ദിനംപ്രതി ഉയർന്ന് കേസുകൾ, അടിയന്തര നടപടികളിൽ സർക്കാരുകൾ
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം ഉയരുമ്പോൾ അടിയന്തര നടപടികളുമായി സർക്കാരുകൾ. മഹാരാഷ്ട്രയും ഉത്തർപ്രദേശും ഡൽഹിയുമാണ് ഇതിൽ തന്നെ ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. മഹാരാഷ്ട്രയിലെ പ്രതിദിന രോഗബാധ 68,000 പിന്നിട്ടിരിക്കുകയാണ്. ഉത്തർപ്രദേശിൽ സ്ഥിരീകരിച്ചത് 30,000ലേറെ പുതിയ കേസുകൾ. പ്രതിദിന രോഗബാധ 25,000 കടന്ന രാജ്യതലസ്ഥാനവും പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നു.
സ്ഥിതിഗതികൾ അതീവ ഗുരതരമെന്ന് തുറന്നു സമ്മതിക്കുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ചികിത്സാ സൗകര്യങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ സഹായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഓക്സിജനും റെംഡെസിവിർ അടക്കം മരുന്നുകൾക്കും ക്ഷാമം നേരിടുന്നതായി ഡൽഹിയടക്കം സംസ്ഥാനങ്ങൾ പരാതിപ്പെടുന്നുണ്ട്. ഡൽഹിയിൽ ഓക്സിജനും റെംഡെസിവിറും വാങ്ങുന്നതും വിതരണം ചെയ്യുന്നതും നിരീക്ഷിക്കാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ചു.
മധ്യപ്രദേശിലെ ഷാഡോളിൽ സർക്കാർ മെഡിക്കൽ കോളെജിൽ ഓക്സിജൻ ക്ഷാമത്തെത്തുടർന്ന് ആറു കൊവിഡ് രോഗികൾ മരിച്ചതായി ആരോപണം. ജില്ലാ ഭരണകൂടം അതു നിഷേധിക്കുമ്പോൾ ശരിവയ്ക്കുന്നത് അവിടുത്തെ ഫാക്കൽറ്റി ഡീൻ. രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെ അതിവേഗ വിതരണത്തിനായി ഓക്സിജൻ എക്സ്പ്രസ് ട്രെയ്നുകൾ ഓടിക്കുമെന്ന് റെയ്ൽവേ. ഡൽഹിയിലും മഹാരാഷ്ട്രയിലും വീണ്ടും ട്രെയ്ൻ ബോഗികളിൽ കൊവിഡ് ചികിത്സാ സംവിധാനം ഒരുക്കുകയാണ്.
പ്രതിദിന രോഗബാധ പതിനായിരം പിന്നിട്ട തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ഡൗണും പ്രഖ്യാപിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവച്ചു. രാത്രിയിൽ ഓട്ടൊറിക്ഷകൾ അടക്കം ഓടാൻ അനുവദിക്കില്ല. ബിഹാറിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അടച്ചിടുന്നത് മേയ് 15 വരെ നീട്ടി. കർണാടകയിൽ ബംഗളൂരുവിനു പിന്നാലെ മൈസൂരുവും ഹോട്ട് സ്പോട്ടായി മാറുകയാണ്. സംസ്ഥാനത്തെ പ്രതിദിന രോഗബാധ 19,000 പിന്നിട്ടു.
രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ദിവസം കൊണ്ട് ഇരട്ടിച്ച് 16.92 ശതമാനമായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര, ചത്തിസ്ഗഡ്, ഉത്തർപ്രദേശ്, കർണാടക, കേരളം എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് ഇപ്പോഴുള്ള രോഗികളിൽ 65 ശതമാനവും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് അടുത്തെത്തിയ ഡൽഹിയിൽ ആരോഗ്യ സംവിധാനങ്ങൾ അമിത സമ്മർദത്തിലേക്കു നീങ്ങുന്നു. ഓക്സിജന് വലിയ ക്ഷാമമാണു നേരിടുന്നത്. ബെഡ്ഡുകളും ഇല്ലാതാവുന്നു.
സംസ്ഥാനത്തിന് ഓക്സിജൻ കൂടുതൽ നൽകേണ്ടതിനു പകരം കുറയ്ക്കുകയാണു ചെയ്തതെന്ന് കെജരിവാൾ പരാതിപ്പെടുന്നു. മറ്റു സംസ്ഥാനങ്ങൾക്കു നൽകാൻ വേണ്ടിയാണിത്. കേരളം അടക്കം സംസ്ഥാനങ്ങളിലായി 162 മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.