ക്യാപ്റ്റനും ടീമിനും 99; ചരിത്രം തിരുത്തി ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച; 41ല്‍ ഒതുങ്ങി യുഡിഎഫ്; ബിജെപി ശൂന്യം
സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തി കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലേക്ക്. 40 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ഒരു മുന്നണിയ്ക്ക് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. അവസാനഘട്ട വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫ് 99 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. പത്തുജില്ലകളില്‍ വ്യക്തമായ ഭൂരിപക്ഷമാണ് ഇടതുപക്ഷ മുന്നണി നേടിയത്. യുഡിഎഫിന് 41 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. ബിജെപിക്ക് സംസ്ഥാനത്തുണ്ടായിരുന്ന ഏക സിറ്റിംഗ് മണ്ഡലമായ നേമം നഷ്ടപ്പെടുകയും ചെയ്തു.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 3062 വോട്ടുകള്‍ക്ക് തവനൂരില്‍ മന്ത്രി കെ.ടി. ജലീല്‍ യുഡിഎഫിന്റെ ഫിറോസ് കുന്നംപറമ്പിലിനെ പരാജയപ്പെടുത്തി. പാലക്കാട് ബിജെപിയുടെ ഇ. ശ്രീധരനെ ഷാഫി പറമ്പില്‍ പരാജയപ്പെടുത്തി. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിലിന്റെ വിജയം. അഴീക്കോട് മണ്ഡലത്തില്‍ ലീഗിന്റെ കെ.എം ഷാജിയെ കെ.വി സുമേഷ് പരാജയപ്പെടുത്തി. നേമത്ത് കുമ്മനം രാജശേഖരനെ നേടി മിന്നുംവിജയത്തിലൂടെ എല്‍ഡി.എഫിന്റെ വി. ശിവന്‍കുട്ടി തോല്‍പ്പിച്ചു. ആവേശപ്പോരാട്ടം നടന്ന തൃത്താലയില്‍ വി.ടി ബല്‍റാമിനെ എം.ബി. രാജേഷ് പരാജയപ്പെടുത്തി. തൃപ്പൂണിത്തുറയില്‍ എം സ്വരാജിനെ പരാജയപ്പെടുത്തി മുന്‍ മന്ത്രി കെ. ബാബു വിജയിച്ചു.
കോഴിക്കോട് സൗത്തില്‍ ഇടതുമുന്നണിയുടെ അഹമ്മദ് ദേവര്‍കോവിലും തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥി ലിന്റോ ജോസഫും ജയിച്ചു. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്തി കടകംപള്ളി സുരേന്ദ്രന് വിജയിച്ചു. കടന്നപ്പള്ളി രാമചന്ദ്രന് കണ്ണൂരും പി.വി. അന്‍വര്‍ നിലമ്പൂരും നിലനിര്‍ത്തി. ധര്‍മടത്ത് പിണറായി വിജയന്, മട്ടന്നൂരില്‍ കെ.കെ ശൈലജ ടീച്ചര്‍, കല്യാശേരിയില്‍ എം. വിജിന്, തളിപ്പറമ്പില്‍ എം.വി ഗോവിന്ദന് മാസ്റ്റര്‍, പയ്യന്നൂരില്‍ ടി.വി മധുസൂദനന്, തലേശരിയില്‍ എ.എന്‍ ഷംസീര്‍, കൂത്തുപറമ്പില്‍ കെ.പി മോഹനന് എന്നിവരും വിജയിച്ചു. കല്‍പ്പറ്റയില്‍ ടി. സിദ്ദീഖ്, വടകരയില്‍ കെ.കെ രമ, കൊച്ചിയില്‍ കെ.ജെ മാക്സി, ഇരിങ്ങാലക്കുടയില്‍ ഡോ. ബിന്ദു, തൃത്താല, ചിറ്റൂരില്‍ കെ. കൃഷ്ണന്‍കുട്ടി എന്നിവരും ജയിച്ചു.
പിണറായി വിജയന് ഈ വിജയം ഏറെ മധുരിക്കും
കപ്പലോട്ടുന്നവര് ഒരുപാടുണ്ടായിരിക്കാം, പക്ഷേ കാറും കോളും നിറഞ്ഞ കടലില്‍ കപ്പലോടിച്ച് കരയെത്തിക്കുന്നതാണ് മിടുക്ക്. അങ്ങനെ നോക്കുമ്പോള്‍ പിണറായി വിജയന് ഈ വിജയം ഏറെ മധുരിക്കുന്നത് തന്നെ. 2016ല്‍ ഭരണത്തിലേറുമ്പോള്‍ ഉള്ള പ്രശ്നങ്ങളായിരുന്നില്ല, പിണറായി വിജയന് പിന്നീട് നേരിടേണ്ടിവന്നത്. അന്ന് എല്ലാം ശാന്തം. മുമ്പെന്നപോലെ പാളയത്തില്‍ പടയില്ല, അങ്ങനെ ഭരണത്തോടൊപ്പം പാര്‍ട്ടിയും ശക്തിപ്പെട്ടു.
അതിനിടയിലാണ് ഒന്നിനു പിറകേ ഒന്നായി പ്രകൃതിദുരന്തങ്ങളെത്തിയത്. അത് തരണം ചെയ്തപ്പോഴേക്കും അഴിമതി ആരോപണങ്ങളായി. ആരോപണങ്ങള്‍ പലതും സത്യമെന്ന് വന്നതും പല തീരുമാനങ്ങളില്‍ നിന്നും പിന്മാറേണ്ടിവന്നതും ആഘാതമായി. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭീഷണി വല്ലാതെ തളര്‍ത്തിയ സാഹചര്യം. ഒപ്പം നിന്ന പലരും അഴിമതി ആരോപണത്തിന്റെ തീയില്‍ വീഴുന്നത് കണ്ടുനില്‍ക്കേണ്ട അവസ്ഥ. ഇങ്ങനെ ഒരു നേതാവ് അഭിമുഖീകരിക്കുന്നതിന്റെ പരമാവധിയാണ് ഭരണത്തിന്റെ അവസാനനാളുകളില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി നേരിട്ടത്.
അജ്ഞാതമായ പലനീക്കങ്ങളെയും ബോംബുപോലെ ഭയക്കേണ്ട നിലപോലുമുണ്ടായി. പ്രശ്നങ്ങള്‍ക്കിടയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആശ്വാസമായെങ്കിലും പടക്കം പൊട്ടുംപോലെ പ്രശ്നങ്ങള്‍ ദിവസവും ഉയര്‍ന്നു കൊണ്ടിരുന്നു. അതിനിടയിലാണ് കോവിഡിന്റെ തനിനിറവും ഭീകരതയും വെളിപ്പെട്ടത്. ഇതെല്ലാം താങ്ങിനിന്നിട്ടും ആത്മവിശ്വാസം കൈവിടതെ ഇടതുമുന്നണിയെ വിജയ തീരത്തടുപ്പിക്കാന്‍ പിണറായി വിജയന് കഴിഞ്ഞു. പലനേട്ടങ്ങളാണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ പിണറായിക്കുള്ളത്. എതിരാളികളെല്ലാം നിലംപരിശായ നില. പാര്‍ട്ടിയിലും ഭരണത്തിലും ഏകഛത്രാധിപതി. അഭൂതപൂര്‍വമായ ഒരു ജനവിധിയുടെ പിന്‍ബലം. ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചെന്ന ക്രഡിറ്റ് കൂടി പിണറായിയ്ക്ക് സ്വന്തം. ഇഷ്ടക്കാരെല്ലാം ജയിച്ചെത്തിയെന്ന ആശ്വാസം, ആകെ കയ്ക്കാനുള്ളത് വടകരയും പാലയും മാത്രം.