സൗദി കുട്ടികള്‍ ഇനി രാമയണവും മഹാഭാരതവും പഠിക്കും; സ്കൂള്‍ പാഠപുസ്തകങ്ങള്‍ അടിമുടി മാറുന്നു
സൗദി അറേബ്യയില്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റം വരുന്നു. മറ്റ് രാജ്യങ്ങളുടെ സംസ്കാരവും വിശ്വാസങ്ങളും കൂടി സൗദിയിലെ കുട്ടികള്‍ക്ക് പരിചിതമാക്കുന്നതിനാണ് സൗദി വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ പരിഗണന നല്‍കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇന്ത്യയിലെ മഹാഭാരതവും രാമായണവും സൗദി കുട്ടികള്‍ക്കുള്ള പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുകയാണ്. ആയുര്‍വേദം, യോഗം എന്നിവ സംബന്ധിച്ചുള്ള പാഠഭാഗങ്ങളും സൗദിയിലെ കുട്ടികള്‍ക്ക് പഠിക്കാനുണ്ടാവും. നിര്‍ബന്ധിത ഇംഗ്ലീഷ് പഠനമാണ് ഇതിനൊപ്പം വരുത്തുന്ന മറ്റൊരു മാറ്റം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പ്രഖ്യാപിച്ച സൗദി വിഷന്‍ 2030 ന്റെ ഭാഗമായാണ് ഇത്തരം മാറ്റങ്ങള്‍ വരുന്നത്.
സൗദി പൗരനായ ഒരു ട്വിറ്റര്‍ ഉപയോക്താവും ഇതു സംബന്ധിച്ച ഒരു സ്ക്രീന്‍ ഷോട്ട് പുറത്തു വിട്ടിട്ടുണ്ട്. നൗഫ് അല്‍ മാര്‍വി എന്നയാളാണ് തന്റെ മകന്റെ സിലബസിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചത്.
മകന്റെ സാമൂഹ്യ പഠന പാഠപുസ്തകത്തില്‍ ഹിന്ദുയിസം, ബുദ്ധിസം, രാമായണം,മഹാഭാരതം,കര്‍മ,ധര്‍മ്മ എന്നിവയെ പറ്റി പഠിക്കാനുണ്ടെന്നും മകനെ ഇത് പഠിപ്പിക്കാന്‍ സഹായിച്ചതില്‍ സന്തോഷമുണ്ടെന്നും നൗഫ് അല്‍ മാര്‍വി ട്വീറ്റ് ചെയ്തു.
സൗദി അറേബ്യയുടെ വിവാദ പാഠപുസ്തകങ്ങള്‍
സൗദി അറേബ്യയിലെ സ്കൂളുകളിലെ പാഠഭാഗങ്ങളിലെ വിവാദ പരാമര്‍ശങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ പല തവണ വിവാദത്തിലായതാണ്. സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍, ജൂതവിരുദ്ധത, വര്‍ഗീയ പരാമര്‍ശം എന്നിവ കുട്ടികള്‍ക്കുള്ള പാഠഭാഗങ്ങളില്‍ ഉണ്ടെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു.
എന്നാല്‍ ഇത്തരം പാഠഭാഗങ്ങള്‍ നീക്കം ചെയ്തു വരികയാണ് രാജ്യത്തെ വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍. ക്രിസ്ത്യന്‍ വിഭാഗക്കാര്‍, ജൂതര്‍, ഷിയ മുസ്ലിം എന്നിവര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ സ്കൂള്‍ പുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്യുകയോ മയപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളിലായി ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടന്നു വരികയാണ്. 2019 ല്‍ പുറത്തിറക്കിയ പാഠപുസ്തകത്തില്‍ ജൂതര്‍ ലോകത്തിന്റെ ആധിപത്യത്തിനായി ശ്രമിക്കുകയാണെന്ന് പറയുന്ന ഭാഗങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്.
ഇത്തരം പാഠഭാഗങ്ങള്‍ക്ക് പകരമായി സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി എന്നിവയെക്കുറിച്ചുള്ള പാഠങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വവര്‍ഗ രതിയിലേര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ ലഭിക്കും എന്ന് പറയുന്ന പാഠഭാഗവും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം ചില പാഠപുസ്തകങ്ങളില്‍ ഇപ്പോഴും പൂര്‍ണമായും മാറ്റം വന്നിട്ടില്ല. ജൂതരെ മോശമായി ചിത്രീകരിക്കുന്ന ചില പാഠഭാഗങ്ങള്‍ കുട്ടികള്‍ക്ക് ഇപ്പോഴുമുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.