വീക്ഷണം മുഖപ്രസംഗത്തിനെതിരെ മുല്ലപ്പള്ളി; ചെറിയാന് ഫിലിപ്പിനായി എഴുതേണ്ടിയിരുന്നില്ല; ഖേദം പ്രകടിപ്പിച്ചു
സിപിഐഎം നേതാവ് ചെറിയാന് ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കൊണ്ടുള്ള വീക്ഷണം മുഖപ്രസംഗത്തില്‍ ഖേദം അറിയിച്ച് ജനറല്‍ സെക്രട്ടറി ജയ്സണ്‍ ജോസഫ്. വിഷയത്തില്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് അതൃപ്തി അറിയിച്ചതോടൊണ് ജയ്സണ്‍ ഖേദം പ്രകടിപ്പിച്ചത്.
ചെറിയാന് ഫിലിപ്പിന് വേണ്ടി മുഖപത്രം എഴുതേണ്ടിയിരുന്നില്ല എന്ന് അഭിപ്രായപ്പെട്ട മുല്ലപ്പള്ളി വീക്ഷണത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയില്‍ നിന്നും വിശദീകരണം തേടുകയായിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അറിയാതെ എങ്ങനെയാണ് മറ്റൊരു പാര്‍ട്ടി നേതാവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത് എന്നാണ് മുല്ലപ്പള്ളിയുടെ ചോദ്യം.
അതേസമയം ചെറിയാന് ഫിലിപ്പിനെ ഉപാധികളില്ലാതെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മുല്ലപ്പള്ളി നേരത്തെ പറഞ്ഞത്. കോണ്‍ഗ്രസില്‍ നിന്നും ആര് വന്നാലും മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ആരേയും സ്വീകരിക്കും, കോണ്‍ഗ്രസിലേക്ക് വരാന്‍ തീരുമാനിച്ചാല്‍ ചര്‍ച്ച നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
ചെറിയാന് ഫിലിപ്പിനെ സിപിഐഎം വഞ്ചിച്ചെന്നായിരുന്നു വീക്ഷണത്തം എഡിറ്റോറിയല്‍. രണ്ടുതവണ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് ചെറിയാന് ഫിലിപ്പിനെ സിപിഐഎം ചതിച്ചെന്നും അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരികയാണെങ്കില്‍ പാര്‍ട്ടി അദ്ദേഹത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കുമെന്നും വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.
പലപ്പോഴും നിരാശനായി സിപിഐഎമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടി വന്ന ചെറിയാന് വലിയ സ്ഥാനമാനങ്ങളൊന്നുമില്ലെങ്കിലും കോണ്‍ഗ്രസില്‍ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു. ‘മോഹമുക്തനായ കോണ്ഗ്രസുകാരന്’ എന്ന് വിശേഷിപ്പിച്ച്, വേഷം കെട്ടിച്ച് തുടലിട്ട കുരങ്ങനെപ്പോലെ ‘ചാടിക്കളിക്കെടാ കുഞ്ഞിരാമാ’ എന്നുപറഞ്ഞ് ചുടുചോറ് മാന്തിക്കുകയായിരുന്നു സിപിഐഎം എന്നും വീക്ഷണം ആരോപിക്കുന്നു.
വിമതരെ സ്വീകരിക്കുന്നതില്‍ സിപിഐഎമ്മിന് ഇരട്ടത്താപ്പാണ്. ടി കെ ഹംസയെയും ലോനപ്പന് നമ്പാടനെയും കെ ടി ജലീലിനെയും പരിഗണിക്കുകയും മന്ത്രിസ്ഥാനം നല്‍കുകയും ചെയ്ത സിപിഐഎം ചെറിയാന് ഫിലിപ്പിനോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചത്. പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു ചെറിയാന് ഫിലിപ്പിന്റെ ഗതി. കോണ്‍ഗ്രസിനെ ചതിച്ച ചെറിയാനെ സിപിഐഎം ചതിക്കുകയായിരുന്നു മറുകണ്ടം ചാടുന്നവരുടെ ചോര കുടിച്ച് എല്ലും തൊലിയും ഉപേക്ഷിക്കുന്ന കരിമ്പനയിലെ യക്ഷിയാണ് സിപിഐഎം എന്നും മുഖപത്രം വിമര്‍ശനം ഉന്നയിക്കുന്നു.
രണ്ടാം തവണയും രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ സജീവരാഷ്ട്രീയം വിടുകയാണെന്നും വിവിധ കക്ഷികള്‍ക്കുള്ളിലെ അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും പ്രതിപാദിക്കുന്ന പുസ്തക രചനയിലേക്ക് കടക്കുകയാണെന്നുമാണ് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. ഈ പശ്ചാത്തലത്തിലാണ് ചെറിയാന് ഫിലിപ്പിനെ സ്വാഗതം ചെയ്തുള്ള വീക്ഷണത്തിന്റെ മുഖപ്രസംഗം.