ചങ്ങലക്കിട്ടില്ലെന്ന് യുപി സര്‍ക്കാര്‍; കാപ്പന്റെ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി
മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് വിദഗ്ദ ചികിത്സ ആവശ്യപ്പട്ടുള്ള കെയുഡബ്ലുജെയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. നിയമപ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള നടപടി ക്രമങ്ങള്‍ക്കനുസൃതമായാണ് കാപ്പന്റെ കസ്റ്റടിയെന്നും അപേക്ഷ നിലനില്‍ക്കില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
നിയമപ്രകാരം ജാമ്യത്തിന് അപേക്ഷിക്കാമെന്നും എന്നാല്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കില്ലെന്നുമായിരുന്നു എസ്ജിയുടെ വാദം.
അതേസമയം, കാപ്പനെ ആശുപത്രിയില്‍ ചങ്ങലക്കിട്ടിരിക്കുകയാണെന്ന കെയുഡബ്ലുജെയുടെയും കാപ്പന്റെ ഭാര്യയുടെയും വാദം തള്ളിയ യുപി സര്‍ക്കാര്‍ അത്തരം നടപടികളുണ്ടായിട്ടില്ലെന്ന് കോടതിയില്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, എ എസ് ബോപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ കോടതി നാളെ വീണ്ടും വാദം കേള്‍ക്കും. കൊവിഡ് സംബന്ധിച്ച അടിയന്തര ഹര്‍ജികള്‍ പരിഗണിക്കേണ്ടതിനാലാണ് അഭിഭാഷകന്റെ സമ്മതത്തോടെ കേസ് നാളത്തേക്ക് മാറ്റിവെച്ചത്.
കാപ്പന്റെ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന കാപ്പന്റെ അഭിഭാഷകന് വില്‍സ് മാത്യുവിന്റെ ആവശ്യം അംഗീകരിച്ച കോടതി ബുധനാഴ്ച കേസ് പരിഗണിക്കുമ്പോള്‍ മെഡിക്കല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പന്റെ ആരോഗ്യ നില ഗുരുതരമാണെന്നും യുപി ആശുപത്രിയില്‍ നിന്ന് ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്നുമായിരുന്നു കെയുഡബ്ലുജെയുടെ ഹര്‍ജി.
സിദ്ദിഖ് കാപ്പനെ പാര്‍പ്പിച്ചിരുന്ന മധുര ജയിലില്‍ അന്‍പതോളം പേര്‍ക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെയായിരുന്നു സിദ്ദിഖ് കാപ്പനും രോഗം സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കൊവിഡ് സ്ഥിരീകരിച്ച വിവരം കാപ്പന്റെ അഭിഭാഷകനാണ് കുടുംബത്തെ അറിയിച്ചത്. മുന്‍പ് കടുത്ത പ്രമേഹമടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന സിദ്ദിഖ് കാപ്പന്റെ കെയുഡബ്ലുജെ ദില്ലി ഘടകം ഉത്തര്‍പ്രദേശ് സര്‍ക്കാരിനും കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന്് മധുര ജയില്‍ ആശുപത്രിയില്‍നിന്ന് യുപിയിലെ ആശുപത്രിയിലേക്ക് കാപ്പനെ മാറ്റിയിരുന്നു.
യുപിയിലെ ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു 2020 ഒക്ടോബര്‍ അഞ്ചിന് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റുചെയ്തത്. രാജ്യദ്രോഹം, സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് സമാഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കാപ്പനെതിരെ ചുമത്തിയിരിക്കുന്നത്.