നിയമപരമായ തുടര്‍നടപടി സ്വീകരിക്കാന്‍ ജലീലിന് അവകാശമുണ്ടെന്ന് കോടിയേരി; ‘പാര്‍ട്ടിക്ക് തീരുമാനമെടുക്കാന്‍ സമയമായിട്ടില്ല’
ലോകായുക്ത വിധിയില്‍ നിയമപരമായ തുടര്‍നടപടി സ്വീകരിക്കാന്‍ മന്ത്രി കെടി ജലീലിന് അവകാശമുണ്ടെന്ന് സിപിഐഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്. ലോകായുക്തയ്ക്ക് മുകളിലാണ് ഹൈക്കോടതി. ഹൈക്കോടതിക്ക് മുന്നില്‍ ഹര്‍ജി നല്‍കാനുള്ള അവകാശം കെടി ജലീലിനുണ്ട്. അതില്‍ യുക്തമായ തീരുമാനം അദ്ദേഹത്തിനെടുക്കാമെന്ന് കോടിയേരി വ്യക്തമാക്കി. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ട്. നിയമവശങ്ങള്‍ പരിശോധിച്ച് ആവശ്യമായ തീരുമാനം സ്വീകരിക്കും. വിഷയത്തില്‍ പാര്‍ട്ടിക്ക് തീരുമാനമെടുക്കാനുള്ള സമയമായിട്ടില്ല. കൃത്യമായ സമയത്ത് എല്ലാ കാര്യവും പരിശോധിച്ച് തീരുമാനമെടുക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
കസ്റ്റംസ് സ്പീക്കറുടെ ഓഫീസിലെത്തി വിവരശേഖരണം നടത്തിയെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. വിവരശേഖരണം നടത്താന്‍ ഏത് ഏജന്‍സിക്കും അവകാശമുണ്ട്. അതില്‍ തെറ്റില്ലെന്നും കോടിയേരി വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ യുഡിഎഫില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ ഉള്‍പ്പെടെ യുഡിഎഫ്-ബിജെപി ബാന്ധവം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പോലും അവരുടെ വോട്ടുകള്‍ നിലനിര്‍ത്താനാകുന്നില്ല. പലമണ്ഡലങ്ങളിലും കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചെന്ന് വ്യക്തമാണ്. എന്നാല്‍ ഈ കൂട്ടുകെട്ടിനെ അതിജീവിച്ച് എല്‍ഡിഎഫ് മികച്ച വിജയം നേടും. കോണ്‍ഗ്രസിനകത്ത് തര്‍ക്കം ആരംഭിച്ച് കഴിഞ്ഞതിന്റെ സൂചനയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഫലം വരുമ്പോള്‍ അത് ഉരുല്‍ പൊട്ടലാകും. ഈ അവിശുദ്ധ ബന്ധത്തെ മറികടന്ന് എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്ന് കോടിയേരി വ്യക്തമാക്കി. വട്ടിയൂര്‍ക്കാവ് സംബന്ധിച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്നും മന്ത്രി ജി സുധാകരന്റെ പ്രതികരണം തെറ്റായ വാര്‍ത്തകള്‍ക്ക് എതിരെയാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ജലീലിന്റെ ബന്ധുവിന്റെ നിയമനത്തിനായി ന്യൂനപക്ഷ കോര്പ്പറേഷന് നിയമന മാനദണ്ഡ ഇളവ് സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പിട്ടുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. 2016 ഓഗസ്റ്റ് ഒമ്പതിനാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത്. മാനദണ്ഡത്തില്‍ ഇളവു വരുത്തിയുള്ള നിയമനത്തെ അഡീഷണല്‍ സെക്രട്ടറി എതിര്‍ത്തിരുന്നുവെന്നും എന്നാല്‍ ഈ എതിര്‍പ്പ് അവഗണിച്ച് ഉത്തരവിറക്കാന്‍ മന്ത്രി ജലീല്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്.
ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ആ അഭിമുഖത്തില്‍ പലരും പങ്കെടുക്കുകയും ചെയ്തു. ഈ അഭിമുഖത്തില്‍ ജലീലിന്റെ ബന്ധു അദീപ് ഹാജരായിരുന്നില്ല. പിന്നീട് ഈ പോസ്റ്റിന് പുതിയോ യോഗ്യത നിശ്ചയിക്കുകയായിരുന്നു.
നേരത്തെ അദീപിന്റെ നിയമനത്തിനായി അദീപിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറ്റാന്‍ ആവശ്യപ്പെട്ട് നല്കിയ കത്ത് പുറത്ത് വന്നിരുന്നു. മന്ത്രിയുടെ കീഴിലുള്ള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ നിയമനത്തിലുള്ള യോഗ്യതയില്‍ മാറ്റം വരുത്താനാണ് കത്ത് നല്‍കിയത്. കെടി അദീപ് എന്ന ബന്ധുവിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് ഈ തസ്തിക മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. മന്ത്രിയായി ചുമതലയേറ്റ് രണ്ട് മാസത്തോളമടുത്തപ്പോഴാണ് കെടി ജലീല്‍ 26-7-2016 ല്‍ ജിഐഡി സെക്രട്ടറിക്ക് മന്ത്രി കത്ത് നല്‍കിയത്.
ജനറല്‍ മാനേജരുടെ യോഗ്യത ബിടെക് വിത്ത് പിജിഡിബിഎ എന്ന് കൂടി മാറ്റി യോഗ്യത നിശ്ചയിക്കാനാണ് കെടി ജലീല്‍ ആവശ്യപ്പെട്ടത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യത മാറ്റി നിശ്ചയിച്ചു സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു. മന്ത്രിയുടെ ബന്ധു കെടി അദീബിന്റെ യോഗ്യത് ബിടെക്കും പിജിഡിബിഎയുമായിരുന്നു.