കഴുത്തിലെ ഫാറ്റിന് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്, മുഖത്ത് നീര്‍ക്കെട്ടാണ്; ദയവുചെയ്ത് പ്രതികരണം ചോദിക്കരുതെന്ന് കെടി ജലീല്‍
കൊച്ചി: കഴുത്തില്‍ കെട്ടിക്കിടന്ന ഫാറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണെന്നും മാധ്യമങ്ങള്‍ പ്രതികരണത്തിനായി സമീപിക്കരുതെന്നും രാജിവെച്ചതിന് ശേഷം കെടി ജലീല്‍. മുഖത്ത് നീര്‍കെട്ടുള്ളതിനാല്‍ രണ്ടാഴ്ച വിശ്രമം വേണമെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. മാധ്യമ പ്രവര്‍ത്തകരെ കാണാതെ രാജിക്കാര്യം ഫെയ്സ് ബുക്കിലൂടെ അറിയിച്ചത് അതുകൊണ്ടാണെന്നും ജലീല്‍ അറിയിച്ചു.
‘കഴുത്തില്‍ കെട്ടിക്കിടന്ന ഫാറ്റ് റിമൂവ് ചെയ്യാന്‍ ഒരു സര്‍ജറി നന്നാകുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്‍പതാം തിയ്യതി തൃശൂര്‍ അമലയില്‍ വെച്ച് ഒരു സര്‍ജറി കഴിഞ്ഞിരുന്നു. മുഖത്ത് നീര്‍കെട്ടുള്ളതിനാല്‍ രണ്ടാഴ്ച വിശ്രമം അനിവാര്യമാണെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. മാധ്യമ പ്രവര്‍ത്തകരെ കാണാതെ രാജിക്കാര്യം ഫെയ്സ് ബുക്കിലൂടെ അറിയിച്ചത് അതുകൊണ്ടാണ്. അസുഖം പൂര്‍ണ്ണമായും ഭേദമാകുന്ന മുറക്ക് നേരില്‍ കാണാം. അതുവരെ എന്റെ അഭിപ്രായ പ്രകടനങ്ങള്‍ എഫ്.ബിയില്‍ കുറിക്കാനേ കഴിയൂ. പലരും വിളിക്കുന്നുണ്ടെങ്കിലും ഫോണ്‍ അറ്റന്റ് ചെയ്യാന്‍ പറ്റാത്തത് കൊണ്ടാണ് എടുക്കാതിരിക്കുന്നത്. ക്ഷമിക്കുമല്ലോ? ദയവു ചെയ്ത് മാധ്യമ പ്രവര്‍ത്തകരാരും ബൈറ്റിനായി വരാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരാള്‍ക്കു മാത്രമായി അഭിമുഖം കൊടുക്കുന്നത് ശരിയല്ലല്ലോ? സംസാരിക്കുമ്പോള്‍ എല്ലാവരോടും ഒരുമിച്ചേ സംസാരിക്കൂ’, ജലീല്‍ അറിയിച്ചു.
ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്നാണ് കെടി ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറി.
ലോകായുക്ത വിധിക്കെതിരെ ജലീല്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കവെയായിരുന്നു രാജി. തന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്ക്കാലം ആശ്വസിക്കാമെന്നും രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നെന്നും ജലീല്‍ രാജിക്ക് ശേഷം ഫേസ്ബുക്കില്‍ കുറിച്ചു.
സിപിഐഎം നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജലീലിന്റെ രാജിയെന്നാണ് വിവരം. സാവകാശം നല്‍കിയതില്‍ സിപിഐഎമ്മിനുള്ളില്‍ എതിര്‍പ്പുകള്‍ തുടരുന്ന സാചര്യത്തിലാണ് ജലീല്‍ പദവിയൊഴിഞ്ഞത്. ധാര്‍മികതയുടെ പേരില്‍ മന്ത്രിസ്ഥാനം ജലീല്‍ രാജിവെക്കുന്നത് പ്രതിഛായ വീണ്ടെടുക്കാന്‍ കഴിയുമെന്നും പാര്‍ട്ടി വിലയിരുത്തി.
ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധി വന്നതിന് പിന്നാലെ ജലീലിന്റെ രാജി ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടലുകള്‍. ലോകായുക്ത വിധിയ്ക്ക് എതിരെ ഹര്‍ജി നല്കാന് സമയം വേണമെന്ന ജലീലിന്റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചതോടെ രാജി നീണ്ടു. എന്നാല്‍ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ പി ജയരാജന് സര്‍ക്കാരിന്റെ തുടക്കത്തില്‍ ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ പാര്‍ട്ടി ഇത്തരം സാവകാശം അനുവദിച്ചില്ലെന്നത് പാര്‍ട്ടിക്ക് അകത്ത് വലിയ ചര്‍ച്ചയായി. അന്ന് ജയരാജന്റെ വാദങ്ങള്‍ക്ക് പ്രസക്തി നല്‍കാതെ വേഗത്തില്‍ രാജി ചോദിച്ച് വാങ്ങിയത് ധാര്‍മികത മുന്‍നിര്‍ത്തിയുള്ള തീരുമാനമെന്ന കാര്യം നേതാക്കള്‍ പാര്‍ട്ടിയെ ഓര്‍മ്മപ്പെടുത്തി. പിന്നെ എന്തുകൊണ്ടാണ് ജലീലിന്റെ കാര്യത്തില്‍ ഈ ധാര്‍മ്മികത ഉണ്ടാകുന്നില്ലെന്ന വിമര്‍ശനവും പാര്‍ട്ടിയ്ക്ക് അകത്ത് ഉയര്‍ന്നു.
മുതിര്‍ന്ന നേതാവായ ഇ പി ജയരാജനോടും കെ ടി ജലീലിനോടും രണ്ട് സമീപനം സ്വീകരിച്ചെന്ന വിമര്‍ശനം പ്രതിപക്ഷവും ഏറ്റുപിടിച്ചതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. ഇതോടെയാണ് ജലീലിന്റെ രാജിക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന തീരുമാനത്തിലേക്ക് സിപിഐഎം നീങ്ങിയത്. എല്ലാ വിവാദങ്ങളിലും സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയനും കൈവിട്ടതോടെയാണ് ജലീലിന്റെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. രണ്ട് വര്‍ഷക്കാലം ഉയര്‍ന്ന ആരോപണങ്ങളെ രാജിവെച്ചതിലൂടെ പൂര്‍ണ്ണമായും ഒഴിവാക്കാനാകുമെന്നും സിപിഐഎം വിലയിരുത്തുന്നു.