വൈഗയെ തിരയവെ സനു മോഹന്‍ കോയമ്പത്തൂരില്‍ പ്രീസ്റ്റ് കാണുകയായിരുന്നെന്ന് റിപ്പോര്‍ട്ട്; ബാറുകളില്‍ പോയി മദ്യപാനവും
കൊച്ചി: കൊല്ലപ്പെട്ട വൈഗയുടെ മൃതദേഹത്തിനായി പൊലീസ് മുട്ടാര്‍ പുഴയില്‍ തിരച്ചില്‍ നടത്തവെ സനൂ മോഹന്‍ കോയമ്പത്തൂരിലെ സിനിമാ ശാലയിലായിരുന്നെന്ന് കണ്ടെത്തല്‍. ആ രണ്ട് ദിവസവും സനു കോയമ്പത്തൂരില്‍ മമ്മൂട്ടി ചിത്രമായ പ്രീസ്റ്റും കണ്ട് ചൂതാട്ടവും നടത്തി ഇരിക്കുകയായിരുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. കോയമ്പത്തൂരിലെ തെളിവെടുപ്പിന് ശേഷം അന്വേഷണ സംഘം സനു മോഹനുമായി സേലത്തേക്ക് പോയി.
കഴിഞ്ഞ മാസം 22നാണ് വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്നും കണ്ടെത്തിയത്. അന്നും പിറ്റേന്നും തിയറ്ററിലെത്തി സിനിമ കണ്ടതായി സനു പൊലീസിന് മൊഴി നല്‍കിയിരുന്നു. സ്വര്‍ണവും കാറും വിറ്റ പണം ചൂതാട്ടത്തിന് ഉപയോഗിച്ചു. ബാറുകളില്‍ പോയി മദ്യപിച്ചു. മകള്‍ മരിച്ചതില്‍ സനുവിന് യാതൊ ദുഃ ഖവും ഉണ്ടായിരുന്നില്ലെന്നും പലപ്പോഴും മാനസിക വിഭ്രാന്തിയുള്ളയാളെ പോലെ ഇയാള്‍ പെരുമാറിയെന്നും പൊലീസ് പറഞ്ഞു. വാളയാര്‍ ചെക്ക് പോസ്റ്റ് മുതലുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.
തെളിവെടുപ്പിനായി കോയമ്പത്തൂരില്‍ പോയ അന്വേഷണ സംഘം സനു വിറ്റ ആഭരണങ്ങള്‍ കണ്ടെത്തി. 50,000 രൂപയ്ക്കാണ് പ്രതി തന്റെയും വൈഗയും ആഭരണങ്ങള്‍ വിറ്റത്.
50,000 രൂപയ്ക്കാണ് കാറും വിറ്റത്. കാര്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി വെള്ളിയാഴ്ച്ച കൊച്ചിയിലെത്തിക്കും കോയമ്പത്തൂരില്‍ താമസിച്ച ലോഡ്ജുകളിലും ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കോയമ്പത്തൂരിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്വേഷണ സംഘം സനുവിനെയും കൊണ്ട് സേലത്തേക്ക് പോയി.
ഇതിനിടെ സനുമോഹന്റെ ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ മകള്‍ വൈഗയുടേത് തന്നെയെന്ന് പൊലീസിന്റെ സ്ഥിരീകരണം. കേസിലെ നിര്‍ണ്ണായക തെളിവായ ഡിഎന്‍എ ഫലം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ശ്വാസം മുട്ടിച്ചപ്പോള്‍ കുട്ടിയുടെ മൂക്കില്‍ നിന്ന് വന്ന രക്തമാകാം ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. സനു മോഹന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മറ്റിടങ്ങളിലും പരിശോധന തുടരുകയാണ്. അടുത്ത ദിവസങ്ങളില്‍ പൊലീസ് സനു മോഹന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പറയുന്ന ബെഗളൂരുവിലേയും ഗോവയിലേയും ഇടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. അതേസമയം വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമുണ്ടായത് എങ്ങനെ എന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് ഇപ്പോഴും വ്യക്തതയായിട്ടില്ല.
വൈഗ കൊലപാതകവും, സനുവിന്റെ തിരോധാനവും വ്യക്തമായ ആസൂത്രണത്തോടെ നടത്തിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ടൂര്‍ യാത്ര നടത്തുന്നത് പോലെയായിരുന്നു സനു കേരളം വിട്ട ശേഷം നടത്തിയ യാത്രകളെന്ന് അന്വേഷണ സംഘം പറയുന്നു. സനുവിന്റെ ഭൂതകാലം പരിശോധിച്ചു വരുമ്പോഴും ദുരൂഹതകളിലേക്കാണ് അന്വേഷണം നീളുന്നത്.
കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ താമസം ആരംഭിച്ചപ്പോള്‍ തന്നെ ഫെയ്സ്ബുക്ക് വിട്ട സനു സുഹൃത്തുക്കളോട് പോലും മൊബൈല്‍ ഫോണിലും വാട്സാപ്പിലും ചാറ്റ് ചെയ്യുന്നത് വളരെ കുറവാണ്. ഫഌറ്റിലെ അയല്‍വാസികളോടും വളരെ സൂക്ഷിച്ചുമാത്രമായിരുന്നു ഇടപെടലുകള്‍.
കൊലപാതകം നടന്ന മാര്‍ച്ച് 21നു ശേഷമുള്ള ദിവസങ്ങളിലെ സനു മോഹന്റെ ഫോണ്‍ കോളുകളില്‍ പോലും സംശയാസ്പദമായ വിളികളില്ല. പദ്ധതി ആസൂത്രണം ചെയ്യുന്നതിനു മുന്‍പ് തന്നെ ഫോണ്‍ തകരാറിലാണെന്നു പറഞ്ഞ് ഉപേക്ഷിച്ചു. പിന്നീട് ഭാര്യയുടെ ഫോണ്‍ ഉപയോഗിച്ചെങ്കിലും ഇതിലും കാര്യമായ തെളിവുകള്‍ ഒന്നുംതന്നെയില്ല. ഫ്ളാറ്റിലെ സിസിടിവി ക്യാമറകള്‍ തകരാറിലായിരുന്നതും അന്വേഷണ സംഘത്തിന്റെ ബുദ്ധിമുട്ട് വര്‍ദ്ധിപ്പിക്കുന്നു.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ സനുവിന്റെ കാര്‍ ചെക്പോസ്റ്റിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതല്ലാതെ മറ്റൊരിടത്തും അത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കിട്ടിയ വിലയ്ക്ക് കാര്‍ വിറ്റ ശേഷം ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനത്തിലൂടെയായിരുന്നു സനു യാത്ര ചെയ്തിരുന്നത്.അതേസമയം, മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നുള്ള മൊഴിയില്‍ സനുമോഹന് ഉറച്ച് നില്‍ക്കുകയാണ്.