ലോകായുക്ത ഉത്തരവ് സര്‍ക്കാരിന് ചോദ്യം ചെയ്യാമെന്ന് നിയമോപദേശം; ‘ലോകായുക്തയുടെ നടപടിക്രമങ്ങളില്‍ വീഴ്ച’
ബന്ധുനിയമനവിഷയത്തില്‍ മന്ത്രി കെടി ജലീലിനെതിരെയുള്ള ലോകായുക്ത ഉത്തരവ് സര്‍ക്കാരിന് ചോദ്യം ചെയ്യാമെന്ന് എജിയുടെ നിയമോപദേശം. വിധിക്കെതിരെ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ നല്കിയ നിയമോപദേശം.
ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവെന്നും എജി വ്യക്തമാക്കി. ലോകായുക്തയുടെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ട്. സിവില്‍ കോടതി സ്വീകരിക്കേണ്ടത് പോലെയുള്ള നടപടിക്രമങ്ങളാണ് ലോകായുക്തയും പാലിക്കേണ്ടത്. മന്ത്രിയെ നീക്കണമെന്ന നിര്‍ദേശം അത്ര ലളിതമായി എടുക്കാവുന്നതല്ല. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗം കൂടി കേള്‍ക്കണമായിരുന്നു. ഇതൊന്നും പാലിക്കാതെയാണ് ലോകായുക്ത വിധി പ്രസ്താവന നടത്തിയതെന്നും നിയമോപദേശത്തില്‍ എജി നിയമോപദേശത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി സ്ഥാനം കെടി ജലീല്‍ രാജിവച്ചത്. തന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്ക്കാലം ആശ്വസിക്കാമെന്നും രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നെന്നും ജലീല്‍ രാജിക്ക് ശേഷം ഫേസ്ബുക്കില്‍ കുറിച്ചു.
സിപിഐഎം നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജലീലിന്റെ രാജിയെന്നാണ് വിവരം. സാവകാശം നല്‍കിയതില്‍ സിപിഐഎമ്മിനുള്ളില്‍ എതിര്‍പ്പുകള്‍ തുടരുന്ന സാചര്യത്തിലാണ് ജലീല്‍ പദവിയൊഴിഞ്ഞത്. ധാര്‍മികതയുടെ പേരില്‍ മന്ത്രിസ്ഥാനം ജലീല്‍ രാജിവെക്കുന്നത് പ്രതിഛായ വീണ്ടെടുക്കാന്‍ കഴിയുമെന്നും പാര്‍ട്ടി വിലയിരുത്തി.
മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ പി ജയരാജന് സര്‍ക്കാരിന്റെ തുടക്കത്തില്‍ ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ പാര്‍ട്ടി ഇത്തരം സാവകാശം അനുവദിച്ചില്ലെന്നത് പാര്‍ട്ടിക്ക് അകത്ത് വലിയ ചര്‍ച്ചയായി. അന്ന് ജയരാജന്റെ വാദങ്ങള്‍ക്ക് പ്രസക്തി നല്‍കാതെ വേഗത്തില്‍ രാജി ചോദിച്ച് വാങ്ങിയത് ധാര്‍മികത മുന്‍നിര്‍ത്തിയുള്ള തീരുമാനമെന്ന കാര്യം നേതാക്കള്‍ പാര്‍ട്ടിയെ ഓര്‍മ്മപ്പെടുത്തി. പിന്നെ എന്തുകൊണ്ടാണ് ജലീലിന്റെ കാര്യത്തില്‍ ഈ ധാര്‍മ്മികത ഉണ്ടാകുന്നില്ലെന്ന വിമര്‍ശനവും പാര്‍ട്ടിയ്ക്ക് അകത്ത് ഉയര്‍ന്നു.
മുതിര്‍ന്ന നേതാവായ ഇ പി ജയരാജനോടും കെ ടി ജലീലിനോടും രണ്ട് സമീപനം സ്വീകരിച്ചെന്ന വിമര്‍ശനം പ്രതിപക്ഷവും ഏറ്റുപിടിച്ചതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. ഇതോടെയാണ് ജലീലിന്റെ രാജിക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന തീരുമാനത്തിലേക്ക് സിപിഐഎം നീങ്ങിയത്. എല്ലാ വിവാദങ്ങളിലും സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയനും കൈവിട്ടതോടെയാണ് ജലീലിന്റെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. രണ്ട് വര്‍ഷക്കാലം ഉയര്‍ന്ന ആരോപണങ്ങളെ രാജിവെച്ചതിലൂടെ പൂര്‍ണ്ണമായും ഒഴിവാക്കാനാകുമെന്നും സിപിഐഎം വിലയിരുത്തുന്നു.