‘ഷംസീറിന്റെ ഭാര്യയായതിനാല്‍ ഹോം മേക്കറായി ഇരിക്കണോ’; കഠിനാധ്വാനത്തിലൂടെയാണ് എല്ലാം നേടിയതെന്ന് സഹല
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ തന്നെ അനധികൃതമായി നിയമിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണത്തില്‍ പ്രതികരിച്ച് എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ.പിഎം സഹല. യോഗ്യതയുണ്ടെങ്കില്‍ തനിക്ക് എവിടെയും അഭിമുഖത്തിന് പോകാമെന്നും ഷംസീറിന്റെ ഭാര്യയായതിനാല്‍ ഹോം മേക്കറായി കഴിയണോയെന്നും സഹല ചോദിക്കുന്നു. എംഎല്‍എയുടെ ഭാര്യയായതിനാല്‍ തന്നെ വേട്ടയാടുകയാണെന്നും സഹല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘യോഗ്യതയുണ്ടെങ്കില്‍ എനിക്ക് പോകാം. ഇത് ആരാണ് തീരുമാനിക്കേണ്ടത്. യൂണിവേഴ്സിറ്റിയാണ് ആരെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത്. ഇന്നലത്തെ അഭിമുഖം എനിക്ക് വേണ്ടി നടത്തിയതാണെന്ന് എങ്ങനെയാണ് പറയുന്നത്. എനിക്ക് ഇതുവരെ ഒരു ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല. കഠിനാധ്വാനത്തിലൂടെയാണ് ഓരോന്നും നേടിയത്.
ഷംസീറിന്റെ ഭാര്യയായത് കൊണ്ടാണ് തനിക്ക് ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം വളരെ തമാശയായിട്ടാണ് എനിക്ക് തോന്നുന്നത്. ഷംസീറിന്റെ ഭാര്യയായത് കൊണ്ട് ഞാന്‍ വീട്ടില്‍ ഹോം മേക്കറായി ഇരിക്കണം എന്നാണോ പറയുന്നത്.
നേരത്തെയുള്ള ആരോപണത്തില്‍ കോടതിയെ വിശ്വസിച്ചതാണ് എനിക്ക് പറ്റിയ തെറ്റ്. മുന്നിലുള്ള കേസുകള്‍ നോക്കിയാല്‍ നീതി ആര്‍ക്കും കിട്ടുന്നില്ല. ഇതില്‍ നിന്നും ഞാന്‍ പിന്മാറില്ല. ഞാന്‍ എന്തിന് മാറി നില്‍ക്കണം.’സഹല പറഞ്ഞു.
പെരുമാറ്റ ചട്ടം മറികടന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സഹലയെ യുജിസി എച്ച് ആര്‍ഡി സെന്ററില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സ്ഥിരം നിയമനം നടക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല വിസിയെ കഴിഞ്ഞ ദിവസം കെഎസ്യു വീട്ടില്‍ ഉപരോധിച്ചിരുന്നു.
ഇന്നലെയാണ് തസ്തികയിലേക്ക് അഭിമുഖം നടന്നത്. ഡോ. പിഎം സഹല അടക്കം 30 പേരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. ഇന്നത്തെ ഇന്റര്‍വ്യൂ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവര്‍ണര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു.
2020 ജൂണ്‍ മുപ്പതിനാണ് കണ്ണൂര്‍ സര്‍വ്വകലാശാല എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. യുജിസി വ്യവസ്ഥ അനുസരിച്ചു എച്ചആര്‍ഡി സെന്ററിലെ തസ്തികകള്‍ താല്‍ക്കാലികമാണെങ്കിലും അസിസ്റ്റന്റ് ഡയറക്ടറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍വകലാശാലയ്ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. ഡയറക്ടറുടെ തസ്തികയില്‍ നിയമനം നടത്താതെയാണ് അസി. ഡയറക്ടറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്. ഇതിനായി ാണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നതിനുള്ള അറിയിപ്പ് അപേക്ഷകരായ 30 പേര്‍ക്ക് ഇമെയില്‍ ആയാണ് അയച്ചിരിക്കുന്നതെന്നുമാണ് ആരോപണം.