‘സമനില തെറ്റിയ മുരളീധരനെ ബിജെപി നിയന്ത്രിക്കണം’; അല്ലെങ്കില്‍ ജനം മറുപടി നല്‍കുക ബിജെപിക്ക് കൂടിയെന്ന് സിപിഐഎം
സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തിന് പിന്തുണ നല്‍കുന്നതിന് പകരം, ജനങ്ങളെ അവഹേളിക്കുന്ന പ്രവര്‍ത്തനവുമായി വി മുരളീധരന് മുമ്പോട്ടു പോകുകയാണെന്ന് സിപിഐഎം.
സ്വന്തം നാടിനോട് ഇത്രയും ശത്രുതയോടെ പെരുമാറാന്‍ ഒരു കേന്ദ്രമന്ത്രിക്ക് കഴിയുന്നു എന്നത് അതിശയകരമാണ്. അദ്ദേഹത്തിന്റെ സമനിലതെറ്റിയ പോക്കിനെ നിയന്ത്രിക്കാന്‍ ബിജെപി നേതൃത്വം തയ്യാറാകുമെന്നാണ് കരുതുന്നത്. ഇല്ലെങ്കില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുക മുരളീധരന് മാത്രമല്ല, ബിജെപിക്കു കൂടിയായിരിക്കും എന്നുമാത്രം പറയട്ടെയെന്ന് സിപിഐഎം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
സിപിഐഎം കുറിപ്പ്: ”കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിനാകെ മാതൃകയാണ് കേരളം. ജനസംഖ്യയുടെ 11 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് രോഗം വന്നത്. അഖിലേന്ത്യാ ശരാശരി 25 ശതമാനം. മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനവും കേരളംതന്നെ, 0.4 ശതമാനം. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ശക്തിയും സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുമാണ് ഈ നേട്ടത്തിന് അടിസ്ഥാനം.”
”കേരളത്തില്‍ ഓക്സിജനോ ഐസിയു കിടക്കകള്‍ക്കോ വെന്റിലേറ്ററിനോ ക്ഷാമം ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും സെക്കന്‍ഡ് ലൈന്‍ സെന്ററുകളും ജില്ലാ കോവിഡ് ആശുപത്രികളും തുറന്നിട്ടുണ്ട്. ഓരോ താലൂക്കിലും ഒരു കോവിഡ് കേന്ദ്രമെങ്കിലും തുറക്കാനും തീരുമാനിച്ചിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാനം നടത്തുന്നത്.”
”സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തിന് പിന്തുണ നല്‍കുന്നതിനുപകരം, കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന പ്രവര്‍ത്തനവുമായി കേന്ദ്രത്തിലെ വിദേശ സഹമന്ത്രി വി മുരളീധരന് മുമ്പോട്ടു പോകുകയാണ്. സ്വന്തം നാടിനോട് ഇത്രയും ശത്രുതയോടെ പെരുമാറാന്‍ ഒരു കേന്ദ്രമന്ത്രിക്ക് കഴിയുന്നു എന്നത് അതിശയകരമാണ്. അദ്ദേഹത്തിന്റെ സമനിലതെറ്റിയ പോക്കിനെ നിയന്ത്രിക്കാന്‍ ബിജെപി നേതൃത്വം തയ്യാറാകുമെന്നാണ് കരുതുന്നത്. ഇല്ലെങ്കില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുക മുരളീധരന് മാത്രമല്ല, ബിജെപിക്കു കൂടിയായിരിക്കും എന്നുമാത്രം ഇപ്പോള്‍ പറയട്ടെ.”
”കോവിഡ് വ്യാപനം തടയാനുള്ള തീവ്രയത്നത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ടിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഈ പോരാട്ടത്തില്‍ ചേരാന്‍ മുഴുവന്‍ സിപിഐ എം അംഗങ്ങളോടും അനുഭാവികളോടും അപേക്ഷിക്കുകയാണ്. പ്രയാസപ്പെടുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാനും പാര്‍ടി പ്രവര്‍ത്തകര്‍ മുന്നിലുണ്ടാകണമന്ന് അഭ്യര്‍ഥിക്കുന്നു.”