വി മുരളീധരന് കേരളത്തിന്റെ ശത്രു, ജനങ്ങളെ പരിഹസിക്കുന്നു’; കൊവിഡ് പടരുമ്പോഴും കൊള്ളയ്ക്ക് അവസരം തേടുകയാണ് കേന്ദ്രമെന്ന് എ.വിജയരാഘവന്
കേരളം ആവശ്യപ്പെട്ട ഡോസ് കോവിഡ് വാക്സിന് സൗജന്യമായി നല്‍കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന് ആവശ്യപ്പെട്ടു. 50 ലക്ഷം ഡോസ് ആവശ്യപ്പെട്ടതില്‍ അഞ്ചര ലക്ഷം മാത്രമാണ് ഇതുവരെ നല്‍കിയത്. വാക്സിന് കിട്ടാത്തതുമൂലം കേരളം കടുത്ത പ്രയാസം നേരിടുകയാണ്. സംസ്ഥാനം സ്വന്തം നിലയ്ക്ക് വാക്സിന് വാങ്ങണമെന്ന നിലപാട് കനത്ത സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുമെന്ന് വിജയരാഘവന് പറഞ്ഞു.
വാക്സിന് ക്ഷാമം രൂക്ഷമായിട്ടും കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കോവിഡ് പടര്‍ന്ന് പിടിക്കുമ്പോഴും കൊള്ളയ്ക്ക് അവസരം തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍. വാക്സിന് നയം മാറ്റം ഇതിന് തെളിവാണ്. വാക്സിന് കയറ്റുമതിയിലൂടെ ലാഭം നേടാനാണ് ശ്രമം. വാക്സിന് ഉത്പാദനത്തിന്റെ അമ്പത് ശതമാനം കൈവശമാക്കി കയറ്റുമതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഡോസിന് 150 രൂപയ്ക്ക് കേന്ദ്രത്തിന് തുടര്‍ന്നും വാക്സിന് കിട്ടും. അത് കയറ്റുമതി ചെയ്യും. കമ്പനികള്‍ നിശ്ചയിക്കുന്ന കൂടിയ വിലയ്ക്ക് സംസ്ഥാനങ്ങള്‍ വാക്സിന് വാങ്ങണമെന്നത് ക്രൂരതയാണ്. കോവിഡ് പ്രതിരോധത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും സാമ്പത്തിക ബാധ്യതയും സംസ്ഥാനങ്ങളുടെ ചുമലില്‍ കയറ്റിവച്ച് കൈകഴുകാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.
വാക്സിന് ദൗര്‍ലഭ്യം മൂലം കേരളീയര്‍ ബുദ്ധിമുട്ടുമ്പോള്‍ ജനങ്ങളെ പരിഹസിക്കുകയാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്. ഒരു ഡോസ് വാക്സിന് പോലും കേരളത്തിന് അധികം നേടിയെടുക്കാന്‍ ഈ കേന്ദ്രമന്ത്രിക്ക് കഴിഞ്ഞില്ല. വാക്സിന് സൗജന്യമായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ പിന്തുണയ്ക്കാന്‍ തയ്യാറാകാത്ത മുരളീധരന് കേരളത്തിന്റെ ശത്രുവാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്നും വിജയരാഘവന് പറഞ്ഞു.
കോവിഡ് വാക്സിന് കുറഞ്ഞ നിരക്കില്‍ കേന്ദ്രസര്‍ക്കാരിനും കൂടിയ നിരക്കില്‍ സംസ്ഥാന സര്‍ക്കാരിനും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വാക്സിനുകള്‍ വാങ്ങുകയും സുതാര്യമായ രീതിയില്‍ സൗജന്യമായിത്തന്നെ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുകയും വേണം. ഇതിനായി പിഎം കെയറില്‍ ശേഖരിച്ചിട്ടുള്ള ലക്ഷക്കണക്കിന് കോടി രൂപ പ്രധാനമന്ത്രി ചെലവഴിക്കണം. കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യയില്‍ വാക്സിനേഷന് സാര്‍വത്രികവും സൗജന്യവുമായിരുന്നെന്നും യെച്ചൂരി വ്യക്തമാക്കി.
ഇപ്പോഴത്തെ കോവിഡ് അടിയന്തരസ്ഥിതി നേരിടാന്‍ സാര്‍വത്രിക ബൃഹത് വാക്സിനേഷന് പരിപാടിയാണ് വേണ്ടതെന്ന് സിപിഐഎം പിബി അഭിപ്രായപ്പെട്ടു. എന്നാല്‍, കേന്ദ്രത്തിന്റെ പുതിയ വാക്സിന് നയം അവര്‍ സൃഷ്ടിച്ച ഗുരുതര ആരോഗ്യസാഹചര്യത്തില്‍നിന്ന് സ്വയം ഒഴിഞ്ഞുമാറുന്നതാണ്. എല്ലാ ഉത്തരവാദിത്തവും സംസ്ഥാനങ്ങള്‍ക്ക് കൈമാറാനാണ് ശ്രമം. വാക്സിന് വിതരണം വര്‍ധിപ്പിക്കാതെ വില്‍പ്പന ഉദാരമാക്കുന്നതും വിലനിയന്ത്രണം എടുത്തുകളയുന്നതുമാണ് പുതിയ നയം. പര്യാപ്തമായ അളവില്‍ വാക്സിന് ലഭ്യമാക്കാന്‍ ഒരു വര്‍ഷത്തിനിടെ കേന്ദ്രം നടപടിയെടുത്തില്ല. പുതിയ വാക്സിന് നയം കോടിക്കണക്കിന് ആളുകള്‍ക്ക് ഉയര്‍ന്ന വില കാരണം വാക്സിന് വാങ്ങാനാകാത്ത സാഹചര്യമുണ്ടാക്കുമെന്ന് സിപിഐഎം വിലയിരുത്തി.
ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന് നല്‍കിയിരുന്നത് ഇനിമുതല്‍ പൊതുവിപണിയില്‍നിന്ന് പണംകൊടുത്ത് വാങ്ങണം. വാക്സിന് വിലയില്‍ നിയന്ത്രണമില്ല. വാക്സിന് നിര്‍മാതാക്കള്‍ക്ക് ഇഷ്ടമുള്ള വില ഈടാക്കാം. ഇതോടെ വലിയവിഭാഗം ജനത വാക്സിന് പ്രക്രിയക്ക് പുറത്താകും. കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനും വഴിവയ്ക്കും. വാക്സിന് വാങ്ങാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കണം. ബൃഹത്തായ വാക്സിന്‍യജ്ഞം എപ്പോഴും സൗജന്യവും സാര്‍വത്രികവുമാകണം. സ്വതന്ത്ര ഇന്ത്യയുടെ പാരമ്പര്യവും അനുഭവവും അതാണ്. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നതും വിവേചനപരവും തുല്യാവസരം നിഷേധിക്കുന്നതുമായ വാക്സിന്‍നയത്തെ നിശിതമായി അപലപിക്കുന്നു. ആരോഗ്യ അടിയന്തര സാഹചര്യത്തിന് പരിഹാരം കാണാന്‍ ഈ നയം സഹായകമല്ല. മഹാമാരിയുടെ വ്യാപനത്തിന് വഴിവയ്ക്കുകയും ചെയ്യുമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.