3.79 ലക്ഷം പുതിയ രോഗികൾ, സജീവ കേസുകൾ 30 ലക്ഷത്തിൽ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ പ്രതിദിന വർധനയിൽ പുതിയ റെക്കോഡ്. 3.79 ലക്ഷത്തിലേറെ പേർക്കാണ് അവസാന 24 മണിക്കൂറിൽ വൈറസ് സ്ഥിരീകരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തിയ വൈറസ് മരണം 3,645. സജീവ കേസുകൾ 30 ലക്ഷം പിന്നിട്ടിട്ടുമുണ്ട്. ഓരോ ദിവസവും പ്രതിദിന രോഗബാധയും മരണസംഖ്യയും ഉയരുമ്പോൾ ആരോഗ്യ മേഖല അതീവ സമ്മർദത്തിലേക്കാണു നീങ്ങുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അവസാന ദിവസം 3,79,257 കേസുകൾ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇതുവരെയുള്ള മരണസംഖ്യ 2,04,832ൽ എത്തി. രാജ്യത്ത് ഇതുവരെ 1.83 കോടി പേർക്ക് രോഗം ബാധിച്ചു. 1.51 കോടിയോളം പേർ രോഗമുക്തരായിട്ടുണ്ട്. 30,84,814 ആക്റ്റിവ് കേസുകളാണു രാജ്യത്തുള്ളത്. അതിഗുരുതരമായ സാഹചര്യമാണു മഹാരാഷ്ട്രയിൽ. അവസാന ദിവസം അവിടെ കണ്ടെത്തിയത് 63,309 പുതിയ കേസുകൾ. 985 പേരുടെ മരണം മഹാരാഷ്ട്രയിൽ മാത്രം സ്ഥിരീകരിച്ചു. 6.73 ലക്ഷത്തിലേറെ സജീവ കേസുകൾ ഇപ്പോൾ സംസ്ഥാനത്തുണ്ട്.
മുപ്പത്തയ്യായിരത്തിലേറെ പേർക്കാണ് കേരളത്തിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. 41 പേർ കൂടി സംസ്ഥാനത്തു മരിച്ചു. 2.66 ലക്ഷം പേർ കേരളത്തിൽ കൊവിഡ് ചികിത്സയിലുണ്ട്. 29,824 പേർക്കു കൂടി ഉത്തർപ്രദേശിൽ വൈറസ് ബാധ കണ്ടെത്തി. അവിടെ പുതുതായി രേഖപ്പെടുത്തിയത് 266 പേരുടെ കൊവിഡ് മരണം. മൂന്നു ലക്ഷത്തിലേറെയാണ് യുപിയിലെ ആക്റ്റിവ് കേസുകൾ. അലഹാബാദ് ഹൈക്കോടതി ലക്നൗ ബെഞ്ചിലെ ജസ്റ്റിസ് വീരേന്ദ്ര കുമാർ ശ്രീവാസ്തവ (59) കൊവിഡ് ബാധിച്ചു മരിച്ചു. സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇരുപത്താറായിരത്തോളം കേസുകളാണ് ഡൽഹിയിൽ സ്ഥിരീകരിച്ചത്. 368 പേരുടെ മരണം കൂടി വൈറസ് ബാധ മൂലമാണെന്നു സ്ഥിരീകരിച്ചു. 3.76 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുണ്ട് രാജ്യതലസ്ഥാനത്ത്.
മഹാമാരിയുടെ ദുരിതം നേരിടാനുള്ള ലോക രാജ്യങ്ങളുടെ സഹായം ഇന്ത്യയിലേക്കു പ്രവഹിക്കാൻ തുടങ്ങിയിട്ടുണ്ട്. ജീവൻ രക്ഷാമരുന്നുകൾ, മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ, വിവിധ ചികിത്സാ ഉപകരണങ്ങൾ, നിർമാണ സാമിഗ്രികൾ എന്നിവ ലോക രാജ്യങ്ങൾ എത്തിക്കുന്നു. 400 ഓക്സിജൻ കോൺസൻട്രേറ്ററുകൾ കൂടി ബ്രിട്ടൻ അയയ്ക്കുന്നുണ്ട്. യുകെയിൽ നിന്നുള്ള ആദ്യഘട്ടം സഹായം ചൊവ്വാഴ്ച ഇന്ത്യയിലെത്തിയിരുന്നു. 100 ദശലക്ഷം ഡോളറിന്റെ ദുരിതാശ്വാസ സഹായമാണ് യുഎസ് ആദ്യ ഘട്ടത്തിൽ എത്തിക്കുന്നത്. ആദ്യ വിമാനം ഇന്ന് ഇന്ത്യയിലെത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 440 ഓക്സിജൻ സിലിണ്ടറുകളും റഗുലേറ്ററുകളും ഇതിലുൾപ്പെടുന്നു.