പാകിസ്താന് അതിര്‍ത്തിയില്‍ ഭീകരരെ കടത്തിവിടുന്ന നാല് ലോഞ്ച് പാഡുകള്‍
ജമ്മു: പാകിസ്താന് അതിര്‍ത്തിയില്‍ ഇന്ത്യയിലേക്ക് ഭീകരരെ കയറ്റി വിടുന്ന നാല് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ഇന്ത്യന്‍ സൈന്യത്തിന്റെ മിലിട്ടറി ഇന്റലിജന്‍സ് കണ്ടെത്തി. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ കീഴിലുള്ളതാണ് ഈ കേന്ദ്രങ്ങളെന്നാണ് കണ്ടെത്തല്‍.
സാംബ സെക്ടറിലെ അതിര്‍ത്തി ഔട്ട്പോസ്റ്റുകളില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ പരിധിക്കുള്ളിലായിട്ടാണ് ഇവയുള്ളത്. അടുത്തിടെ സാംബ സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. മസ്റൂര്‍ ബാഡാ ഭായ്, സുഖ്മല്‍, ചപ്രാല്‍, ലൂണി എന്നിവിടങ്ങളിലായാണ് ഭീകരരെ കയറ്റി വിടുന്നതിനുള്ള നാല് ലോഞ്ച് പാഡുകള്‍ കണ്ടെത്തിയത്.
കത്തുവയിലെ ഹീരാനഗര്‍ സെക്ടറിലുള്ള പഹര്‍പൂര്‍ ബിഎസ്എഫ് ഔട്ട്പോസ്റ്റിനോട് ചേര്‍ന്ന് എതിര്‍വശത്തായാണ് ഇവയിലൊരെണ്ണം സ്ഥിതിചെയ്യുന്നതെന്നും മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൈനിക വസ്ത്രം ധരിച്ച സായുധരായ ഭീകരരെ പാകിസ്താന്റെ അതിര്‍ത്തി ഔട്ട്പോസ്റ്റായ നൂറുല്‍ ഇസ്ലാമില്‍ വന്‍തോതില്‍ നിയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മസ്റൂര്‍ ബാഡാ ഭായിലുള്ള ലോഞ്ച്പാഡില്‍ നിന്നാണ് ഇവരെ എത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ലഷ്കറെ തൊയിബയാണ് ഈ ലോഞ്ച്പാഡുകള്‍ നിര്‍മ്മിച്ചത്.
എന്നാല്‍ അടുത്തിടെയായി ലഷ്കറെ തൊയിബ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ നിയോഗിക്കാത്തതിനാല്‍ ഈ കേന്ദ്രങ്ങള്‍ നിര്‍ജീവമായി കിടക്കുകയായിരുന്നു. ഇവ ജയ്ഷെ മുഹമ്മദ് ഏറ്റെടുക്കുകയായിരുന്നു. ഉറി, പത്താന്‍കോട്ട്, ദിനനഗര്‍ എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് സമാനമായ ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സെപ്റ്റംബര്‍ 29ന് നിയന്ത്രണരേഖ കടന്നുചെന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം ഭീകരസംഘടനകളിലെ കമാന്‍ഡര്‍മാര്‍ പാക് അധീന കശ്മീരില്‍നിന്ന് അവരുടെ തട്ടകം മാറ്റിയതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ജമ്മു പ്രവിശ്യയോട് ചേര്‍ന്ന് രാജ്യാന്തര അതിര്‍ത്തിയിലെ സമീപപ്രദേശങ്ങളാണ് ഇന്ത്യയെ ഉന്നമിടാന്‍ ഇവര്‍ നിലവില്‍ താവളമാക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയുടെ ക്യാമറക്കണ്ണുകളില്‍നിന്ന് രക്ഷപ്പെടുകയാണ് ഈ നീക്കത്തിന്റെ ഉദ്ദേശം.