കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് പുതിയ നേതൃത്വം; നേതാക്കളിൽ കടുത്ത അതൃപ്തി
കോട്ടയം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പടിവാതിലിൽ വന്നെത്തി നിൽക്കുമ്പോൾ കേരള കോൺഗ്രസിൽ പുതിയ ഭാരവാഹികൾ. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കേരള കോൺഗ്രസ് പി.സി തോമസ് വിഭാഗത്തിലേക്ക് ലയിച്ച പി.ജെ ജോസഫ് ഗ്രൂപ്പ്, പാര്‍ട്ടിയിലെ താക്കോല്‍ സ്ഥാനങ്ങള്‍ സ്വന്തമാക്കി. പാര്‍ട്ടിയുടെ ചെയര്‍മാനായി പി.ജെ ജോസഫിനെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് ചെയര്‍മാനായി മോന്‍സ് ജോസഫിനെയും തീരുമാനിച്ചു. സ്വന്തം പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാനായാണ് പി.സി തോമസിന്റെ പുതിയ പദവി. ഇതോടെ പിസി തോമസ് ഏറെക്കുറെ ഒതുക്കപ്പെട്ട അവസ്ഥയിലായെന്ന് മാത്രമല്ല പല നേതാക്കളിൽ നിന്നും അസ്വാരസ്യങ്ങൾ തലപൊക്കിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്.
മുതിർന്ന നേതാവ് റ്റി.യു കുരുവിളയെ പാർട്ടിയുടെ ചീഫ് കോർഡിനേറ്ററായി തെരഞ്ഞെടുത്തു. ജോയ് എബ്രഹാം സെക്രട്ടറി ജനറൽ. ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവരാണ് ഡെപ്യൂട്ടി ചെയർമാൻമാർ. സി എബ്രഹാമാണ് ട്രഷറർ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൊടുപുഴയിലെ വസതിയിലിരുന്നായിരുന്നു പി.ജെ ജോസഫിന്റെ യോഗ നടപടികള്‍.
യോഗത്തില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് വിട്ടുനിന്നു. മോന്‍സ് ജോസഫിനെ മാത്രം എക്സിക്യൂട്ടീവ് ചെയര്‍മാനായി തെരഞ്ഞെടുത്തതില്‍ ഫ്രാന്‍സിസ് ജോര്‍ജിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതൃപ്തിയുണ്ടെങ്കില്‍ സംസാരിച്ച് തീര്‍ക്കുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. ജോസഫ് എം പുതുശ്ശേരി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളും ഭാരവാഹികളുടെ പട്ടികയിലില്ല. ഇത് പാര്‍ട്ടിയില്‍ ഒരു പൊട്ടിത്തെറിക്ക് വഴിയൊരുക്കാനാണ് സാധ്യത.
ചിഹ്നവും പാര്‍ട്ടിയും ഇല്ലാതായതോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് ജോസഫ് വിഭാഗം പി.സി തോമസ് നയിക്കുന്ന ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസില്‍ ലയിച്ചത്. ഇതോടെയാണ് ജോസഫ് വിഭാഗത്തിലെ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും പൊതു ചിഹ്നം ലഭിച്ചത്. അന്നത്തെ ധാരണ പ്രകാരമാണ് ലയന ശേഷമുളള കേരള കോണ്‍ഗ്രസ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി ചൊവ്വാഴ്ച ഓണ്‍ലൈനിൽ യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. നേരത്തെ ലയിച്ചുവെങ്കിലും ഭാരവാഹികളെ തീരുമാനിച്ചിരുന്നില്ല.
കേരള കോണ്‍ഗ്രസിന്റെ ഭരണഘടനയും ഭേദഗതി ചെയ്യും. മോൻസിന്റെ എക്സിക്യൂട്ടീവ് ചെയര്മാന് എന്ന പദവിയാണ് ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുളള നേതാക്കളെ പ്രകോപിപ്പിച്ചത്. ആദ്യം പിസി തോമസ് വിഭാഗമാണ് യോഗം ചേര്‍ന്നത്. പിന്നീട് എല്ലാ നേതാക്കളും പങ്കെടുത്ത നേതൃയോഗവും ചേര്‍ന്നു. കോട്ടയത്ത് സ്റ്റാര്‍ ജംഗ്ഷനിലുളള ഓഫീസായിരിക്കും പാർട്ടിയുടെ കേന്ദ്ര ഓഫീസ്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍ഗ്രസ് ചിഹ്നമായ രണ്ടിലയും കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും ജോസ് കെ മാണിക്കാണെന്ന ഹൈക്കോടതി വിധി വന്നതോടെയാണ് ജോസഫ് വിഭാഗം പുതിയ തട്ടകം തേടിയത്. ഇതോടെയാണ് എന്‍ഡിഎ മുന്നണി വിടാനൊരുങ്ങിയിരുന്ന പി.സി തോമസ് വിഭാഗത്തിലേക്ക് ലയിച്ചത്. മോന്‍സ് ജോസഫിന്റെ ആസ്ഥാനമായ കടുത്തുരുത്തിയില്‍ വച്ചായിരുന്ന ലയനം. അന്ന് ഉണ്ടാക്കിയ ധാരണ പ്രകാരമാണ് പി.ജെ ജോസഫിന് ചെയര്മാന് പദം നല്‍കിയത്. എന്തായാലും ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസിന്റെ പുതിയ ഭാരവാഹികളെ ചൊല്ലി ഒരു കലഹം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.