പുതിയ കേസുകൾക്കൊപ്പം മരണസംഖ്യയിലും റെക്കോഡ് വർധന
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന കണക്കിലും മരണസംഖ്യയിലും റെക്കോഡ് വർധന. അവസാന 24 മണിക്കൂറിൽ പുതുതായി സ്ഥിരീകരിച്ചത് 2.34 ലക്ഷത്തിലേറെ കേസുകൾ. ഒരു ദിവസത്തിനിടെ 1,341 പേർ വൈറസ് ബാധിച്ചു മരിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 1.75 ലക്ഷത്തിലേറെയായി. ആക്റ്റിവ് കേസുകൾ 16 ലക്ഷവും കടന്നു. തുടർച്ചയായി മുപ്പത്തെട്ടാം ദിവസമാണ് സജീവ കേസുകൾ വർധിക്കുന്നത്. ദിവസം രണ്ടു ലക്ഷത്തിലേറെ പുതിയ കേസുകൾ കണ്ടെത്തുന്നതു തുടർച്ചയായി മൂന്നാം ദിവസം.
രാജ്യത്തെ പ്രതിദിന കൊവിഡ് സാംപിൾ പരിശോധന 15 ലക്ഷത്തിന് അടുത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച പരിശോധിച്ചത് 14.95 ലക്ഷത്തിലേറെ സാംപിളുകൾ. രോഗം സ്ഥിരീകരിച്ചത് 1,75,649 പേർക്ക്. ഇതിൽ 63,729 കേസുകളും മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് പ്രതിദിന വർധനയിലെ പുതിയ റെക്കോഡ്. 398 പേരുടെ മരണവും മഹാരാഷ്ട്രയിലെ കണക്കുകളിൽ പുതുതായി ഉൾപ്പെടുത്തി. 59,551 പേർ ഇതുവരെ സംസ്ഥാനത്തു കൊവിഡ് ബാധിച്ചു മരിച്ചുകഴിഞ്ഞു. മഹാരാഷ്ട്രയിൽ മാത്രം 6.38 ലക്ഷം ആക്റ്റിവ് കേസുകളുണ്ട്.
ഉത്തർപ്രദേശിലും പ്രതിദിന വർധനയിൽ പുതിയ റെക്കോഡുകൾ കുറിക്കുകയാണ് ഓരോ ദിവസവും. അവസാന 24 മണിക്കൂറിൽ അവിടെ കണ്ടെത്തിയത് 27,426 പുതിയ രോഗബാധിതരെയാണ്. 103 പേർ കൂടി മരിച്ചു. സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിവസമാണ് ഒരു ദിവസം കണ്ടെത്തുന്ന കേസുകൾ പുതിയ റെക്കോഡ് കുറിക്കുന്നത്. സംസ്ഥാനത്തെ ആക്റ്റിവ് കേസുകൾ ഒന്നരലക്ഷം കടന്നിട്ടുണ്ട്.
ഡൽഹിയിലും ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ്. 19,486 പേർ ഇന്നലത്തെ പരിശോധനയിൽ പോസിറ്റീവായി. 141 പേർ രാജ്യതലസ്ഥാനത്തു മരിച്ചു. ഒരു ദിവസം ഇത്രയും പേരുടെ കൊവിഡ് മരണം ഡൽഹിയിൽ രേഖപ്പെടുത്തുന്നതും ഇതാദ്യം. കഴിഞ്ഞ വർഷം ഒക്റ്റോബർ 18ന് 131 മരണം രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള പ്രതിദിന മരണ റെക്കോഡ്. കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന സർക്കാർ ജനങ്ങളോട് ആവർത്തിച്ചു നിർദേശിക്കുന്നുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും.
കർണാടക, മധ്യപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ്. കർണാടകയിൽ14,859 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ പ്രതിദിന മരണസംഖ്യ 78. പുതിയ കേസുകളിൽ 9,917ഉം ബംഗളൂരു അർബനിൽ. മധ്യപ്രദേശിൽ 11,045 പേർക്കു കൂടി രോഗബാധ കണ്ടെത്തി. 60 പേർ കൂടി മരിച്ചു. ഗുജറാത്തിലെ പ്രതിദിന വർധന 8,920. അവസാന ദിവസത്തെ മരണസംഖ്യ 94. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന പശ്ചിമ ബംഗാളിൽ 6,910 പുതിയ കേസുകൾ സ്ഥിരീകരിച്ചു.
ഛത്തിസ്ഗഡിൽ 14,912 പേർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. 138 പേർ 24 മണിക്കൂറിനിടെ മരിച്ചു. 1.24 ലക്ഷം ആക്റ്റിവ് കേസുകൾ ഇവിടെയുണ്ട്. കേരളത്തിൽ ഒരു ദിവസം പോസിറ്റീവായവർ 10,000 കടന്നപ്പോൾ തമിഴ്നാട്ടിൽ 8,449 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 33 പേരാണു തമിഴകത്ത് ഇന്നലെ മരിച്ചത്. ഇതോടെ അവിടുത്തെ ഇതുവരെയുള്ള മരണസംഖ്യ 13,000 കടന്നിട്ടുമുണ്ട്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവർ 1.45 കോടിയിലേറെയാണ്. ഇതിൽ രോഗമുക്തി നേടിയവർ 1.26 കോടിയിലേറെയും. 87.23 ശതമാനമായി റിക്കവറി നിരക്ക് താഴ്ന്നു. മരണ നിരക്ക് 1.21 ശതമാനം. പഞ്ചാബിൽ അമ്പതും രാജസ്ഥാനിൽ മുപ്പത്തൊന്നും പേർ അവസാന ദിവസം വൈറസ് ബാധിച്ചു മരിച്ചിട്ടുണ്ട്.