‘മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ രതീഷ് നാലാം പ്രതിയായ ശ്രീരാഗിനൊപ്പം’; ദുരൂഹതയേറുന്നു
പാനൂര്‍ മന്‍സൂര്‍ കൊലപാതകത്തിലെ രണ്ടാംപ്രതിയായ രതീഷ് മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ കേസിലെ നാലം പ്രതിക്കൊപ്പമായിരുന്നെന്ന് റിപ്പോര്‍ട്ട്. നാലാം പ്രതിയായ ശ്രീരാഗിനൊപ്പമാണ് രതീഷ് കഴിഞ്ഞിരുന്നതെന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായി. ചെക്യാട് ഭാഗത്താണ് ഇരുവരും ഒന്നിച്ച് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. കേസിലെ നാലു പ്രതികളാണ് ചെക്യാട് ഭാഗത്ത് ഒരുമിച്ചുണ്ടായിരുന്നത്. എങ്കിലും ശ്രീരാഗ് ആണ് കൂടുതല്‍ സമയവും രതീഷിനൊപ്പമുണ്ടായിരുന്നതെന്ന് സൈബര്‍ പൊലീസ് സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
അതേസമയം, സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികളായ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു. പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന കാര്യം താന്‍ തുടക്കത്തിലേ ചൂണ്ടിക്കാട്ടിയതാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. രതീഷിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടണം. സിപിഐഎം പ്രതികളായ കൊലക്കേസുകളില്‍ അസ്വാഭാവിക മരണങ്ങള് നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. കണ്ണൂരിലെ പല രാഷ്ട്രീയ കൊലക്കേസുകളിലേയും പ്രതികളുടെ മരണം ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസിലേയും പയ്യോളി മനോജ് വധക്കേസിലേയും പ്രതികള്‍ ട്രെയിന്‍ തട്ടി മരിച്ചു. അരിയില്‍ ഷുക്കൂര്‍, ഫസല്‍ വധക്കേസ് പ്രതികള്‍ സമാനമായി ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. പരിശീലനം ലഭിച്ച സിപിഐഎം ഗുണ്ടകളാണ് നിഷ്ഠൂരമായ രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടത്തുന്നത്. അവര്‍ പൊലീസ് അന്വേഷണത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാനുള്ള മൗഢ്യം കേരളീയ സമൂഹത്തിനില്ല. ഈ ദുരൂഹമരണങ്ങളുടെ സത്യാവസ്ഥ കണ്ടെത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
രതീഷിന്റെ മരണം യാദൃശ്ചികമായി സംഭവിച്ചതെന്നാണ് കെ സുധാകരന് എംപി രാവിലെ പറഞ്ഞത്. കേസിലെ പ്രതികള്‍ ഒരുമിച്ച് താമസിക്കുന്നതിനിടെ ഒരു പ്രാദേശിക നേതാവിനെ കുറിച്ചുള്ള രതീഷിന്റെ പരാമര്‍ശത്തില്‍ പ്രകോപിതരായ പ്രതികള്‍ അദ്ദേഹത്തെ അക്രമിക്കുകയായിരുന്നുവെന്നാണ് സുധാകരന്റെ വെളിപ്പെടുത്തല്‍. ആക്രമണത്തില്‍ രതീഷിന്റെ ബോധം പോയതോടെ മരത്തില്‍ കെട്ടിതൂക്കുകയായിരുന്നുവെന്നും സുധാകരന് ആരോപിച്ചു. പ്രതികള്‍ താമസിച്ച വളയത്തെ ഒരു പ്രാദേശിക പ്രവര്‍ത്തകനില്‍ നിന്നാണ് ഈ വിവരം തനിക്ക് ലഭിച്ചതെന്നും അയാളുടെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എംപി വ്യക്തമാക്കി.
‘മന്‍സൂര്‍ വധകേസില്‍ ഗൂഢാലോചനയുണ്ട്. രതീഷ് തൂങ്ങി മരിച്ചത് യാദൃശ്ചികമാണ്. മര്‍ദനമേറ്റിട്ടുണ്ട്. അതെല്ലാം യാദൃശ്ചിക സംഭവത്തിന്റെ ഭാഗമായിട്ടാണെന്നാണ് വൈകി വന്ന തെളിവുകളില്‍ നിന്നും മനസിലാവുന്നത്. സംസാര മധ്യേ അദ്ദേഹം ഒരു നേതാവിനെകുറിച്ച് പറഞ്ഞു. അതിനോടുള്ള പ്രതികരണമാണ് രതീഷിനെതിരെ നടന്ന ആക്രമണം. പ്രതികള്‍ ഒരുമിച്ചാണ് താമസിക്കുന്നത്. അവിടെ വെച്ച് രതീഷ് ഒരു നേതാവിനെകുറിച്ച് നടത്തിയ പ്രകോപനപരമായ പരാമര്‍ശത്തില്‍ പ്രകോപിതരായവര്‍ രതീഷിനെ അക്രമിച്ചു. അക്രമത്തില്‍ ബോധംകെട്ടു. അയാളെ കെട്ടിതൂക്കി. ഇവര്‍ ഒളിവില്‍ താമസിച്ചത് വളയത്താണ്. തൂങ്ങിമരണമല്ല. ഈ പറയുന്ന നേതാവ് മന്‍സൂര്‍ നേതാവിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ട്. പ്രാദേശിക നേതാവാണ്. ഇവര്‍ക്ക് വേണ്ടത്ര സംരക്ഷണം നല്‍കിയില്ലായെന്ന പരാമര്‍ശത്തിലാണ് പ്രകോപനം ഉണ്ടായത്. ഈ വിവരം ലഭിച്ചതിന്റെ കേന്ദ്രം വെളിപ്പെടുത്താന്‍ കഴിയില്ല. പിന്നെ അദ്ദേഹത്തിന് അവിടെ ജീവിക്കാന്‍ പറ്റില്ല.’ കെ സുധാകരന് പറഞ്ഞു.
പനോളി വത്സന് എന്ന നേതാവാണ് മന്‍സൂര്‍ വധക്കേസ് ആസൂത്രണം ചെയ്തതെന്ന ആരോപണത്തില്‍ സുധാകരന് ഉറച്ച് നിന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തെരഞ്ഞെടുപ്പ് ചുമതലയുള്ള സ്ഥലത്ത് അദ്ദേഹം എന്തുകൊണ്ട് വന്നില്ലെന്നും അദ്ദേഹം അവിടെ വന്നില്ലായെന്നതാണ് ഏറ്റവും സംശയാസ്പദമായ കാര്യമെന്നും സുധാകരന് പറഞ്ഞു.