മൃതദേഹം കണ്ടെത്താന്‍ അവസാനം വരെ പൊലീസിനൊപ്പം; ഒരു വാശിയില്‍ പിടിവീണു, അന്‍വറിനെ പൊലീസ് കുരുക്കിയതിങ്ങനെ
മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറയില്‍ 21 കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അന്‍വര്‍ പൊലീസ് പിടിയിലായിരിക്കുകയാണ്. കൊല നടന്ന സ്ഥലത്ത് അന്‍വറുമായി തെളിവെടുപ്പ് നടത്തി വരികയാണ് പൊലീസ്. കഴിഞ്ഞ ദിവസം വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ചോറ്റൂര്‍ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകള്‍ സൂബീറ ഫര്‍ഹത്തിന്റേതെന്ന് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 10 ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങളാണ് വീടിന് അടുത്തുള്ള ചെങ്കല്‍ ക്വാറിക്ക് സമീപം കൂട്ടിയിട്ട മണ്‍കൂനക്ക് ഉള്ളില്‍ നിന്ന് കണ്ടെത്തിയത്. സ്വര്‍ണ്ണാഭരണങ്ങള്‍ക്കുവേണ്ടിയാണ് കൊല നടത്തിയതെന്നാണ് പ്രതി പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി. ഇതു സംബന്ധിച്ച് ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
അവസാന നിമിഷം വരെ പൊലീസിനൊപ്പം, ഒടുവില്‍ ഒരബന്ധത്തില് പിടിവീണു
കാണാതായ പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്താന്‍ പൊലീസിനൊപ്പം കഴിഞ്ഞ ദിവസങ്ങളില്‍ പ്രതി അന്‍വറും സഹായിച്ചിരുന്നു. പ്രദേശവാസിയായ അന്‍വര്‍ സമീപസ്ഥലങ്ങളിലൊക്കെ തിരച്ചില്‍ നടത്താന്‍ പൊലീസിനൊപ്പം കൂടിയിരുന്നു. പൊലീസിനു നേരത്തെ തന്നെ അന്‍വറിനെ സംശയമുണ്ടായിരുന്നെങ്കിലും ഇത് പ്രകടമാക്കാതെ അന്‍വറിനെ നിരീക്ഷിച്ചു വരികയായിരുന്നു.
ഇന്നലെ മണ്ണ് മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ അന്‍വര്‍ ഇത് തടഞ്ഞു. ഇവിടെ മണ്ണ് മാറ്റേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് അന്‍വര്‍ സംഘത്തെ പിന്തിരിപ്പിക്കാന് ശ്രമിച്ചു. ഇതോടെയാണ് പൊലീസ് സംശയമുറപ്പിക്കുകയും അന്‍വറിനെ ചോദ്യം ചെയ്യുകയും ചെയ്തത്. പ്രതിക്കെതിരെ നാട്ടില്‍ നേരത്തെ തന്നെ പരക്കെ ആക്ഷേപമുണ്ടായിരുന്നു.
ചെങ്കല്‍ ക്വാറിയില്‍ കൂട്ടിയിട്ടിരുന്ന മണ്‍കൂന കഴിഞ്ഞദിവസം മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വേണ്ടി നീക്കം ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മണ്ണ് കൂടുതലായി ഒലിച്ചു പോകുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പരിസരത്ത് അസഹ്യമായ ദുര്‍ഗന്ധം വമിച്ചത് നാട്ടുകാര്‍ക്കിടയില്‍ സംശയം ഉണ്ടാക്കുകയും നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് ജെസിബി ഉപയോഗിച്ച് മണ്‍കൂനയുടെ ഭാഗങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ കാലെന്ന് തോന്നിക്കുന്ന മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
വെട്ടിച്ചിറ ഒരു ദന്താശുപത്രിയില്‍ സഹായി ആയി ജോലി ചെയ്യുകയായിരുന്നു പെണ്‍കുട്ടി. കാണാതാവുന്നതിന് തൊട്ടു മുന്‍പ് ജോലി സ്ഥലത്തേക്ക് നടന്നു പോവുന്ന പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി വീടിനോട് ചേര്‍ന്നുള്ള ടവര്‍ ലെക്കേഷന്‍ വിട്ട് പോയിട്ടില്ലെന്നും കഞ്ഞിപ്പുര ദേശീയപാതയുടെ ഭാഗത്തേക്ക് എത്തിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം, അന്വേഷണം ശരിയായ ദിശയില്‍ നീങ്ങുന്നില്ല എന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചിരുന്നു. വിവാഹിതയായിരുന്ന പെണ്‍കുട്ടി ഒരു വര്‍ഷം മുന്‍പാണ് വിവാഹമോചനം നേടിയത്.