‘ഈ’ ചേക്കുട്ടി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല’; മാധ്യമ പ്രവര്‍ത്തകനെന്ന് കരുതി പേജ് മാറി തെറിവിളിച്ച് ഇടത് അനുകൂല പ്രൊഫൈലുകള്‍
കൊച്ചി: മാധ്യമ പ്രവര്ത്തകന് എന്‍ പി ചേക്കുട്ടിയെന്ന് കരുതി പേജുമാറി തെറിവിളിച്ച് ഇടത് അനുകൂല പേജുകള്‍. അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടി പാവകളുടെ പേജിലാണ് ആളുമാറി ഇടത് അനുകൂല സൈബര്‍ പോരാളികളുടെ ചീത്തവിളി കമന്റുകള്‍ നിറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ എന്‍ പി ചെക്കുട്ടി ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ച കെ ടി ജലീലിനെ പരിഹസിക്കുന്ന നിലയിലും അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടക്കുന്ന കെഎം ഷാജി എംഎല്‍എയെ അനുകൂലിച്ചും നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ‘ചേക്കുട്ടി’യുടെ പേജില്‍ ഇടത് അനുകൂല അക്കൗണ്ടുകളില്‍ നിന്നും തെറിവിളി കമന്റുകള്‍ ഉയരാന്‍ തുടങ്ങിയത്.
‘ചെക്കുട്ടിയല്ല ചെകുത്താന്‍കുട്ടി.. ഇടതുപക്ഷ വിരുദ്ധത ബാധിച്ചാല്‍ ഭ്രാന്തല്ല മുഴു ഭ്രാന്താകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചെക്കുട്ടി…ചെക്കുട്ടി എന്നു കേള്‍ക്കുമ്പോള്‍ ചെവിക്കുറ്റിക്ക് അടിക്കാന്‍ തോന്നുന്നു..’, നിരവധി കമന്റുകളാണ് മാധ്യമ പ്രവര്ത്തകന് ചെക്കുട്ടിയുടെ അക്കൗണ്ടെന്ന് തെറ്റിധരിച്ചുകൊണ്ട് ഇടത് അനുകൂല പേജുകളില്‍ നിന്നും ഉയര്‍ന്ന കമന്റുകള്‍.
‘മുഴുവന്‍ വായിക്കാതെ കമന്റരുത്: ഈ ചേക്കുട്ടി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല. മഹാപ്രളയത്തില്‍ നിന്ന് നടന്നുകയറിയ, കരളുറപ്പുള്ള കേരളത്തിന്റെ മനോഹരമാതൃകയാണിത്. ചേറില്‍ നിന്നുണ്ടായ കുട്ടി എന്നര്‍ത്ഥത്തിലാണ് അഭിമാനത്തോടെ ചെക്കുട്ടി എന്ന പേര്. ചേന്ദമംഗലത്തെ നെയ്ത്തുകാരെ സഹായിക്കാന്‍ സ്കൂള്‍കുട്ടികളടക്കം നൂറ് കണക്കിനാളുകള്‍ ഇപ്പോഴും ചേക്കുട്ടിയെ കെട്ടിയൊരുക്കുന്നുണ്ട്. ലോകമെങ്ങും ചെക്കുട്ടി ആരാധകരുമുണ്ട്. ഇന്നലെ വൈകീട്ട് ഉദ്ദേശം നാല് മണി മുതല്‍ ചേക്കുട്ടിയുടെ പേജില്‍ പൂച്ചെണ്ട്, മാല, ബൊക്ക…എന്നിങ്ങനെ ആരാധകരുടെ ‘അനുമോദനങ്ങള്‍’ വന്നു നിറയുകയാണെന്ന് ലക്ഷ്മി അറിയിക്കുന്നു. ദയവായി ശ്രദ്ധിക്കുക’, എന്നായിരുന്നു ചേക്കുട്ടി പാവയുടെ പേജില്‍ വന്ന കമന്റുകള്‍ക്കെതിരെ അഡ്മിന് നടത്തിയ പ്രതികരണം.
ചേക്കുട്ടി പാവകളുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്കുന്നവര് കമന്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ച് രംഗത്തെത്തിയതോടുകൂടെ ഒട്ടേറെ പേര് ഇതിനെതിരെ പ്രതികരണവുമായെത്തി.
പ്രളയ കാലത്ത് എല്ലാം നഷ്ടമായെന്നു കരുതിയ ചേന്ദമംഗലത്തുകാര്‍ക്ക് പ്രതീക്ഷ നല്‍കിയത് ചേക്കുട്ടി എന്ന പേരില്‍ ലക്ഷ്മി മേനോന് രൂപം കൊടുത്ത പാവയും അതിനൊപ്പം നിന്നവരുമായിരുന്നു. സമൂഹമാധ്യമത്തിലൂടെയും അല്ലാതെയും രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചേക്കുട്ടിക്ക് ഇന്ത്യക്ക് അകത്തും പുറത്തുമായി ഒട്ടേറെ ആരാധകരാണ് ഉള്ളത്. പേജില്‍ ആളുമാറിയാണെങ്കിലും വന്നു തെറി വിളിച്ചവരോട് വിഷമമുണ്ടെന്ന് ലക്ഷ്മി മേനോന് പറഞ്ഞു. ഇടയ്ക്കു പേജില്‍ ലൈക്കുകള്‍ കൂടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇതിന് കാരണം ഈ ചേക്കുട്ടിയാണെന്ന് ഇപ്പോഴാണ് മനസിലായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.