മലപ്പുറം സ്ഫോടനം: പെന്‍ഡ്രൈവില്‍ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും വധഭീഷണി; പാര്‍ലമെന്റിന്റെയും ചെങ്കോട്ടയുടേയും ചിത്രങ്ങളും
തിരുവനന്തപുരം: മലപ്പുറത്ത് കളക്ട്രേറ്റ് വളപ്പിലുണ്ടായ സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെത്തിയ പെന്‍ഡ്രൈവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം. മോദിയെ കൂടാതെ കേന്ദ്രമന്ത്രിമാരേയും മുതിര്‍ന്ന ബി.ജെ.പി നേതാക്കളെയും വധിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. പാര്‍ലമെന്റും ചെങ്കോട്ടയുമടക്കം രാജ്യത്തെ സുപ്രധാനമായ ചില സ്ഥലങ്ങളുടെ ചിത്രങ്ങളും പെന്‍ഡ്രൈവിലുണ്ട്.
സ്ഫോടനം നടന്ന കാറിനടുത്ത് നിന്ന് കണ്ടെത്തിയ ”ബേസ് മൂവ്മെന്റ്” എന്ന് എഴുതിയ പെട്ടിയിലാണ് പെന്‍ഡ്രൈവും ഇന്ത്യയുടെ മാപ്പ് രേഖപ്പെടുത്തിയ ഒരു പേപ്പറും കണ്ടെത്തിയത്. ഈ പെന്‍ഡ്രൈവ് പരിശോധിച്ചപ്പോള്‍ ആണ് പ്രധാനമന്ത്രിയുടേയും പ്രമുഖ കേന്ദ്രമന്ത്രിമാരുടേയും ചില പ്രധാനസ്ഥലങ്ങളുടേയും ചിത്രങ്ങള്‍ കണ്ടെത്തിയത്.
പെന്‍ഡ്രൈവില്‍ പവര്‍പോയിന്റ് ഫയലായാണ് അടിക്കുറിപ്പുകള്‍ സഹിതം ഈ ചിത്രങ്ങളുണ്ടായിരുന്നത്. പ്രധാനമന്ത്രി അടക്കമുള്ളവരുടെ ചിത്രത്തിന് താഴെ ഇംഗ്ലീഷില്‍ ഇവരെ വധിക്കുമെന്ന സന്ദേശവുമുണ്ടായിരുന്നു. കൊല്ലം കളക്ട്രേറ്റ്, മൈസൂര്‍ കോടതി, ചിറ്റൂര്‍ കോടതി എന്നിവിടങ്ങളിലുണ്ടായ സ്ഫോടനങ്ങള്‍ക്ക് പിറകില്‍ തങ്ങള്‍ തന്നെയാണെന്ന സന്ദേശവും പെന്‍ഡ്രൈവിലുണ്ട്. കോടതികളുടെ പക്ഷപാതം, ഭരണകൂട ഭീകരത തുടങ്ങിയവയെക്കുറിച്ചും, ഉത്തര്‍പ്രദേശിലെ ബീഫ് കൊലപാതകത്തെക്കുറിച്ചും പെന്‍ഡ്രൈവില്‍ പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. സ്ഫോടനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുവാന്‍ എന്‍ഐഎയുടെ പ്രത്യേകസംഘം മലപ്പുറത്തെത്തിയിരുന്നു. എന്‍ഐഎ ഡിവൈഎസ്പി അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷണത്തിനായി എത്തിയത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരിട്ട് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്.
കൊല്ലം, ചിറ്റൂര്‍,മൈസൂര്‍ സ്ഫോടനങ്ങളുടെ തുടര്‍ച്ചയാണ് മലപ്പുറത്തെ സ്ഫോടനം എന്ന് വ്യക്തമായ സ്ഥിതിക്ക് മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളുമായി സഹകരിച്ചാവും അന്വഷണം നടക്കുക. മലപ്പുറത്ത് സ്ഫോടനം നടത്തിയ രീതികളും മറ്റും പരിശോധിച്ച പൊലീസ് ഇത് മറ്റു സ്ഫോടനകളുടെ തുടര്‍ച്ചയാണെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്തെങ്കിലും സന്ദേശം ബാക്കിവയ്ക്കുന്നത്.