വീടിന്റെ തറ പൊളിച്ച് കൊടി കുത്തി; എട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പ് പിരിവ് നല്കാന് വൈകിയതിന്റെ പേരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ തറ തകര്‍ത്തെന്ന പരാതിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അജാനൂര്‍ പഞ്ചായത്തിലെ ചാലിയം നായിലില് കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ എട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇട്ടമ്മല്‍ സ്വദേശ് ലിപിന്‍, സുജിത്, കിട്ടു എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെയുമാണ് കേസ്. ഐപിസി 447, 427, 153, 506(1) വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിക്രമിച്ചു കയറി തറയ്ക്കും ഷെഡ്ഡിനും കേടുവരുത്തി, അരലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി, അതിക്രമം തടയാനെത്തിയ ഒന്നിലേറെ പേരെ ഭീഷണിപ്പെടുത്തി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്.
അതേസമയം, കെട്ടിടത്തിന്റേത് അനധികൃത നിര്‍മ്മാണമെന്ന ഡിവൈഎഫ്ഐയുടെ ആരോപണം തള്ളിയ പരാതിക്കാരന് നിര്‍മ്മാണം നടക്കുന്ന സ്ഥലം ഡേറ്റാബാങ്കില്‍ ഉള്‍പ്പെടുന്നില്ലെന്നും വീടുനിര്‍മ്മാണത്തിന് പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കാത്തതിന്റെ വിരോധം തീര്‍ക്കാനായിരുന്നു ആക്രമണമെന്നാണ് റാസിഖും മുസ്ലിംലീഗ് പ്രവര്ത്തകന് കൂടിയായ സഹോദരന് അഷറഫ് കൊളവയലും ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണം പൊലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നില്ല.
എന്നാല്‍ പരാതിക്കാര്‍ ഉന്നയിക്കുന്നതുപോല സംഭാവന ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഡിവൈഎഫ്ഐയുടെ വാദം. ആരോപണം അടിസ്ഥാന രഹിതമാണെന്നും വീട് നിര്‍മ്മാണത്തിനെതിരെ ഉയര്‍ന്നുവരുന്ന എതിര്‍പ്പിനെ മറികടക്കാനും വിവാദമുണ്ടാക്കാനുമാണ് സ്ഥലം ഉടമ ശ്രമിക്കുന്നതെന്നും ഡിവൈഎഫ്ഐ പറയുന്നു.
നിലവില്‍ വെറ്റ് ലാന്റില്‍ ഉള്‍പ്പെട്ട പ്രദേശത്ത് പാരിസ്ഥിതിക ദുര്‍ബലതകള്‍ പരിഗണിക്കാതെ വീട് നിര്‍മ്മിക്കുന്നതിനെതിരെ നാട്ടുകാരില്‍ നിന്നും ആശങ്ക ഉയര്‍ന്നിരുന്നുണ്ട്. വയല്‍ നികത്തുന്നതുമൂലം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു. മഴക്കാലത്ത് പരിസരപ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറാനും ഇത് ഇടയാക്കും. വീട് നിര്‍മിക്കുന്നതിന്റെ മറവില്‍ വ്യാപകമായി മണലെടുക്കുന്നു. മണലെടുത്ത കുഴിയില്‍ ചെമ്മണ്ണിട്ട് നിറയ്ക്കുന്നു. ഇത് പ്രദേശത്ത് കുടിവെള്ളം മലിനമാക്കുന്നതിന് ഇടയാക്കും. മാധ്യമപിന്തുണയോടെ വിവാദമുണ്ടാക്കി നിര്‍മാണ അനുമതി സംഘടിപ്പിക്കാനുള്ള മുസ്ലിം ലീഗ് നേതാവിന്റെ കുതന്ത്രമാണ് ഇതിന് പിന്നിലെന്നും ജില്ലാ കമ്മിറ്റി പറയുന്നു.