നാളെയും മറ്റന്നാളും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍’; തിങ്കളാഴ്ചത്തെ സര്‍വ്വകക്ഷി യോഗത്തിന് ശേഷം മറ്റു തീരുമാനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാളെയും മറ്റന്നാളും ലോക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകും. അവശ്യ സേവനങ്ങള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ ഉണ്ടാകുക. അതിന് ശേഷമുള്ള നടപടികള്‍ തിങ്കളാഴ്ചത്തെ സര്‍വ്വകക്ഷി യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി പറഞ്ഞത് : ”സംസ്ഥാനത്ത് ഗൗരവതരമായ സ്ഥിതിയാണ് രൂപപ്പെടുന്നത്. കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. അടുത്ത രണ്ടുദിവസങ്ങളില്‍ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുക. അതുകഴിഞ്ഞ് ഏതൊക്കെ നിയന്ത്രണങ്ങള്‍ വേണമെന്ന് തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയ പാര്‍ടികളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.”
”നാളെയും മറ്റന്നാളും സംസ്ഥാനത്ത് അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ കൂടി വിശദീകരിക്കുകയാണ്. നാളെയും മറ്റന്നാളും എല്ലാവരും വീട്ടില്‍ത്തന്നെ ഇരിക്കാന്‍ തയ്യാറാകണം. ഈ ദിവസങ്ങള്‍ നമ്മുടെ കുടുംബത്തിനുവേണ്ടി നമുക്ക് മാറ്റിവെയ്ക്കാം. അനാവശ്യമായ യാത്രകളും പരിപാടികളുമൊന്നും ഈ ദിസങ്ങളില്‍ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. ഹാളുകള്‍ക്കുളളില്‍ പരമാവധി 75 പേര്‍ക്കും തുറസായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം. മരണാനന്തരചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. ചടങ്ങുകളില്‍ ആകെ പങ്കെടുക്കാവുന്നവരുടെ എണ്ണമാണ് ഇത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം. ദീര്‍ഘദൂര യാത്ര പൊതുവെ ഒഴിവാക്കേണ്ടതാണ്. വിവാഹം, മരണം മുതലായ ചടങ്ങുകള്‍, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍, ഇവര്‍ സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കൈയ്യില്‍ കരുതണം. ഇതിന് പ്രത്യേക മാതൃക ഇല്ല.”
”ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ പതിവുപോലെ ഉണ്ടായിരിക്കും. പൊലീസ് പരിശോധനാ സമയത്ത് യാത്രക്കാര്‍ക്ക് ടിക്കറ്റ് അഥവാ ബോര്‍ഡിങ് പാസും തിരിച്ചറിയല്‍ കാര്‍ഡും കാണിക്കാവുന്നതാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ പൊതുജനത്തിന് ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാവുന്നതാണ്. ഇതിനായി സത്യപ്രസ്താവന കയ്യില്‍ കരുതണം. ടെലികോം, ഐടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, പാല്, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. വീടുകളില്‍ മത്സ്യം എത്തിച്ച് വില്‍പ്പന നടത്തുന്നതിന് തടസമില്ല. എന്നാല്‍, വില്‍പ്പനക്കാര്‍ മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.”
”നാളത്തെ ഹയര്‍സെക്കന്ററി പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. അതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. പരീക്ഷാകേന്ദ്രങ്ങളില്‍ കുട്ടികളെ എത്തിക്കുന്ന രക്ഷകര്‍ത്താക്കള്‍ അവിടെ കൂട്ടംകൂടി നില്‍ക്കാതെ ഉടന്‍ മടങ്ങണം. പരീക്ഷ തീരുന്ന സമയത്ത് കുട്ടികളെ വിളിക്കാന്‍ തിരിച്ചെത്തിയാല്‍ മതി. പരീക്ഷാകേന്ദ്രത്തിന് മുന്നില്‍ കുട്ടികളും രക്ഷകര്‍ത്താക്കളും തിരക്കുണ്ടാക്കാതെ സാമൂഹിക അകലം പാലിക്കേണ്ടതാണ്. യാത്രാസൗകര്യങ്ങള്‍ക്ക് വേണ്ട ഇടപെടല്‍ നടത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി.”
പ്രതിസന്ധി ഘട്ടങ്ങളില്‍ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്റെ നന്മയ്ക്കും ഒത്തൊരുമിക്കുന്ന മലയാളികള്‍ ലോകത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരുടെയും ആഹ്വാനം അനുസരിച്ചല്ല സിഎംഡിആര്‍എഫിലേക്ക് സംഭാവനകള്‍ വരുന്നത്. ജനം സ്വയമേ മുന്നോട്ട് വന്ന് സംഭാവനകള്‍ നല്‍കുകയാണ്. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സംഭാവനകളെത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”പണമുള്ളവര്‍ മാത്രം വാക്സീന് സ്വീകരിക്കട്ടെയെന്ന നയം സംസ്ഥാനത്ത് സ്വീകരിക്കാനാവില്ല. ജനത്തിന് നല്കിയ വാക്ക് സംസ്ഥാനം പാലിക്കുക തന്നെ ചെയ്യും. മഹാമാരിയെ തടയാന്‍ നമുക്ക് മുന്നിലുള്ള ഏറ്റവും വലിയ മാര്‍ഗമാണ് വാക്സീന്. വാക്സീന് പരമാവധി പേരിലേക്ക് എത്രയും വേഗത്തിലെത്തണം. അതിനായി പ്രതിബദ്ധതയോടെ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഇതിന് സര്‍ക്കാരിന് ഏറ്റവും വലിയ പിന്തുണ ജനം തന്നെയാണ്. യുവാക്കളടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ആവേശകരമായി പ്രവര്‍ത്തിച്ചു. സിഎംഡിആര്‍എഫിലേക്ക് ഇന്നലെ മുതല്‍ സംഭാവനകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇന്ന് മാത്രം ഒരു കോടിയിലേറെ രൂപ എത്തി. സമൂഹത്തിനാകെ വാക്സീനേഷന് രോഗപ്രതിരോധത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന തിരിച്ചറിവോടെ സാമ്പത്തികമായി സഹായിക്കാന്‍ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും തയ്യാറാവുന്നു. പ്രതിസന്ധി ഘട്ടത്തില്‍ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്റെ നന്മയ്ക്കും ഒത്തൊരുമിക്കുന്ന ജനത ലോകത്തിന് മാതൃകയാണ്.
കൊവിഡ് വാക്സീന് വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് കൈമാറിയത് പ്രശ്നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിന് 150 രൂപയ്ക്ക് നല്കിയ വാക്സീന് സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കാണ് നല്കാന് തീരുമാനിച്ചത്. സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട നിശ്ചയിക്കാത്തത് വാക്സിന് മത്സരം ഉണ്ടാക്കും. ലക്ഷക്കണക്കിന് മനുഷ്യരെ നിത്യേന രോഗികളാക്കുന്ന അവസ്ഥയില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.