മികവാണ് ചിരിക്കാന്‍ പിശുക്കുള്ള പിണറായിയെപ്പോലൊരു നേതാവിനെ വിവിധ തുറകളിലുള്ള ജനങ്ങളുടെ അരുമയാക്കിയത്.
ഇരട്ടചങ്കന്, ഉരുക്കുമനുഷ്യന്, ക്യാപ്റ്റന്‍, ഊരിപ്പിടിച്ച വടിവാളുകള്‍ക്കിടയിലൂടെ ഒറ്റയ്ക്ക് നടന്നവന്, ഒറ്റക്കൊമ്പന് എന്നിങ്ങനെ ഫാന്‍സ് വക വിശേഷണങ്ങള്‍ ഏറെയാണ് പിണറായി വിജയനെന്നതിനാല് മുണ്ടുടുത്ത മോദി വിളികള്‍ അതിനിടയില്‍ മുങ്ങിപ്പോയി. പാര്‍ട്ടിയും ഭരണവും ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നെന്ന വ്യാപകമായ ആക്ഷപങ്ങള്‍ പലയിടത്തുനിന്നും ഉയര്‍ന്നുവന്നപ്പോള്‍ പാര്‍ട്ടി അതിനെ തന്ത്രപൂര്‍വ്വം പ്രതിരോധിക്കുകയാണുണ്ടായത്. ഇഎംഎസിന്റെ കാലത്ത് ഇഎംഎസും നയനാരുടെ കാലത്ത് നയനാരും വിഎസിന്റെ കാലത്ത് വിഎസും ഇങ്ങനെത്തന്നെ ആയിരുന്നുവെന്നാണ് സിപിഐഎം നേതാക്കള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞത്. മുന്‍പ് ജനപ്രീതിയില്ലാതിരുന്ന വിഎസ് പിന്നീട് ജനപ്രിയനായത് പോലെയാണ് പിണറായി വളരെപ്പെട്ടെന്ന് ജനങ്ങളുടെ സ്വന്തം സഖാവായതെന്ന്. ക്യാപ്റ്റന്‍ വിളി കുഴപ്പത്തിലായെന്ന മുറുമുറുപ്പുകള്‍ വന്നിരുന്നെങ്കിലും അതിശയിപ്പിക്കുന്ന വേഗതയിലാണ് സഖാവ് പിണറായി അതിനെയെല്ലാം മറികടന്ന് പോയത്.
മറ്റ് ഇടതുനേതാക്കളില്‍ നിന്ന് വളരെ വ്യത്യസ്തമായി വികസനത്തെക്കുറിച്ച് പിണറായി വിജയന് മറ്റൊരു അപ്രോച്ചായിരുന്നു ഉണ്ടായിരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകള്‍ വിലയിരുത്തിയിരുന്നു. ഒരു പ്രോ ഇന്‍ഡസ്ട്രി വികസന കാഴ്ച്ചപ്പാട് വെച്ചുപുലര്‍ത്തിയിരുന്ന പിണറായി വിജയന് ഗാലറിയില്‍ ഇരുന്ന് കൈയ്യടിക്കുക മാത്രമല്ല വികസനത്തിന്റെ കാര്യത്തില്‍ കളത്തിലിറങ്ങി കളിച്ചതുകൊണ്ടാണ് യുവജനങ്ങളുടെ ശക്തമായ പിന്തുണകൂടി കേരളത്തിന്റെ ക്യാപ്റ്റന്‍ നേടിയെടുക്കാനായത്. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതിന്റെ കാര്യത്തിലും ധാര്‍ഷ്ട്യത്തിന്റെ കാര്യത്തിലും പ്രശസ്തനായിരുന്ന, ചില സമയത്തെങ്കിലും കുപ്രസിദ്ധനായിരുന്ന പിണറായി ഭരണത്തിലേറിയപ്പോഴും ഇമേജ് ബില്‍ഡിംഗിനായി മനപ്പൂര്‍വ്വം ശ്രമം നടത്തുകയായിരുന്നില്ല, അത് താനേ വന്നുചേരുകയായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അത് തന്നെയാണ് പിണറായിയുടെ വിജയവും. ആത്മവിശ്വാസം തുടിക്കുന്ന ശരീര ഭാഷയും ആരെയും കൂസാത്ത സംസാരശൈലിയും പറയുന്ന കാര്യങ്ങളിലെ സൂക്ഷ്മതയും മൂര്‍ച്ചയും പിണറായിയെ ക്രൗഡ് പുള്ളറാക്കി.
വികസനം തന്നെയാണ് പ്രധാന അജണ്ടയെന്ന് പിണറായി സര്‍ക്കാര്‍ പല സമയത്തും തെളിയിച്ചിട്ടുണ്ട്. ഗൈല്‍ പദ്ധതിയുടെ കാര്യമായാലും റോഡുകളുടെ വികസനമായാലും പാലങ്ങളുടെ നിര്‍മ്മാണമായാലും സര്‍ക്കാര്‍ സ്കൂളുകളുടെ നവീകരണമായാലും ആശുപത്രി കെട്ടിടങ്ങളുടെ വികസനവും സൗന്ദര്യവത്ക്കരണമായാലും സര്‍ക്കാര്‍ തൊട്ടതെല്ലാം ഗംഭീരമാക്കിയിട്ടുണ്ട്. ധൈര്യം പ്രകടിപ്പിക്കേണ്ട സ്ഥലങ്ങളിലൊന്നും സര്‍ക്കാര്‍ അറച്ചുനിന്നിട്ടില്ല. ശബരിമല വിഷയത്തിലും സിഎഎ വിഷയത്തിലും കൊവിഡ് പ്രതിസന്ധിയ്ക്ക് മുന്നിലും സര്‍ക്കാര്‍ അറച്ചുനിന്നിട്ടില്ല. ബാറുകള്‍ തുറന്നത് മുതല്‍ക്ക് ഈ കരുത്ത് കാട്ടല് പിണറായി സര്‍ക്കാരിന്റെ ശീലമായിമാറിയിരുന്നു.
2018ലെ പ്രളയം കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ ഭരണകാലത്തെ ഒരിക്കലും മറക്കാനാകാത്ത ഏടാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ആ ദുരന്തത്തെ കൈകാര്യം ചെയ്ത രീതി കൂടിയാണ് പിണറായി സര്‍ക്കാരിന്റെ ശക്തമായ ജനപിന്തുണയുടെ അടിത്തറ. സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും വന്‍ ദുരന്തങ്ങള്‍ക്ക് സര്‍ക്കാര്‍ ജനതയെ വിട്ടുകൊടുക്കില്ലെന്നും കേരളത്തിന് ആത്മവിശ്വാസം പകര്‍ന്ന ഇടപെടലുകളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. നാളെ നമ്മളൊക്കെക്കൂടി ഒരുമിച്ച് ഇറങ്ങുകയല്ലേ എന്ന മുഖ്യന്റെ വാക്കുകള്‍ സര്‍വ്വം തകര്‍ന്ന ജനതയ്ക്കാകെ ശക്തിമന്ത്രമായി.
പിണറായി വിജയന്റെ ജനപ്രീതി വര്‍ധിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രതിദിന വാര്‍ത്താ സമ്മേളനങ്ങള്‍ വഹിച്ച പങ്ക് കുറച്ചുകാണാന്‍ സാധിക്കാത്തതാണ്. വറുതിയുടെ ദുരിതകാലത്ത് കരുത്തനായ ക്യാപ്റ്റന്‍ നമ്മെ മുന്നില്‍ നിന്ന് നയിക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ചെടുക്കാന്‍ മുഖ്യന്റെ പ്രതിദിന വാര്‍ത്താ സമ്മേളനങ്ങള്‍ കൊണ്ട് സാധിച്ചുവെന്ന് അദ്ദേഹത്തിന്റെ എതിരാളുകള് പോലും സമ്മതിക്കുന്ന കാര്യമാണ്. ഓഖിയും രണ്ട് പ്രളയവും നിപ്പ പോലൊരു ഭയങ്കര പകര്‍ച്ചവ്യാധിയും ലോകം ഭയന്നുവിറച്ചുപോയ കൊവിഡ് മഹാമാരിയും ഒരുമിച്ച് നേരിടാന്‍ നമ്മുക്കുമുന്നില്‍ ഒരു ക്യാപ്റ്റനുണ്ടെന്ന് പ്രചാരണമുണ്ടായി. അത് വളരെയെളുപ്പത്തില്‍ കേരളമനസില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അതിന്റെ വിളവുകൂടിയാണ് ഇടതുപക്ഷം ഇന്ന് കൊയ്തുകൂട്ടിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് വ്യത്യസ്തമായി മാധ്യമങ്ങളെ ഭയക്കാതെ ചോദ്യങ്ങളെ എണ്ണിയെണ്ണിയുള്ള മറുപടികള്‍ കൊണ്ട് നേരിടുന്നത് പിണറായിയ്ക്ക് ഒത്തിരി ആരാധകരെ സൃഷ്ടിച്ചു. വ്യക്തിയാരാധന വളരുന്നു എന്ന് പരക്കെ ആക്ഷേപം ഉയരുന്ന നിലയില്പ്പോലുമെത്തിയിരുന്നു കാര്യങ്ങള്‍. മാധ്യമങ്ങളുടെ താരാട്ട് കേട്ടല്ല വളര്‍ന്നതെന്ന് പറയുമ്പോഴും മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടിക്കേണ്ടതില്ല എന്ന് പറയുമ്പോഴും ആര്‍ക്കും ചുണ്ട് വിറച്ചില്ല. മാധ്യമങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ ഇന്ത്യയിലെ മറ്റ് മുഖ്യമന്ത്രിമാരെ അപേക്ഷിച്ച് മുഖ്യമന്ത്രി ബഹുദൂരം മുന്നിലാണ്. ഫാസിസ്റ്റ് ഭരണമായിരുന്നു പിണറായിയുടേതെന്നും ജോസഫ് സ്റ്റാലിനും ക്യാപ്റ്റന്‍ എന്ന വിളിപ്പേര് ഉണ്ടായിരുന്നെന്നും ആക്ഷേപങ്ങളുയര്ന്നെങ്കിലും അതിനൊന്നും ആയുസുണ്ടായില്ല. തങ്ങള്‍ വന്നാല്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ ശരിയായി തന്നെയാണ് ഭരിച്ചതെന്നും ഇത്തവണയും ഉറപ്പാണെന്ന് പറയാന്‍ ധൈര്യം വരുന്ന വിധത്തില്‍ മികവ് കാട്ടിയെന്നും തന്നെയാണ് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചത്.