ലോകായുക്ത വിധി: ജലീലിനെ സംരക്ഷിക്കുന്ന പിണറായിയോട് നായനാരുടെ ആത്മാവ് പൊറുക്കില്ല: രമേശ് ചെന്നിത്തല
തിരുവനന്തപുരം : ബന്ധുനിയമനത്തില്‍ അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്ന ലോകായുക്ത വിധി മാനിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനോട് ലോകായുക്ത നിയമം കൊണ്ടുവന്ന ഇ.കെ.നായനാരുടെ ആത്മാവ് പൊറുക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫും മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമാണ് ലോകായുക്ത വിധി പുറപ്പെടുവിച്ചത്. ആദ്യമായാണ് ഒരു മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടു എന്നും രാജിവച്ച് പുറത്തു പോകണമെന്നും ലോകായുക്ത വിധിക്കുന്നത്. എന്നിട്ടും ഇത്രയും ഗുരുതരമായ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലോകായുക്ത വിധിക്ക് അപ്പീലില്ല എന്നാണ് നീതിന്യായരംഗത്തെ വിദഗ്ധര്‍ പറയുന്നത്. സാങ്കേതികമായി ഹൈക്കോടതിയില്‍ പോകാമെന്നേയുള്ളു.
ജലീലിന്റെ ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയും തുല്യ ഉത്തരവാദിയാണ്. ജലീലിന്റെ ബന്ധുവിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിയമനം നല്‍കാനയി യോഗ്യതയില്‍ ഇളവ് വരുത്തുന്ന ഉത്തരവില്‍ മന്ത്രിസഭയെ മറി കടന്ന് ഒപ്പുവച്ചത് മുഖ്യമന്ത്രിയാണ്. അങ്ങനെ ഈ കേസിലെ കൂട്ടുപ്രതിയായതിനാലാണ് മുഖ്യമന്ത്രിക്ക് ജലീലിനെ പുറത്താക്കാന്‍ കഴിയാതിരുന്നത്.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസായ ലാവ്ലിന് കേസില്‍ ആറാം പ്രതിയാണ് പിണറായി വിജയന്. ആ കേസ് ഇപ്പോഴും സുപ്രീംകോടതിയില്നിലനില്്ക്കുന്നു. ആ അഴിമതി കേസിലെ ആറാം പ്രതിയായ പിണറായി വിജയന് മറ്റൊരു അഴിമതിക്കേസില്‍ നടപടി എടുക്കുമെന്ന് ആരെങ്കിലും കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റിയിരിക്കുകയാണ്. എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കുന്നയാളായി മുഖ്യമന്ത്രി മാറിയിരിക്കുന്നു.
ഇപ്പോള്‍ നിയമമന്ത്രി എ.കെ. ബാലന് പറയുന്നു, ബന്ധുക്കളെ നിയമിക്കരുതെന്ന് ഏത് നിയമത്തിലാണ് പറയുന്നതെന്ന്. അങ്ങനെ ഒരു ചോദ്യം ഉന്നയിക്കാന്‍ കഴിയുന്നതില്‍ വരെ കേരളത്തിലെ ഭരണക്കാര്‍ എത്തിയിരിക്കുകയാണ്. നാണമില്ലാത്ത ഒരു ഭരണകൂടമാണ് കേരളതിതലിപ്പോള്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഭരണകക്ഷി നേതാക്കളുടെ ബന്ധുക്കളെയെല്ലാം പിന്‍വാതിലിലൂടെ നിയമിച്ചുകഴിഞ്ഞിരിക്കുകയാണ്. അതിന്റെ കണക്ക് എടുത്ത് പ്രതിപക്ഷം നേരത്തെ, പ്രസിദ്ധീകരിച്ചതാണ്. എന്ത് ധാര്‍മ്മികതയാണ് ഇവര്‍ക്ക് പറയാനുള്ളത്? ഇങ്ങനെയുള്ള ഒരു സര്‍ക്കാരിനെയാണോ വീണ്ടും അധികാരത്തിലേറ്റണമെന്ന് ഇവര്‍ ആവശ്യപ്പെട്ടത്.
നിയമസഭയില്‍ 3.12.2018 ന്റെ അടിയന്തര പ്രമേയത്തില്‍ ജലീലിന്റെ ബന്ധുനിയമനത്തെക്കുറിച്ച് ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന രേഖകളും അതിനപ്പുറമുള്ളവയും പ്രതിപക്ഷം ഹാജരാക്കിയതാണ്. അന്ന് അടിയന്തിര പ്രമേയത്തിന്റെ വാക്കൗട്ട് പ്രസംഗത്തില്‍ ഇത് സ്വജനപക്ഷപാതമാണെന്നും അഴിമതിയാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഞാന്‍ വ്യക്തമായി പറഞ്ഞിരുന്നു. എന്നിട്ടും ജലീലിനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മ്മികത കളഞ്ഞുകുളിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. ഇതുകണ്ട് കേരളം അപമാന ഭാരത്താല്‍ തല കുനിക്കുകയാണ്. കോടതി പരാമര്‍ശത്തിന്റെ പേരില്‍ എത്രയോ കോണ്‍ഗ്രസ് നേതാക്കളും യു.ഡി.എഫ്. നേതാക്കളും മന്ത്രിസ്ഥാനം രാജിവച്ചിട്ടുണ്ട്. കോടതി പരാമര്‍ശത്തിന്റെ പേരിലല്ലേ കെ. കരുണാകരന് രാജി വച്ചതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.