‘അഗസ്തി തല മൊട്ടയടിക്കരുതെന്ന് അഭ്യര്‍ത്ഥന’; വിജയത്തിന് ജനങ്ങള്‍ക്ക് നന്ദിയെന്ന് എംഎം മണി
വിജയം സമ്മാനിച്ച ഉടുമ്പന്‍ചോല മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി എംഎം മണി. വലിയ വിജയം തന്ന ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് എംഎം മണി പറഞ്ഞു.
എംഎം മണിയുടെ വാക്കുകള്‍: ”വലിയ വിജയം തന്ന ജനങ്ങള്‍ക്ക് നന്ദി. എതിര് സ്ഥാനാര്‍ത്ഥി അഗസ്തി എന്റെ സുഹൃത്താണ്. അദ്ദേഹം മൊട്ടയടിക്കല്ലന്നാണ് എന്റെ അഭ്യര്‍ത്ഥന. തെരഞ്ഞെടുപ്പില്‍ ഇതെല്ലാം സാധാരണമാണ്.”
നേരത്തെ മണിയുടെ വിജയം പ്രഖ്യാപിച്ച് എതിര്‍സ്ഥാനാര്‍ത്ഥിയായ യുഡിഎഫിന്റെ ഇഎം അഗസ്തി രംഗത്തെത്തിയിരുന്നു. ജനവിധി മാനിക്കുന്നെന്നും പറഞ്ഞ വാക്ക് പാലിച്ച് നാളെ തല മൊട്ടയടിക്കുമെന്നും ഇഎം അഗസ്തി പറഞ്ഞിരുന്നു. ഇഎം അഗസ്തിയുടെ വാക്കുകള്‍: ”എം.എം മണിക്ക് അഭിവാദ്യങ്ങള്‍. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠന് നായര്‍ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ പിന്നീട് അറിയിക്കും.”
നിലവില്‍ വിവരങ്ങള്‍ അനുസരിച്ച് 23301 ആണ് എംഎം മണിയുടെ ലീഡ്.
കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ക്ക് അരങ്ങായ മണ്ഡലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല. നിലവില്‍ കേരളത്തിന്റെ വൈദ്യുതി മന്ത്രി എം എം മണിയുടെ സിറ്റിംഗ് സീറ്റായ ഉടുമ്പന്‍ചോലയില്‍ 2016ല്‍ 1109 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹം വിജയിച്ചത്.
1965 മുതല്‍ നിലവിലുള്ള ഉടുമ്പന്‍ചോല 1967ലാണ് ആദ്യ തെരഞ്ഞെടുപ്പിന് വേദിയാകുന്നത്. അന്ന് സിപിഐ ബാനറില്‍ മത്സരിച്ച കെ ടി ജേക്കബായിരുന്നു മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1970, 1977 , 1980 തെരഞ്ഞടുപ്പുകളില്‍ കേരള കോണ്‍ഗ്രസിനെയും 1982ലെ തെരഞ്ഞെടുപ്പില്‍ എം ജിനദേവനിലൂടെ സിപിഐഎമ്മിനെയും മണ്ഡലം പിന്തുണച്ചു. 1987ലെ തെരഞ്ഞെടുപ്പില്‍ ആ തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസ് എം നേതാവ് മാത്യു സ്റ്റീഫനായിരുന്നു വിജയിച്ചത്. പിന്നീട് 1991ല്‍ കോണ്‍ഗ്രസ് ബാനറില്‍ മത്സരിച്ച ഇ എം അഗസ്റ്റിയുടെ വിജയത്തോടെ കോണ്‍ഗ്രസിനൊപ്പം നിന്നു മണ്ഡലം. 1996ലും അദ്ദേഹം വിജയം ആവര്‍ത്തിച്ചപ്പോള്‍ ആ തവണ അദ്ദേഹത്തിന് എതിരാളിയായിരുന്നത് ഇന്നത്തെ ഉടുമ്പഞ്ചോല എംഎല്‍എ എം എം മണിയായിരുന്നു. ഈ പരാജയത്തോടെ തെരഞ്ഞെടുപ്പ് മത്സരങ്ങളില്‍ നിന്ന് മാറി നിന്ന അദ്ദേഹം പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം പിന്നീട് 2016ലാണ് മണ്ഡലത്തിലേക്ക് തിരിച്ചെത്തുന്നത്.
2016 തെരഞ്ഞെടുപ്പില്‍ ഉടുമ്പഞ്ചോലയില്‍ സ്ഥാനാര്‍ഥിയായെത്തിയ എം എം മണിയും മണ്ഡലം കൈവിട്ടുപോകാതെ സിപിഐഎമ്മിനൊപ്പം നിര്‍ത്തി. എന്നാല്‍ എതിര്‍സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിന്റെ സേനാപതി വേണുവിനെ 1109 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ പിന്തള്ളിക്കൊണ്ടായായിരുന്നു ആ ജയം. 1996ലെ തോല്‍വിക്കുശേഷം ഇടുക്കി ജില്ലാ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചുപോന്ന അദ്ദേഹം പല പരസ്യ പ്രസ്താവനകളിലൂടെയും വിമര്‍ശിക്കപ്പെട്ടു നിന്നിരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു ഈ വിജയവും പിന്നീട് വൈദ്യുത മന്ത്രി പദത്തിലേക്കുള്ള യാത്രയും.