കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് ഓഹരിവിപണി; സെന്‍സെക്സും നിഫ്റ്റിയും താഴേക്ക്, സാമ്പത്തിക രംഗം വീണ്ടും അനിശ്ചിതാവസ്ഥയിലേക്കോ?
മുംബൈ: രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കൂപ്പുകുത്തി ഓഹരി വിപണി. വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന ആശങ്കയാണ് തിരിച്ചടിയായത്. ഇന്ന് രാവിലെമുതല്‍ വിപണയില്‍ കനത്ത വില്പന സമ്മര്‍ദ്ദം പ്രകടമായിരുന്നു.
സെന്‍സെക്സ് 1708 പോയിന്റ് ഇടിഞ്ഞു. 3.44 ശതമാനം നഷ്ടമാണ് സെന്‍സെക്സ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 26ന് ശേഷമുണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണിത്. നിഫ്റ്റി 524.10 പോയിന്റ് ഇടിഞ്ഞ് 3.53 ശതമാനം നഷ്ടത്തില്‍ 14,310.80 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 2433 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ടാറ്റ മോട്ടോഴ്സ്, അദാനി പോര്‍ട്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, യുപിഎല്‍ തുടങ്ങിയവയുടെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍ കുരുങ്ങിയത്. എസ്ബിഐ, ടൈറ്റാന്‍, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് ഓഹരികള്‍ക്കും നിരാശയായിരുന്നു. എല്ലാ സൂചികകളും ചുവപ്പ് കാണിച്ചാണ് അവസാനിച്ചത്.
റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുഡ്നിക്കിന് ഇന്ത്യയില്‍ അനുമതി ലഭിച്ചതിന് പിന്നാലെ ഡോ റെഡ്ഡിയുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നു. നാല് ശതമാനത്തിന്റെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
സൂചികകള്‍ ഇടിഞ്ഞത് രാജ്യത്ത് ആദ്യഘട്ടത്തില്‍ കൊവിഡ് വ്യാപനമുണ്ടായ ഘട്ടത്തില്‍ ഇടിഞ്ഞതിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. രണ്ടാമതും കൊവിഡ് വ്യാപനം രൂക്ഷമായതും ലോക്ഡൗണ്‍ ഉണ്ടായേക്കുമെന്ന ആശങ്കയും നിക്ഷേപകരെ ബാധിച്ചെന്നാണ് റിലയന്‍സ് സെക്യൂരിറ്റീസിന്റെ സ്്ട്രാറ്റജി തലവന്‍ ബിനോദ് മോഡി അഭിപ്രായപ്പെടുന്നത്.