ഒറ്റ പരാമര്‍ശത്തിന്റെ പേരിലാണ് കെഎം മാണിയും കെകെ രാമചന്ദ്രനും രാജിവെച്ചത്’; ജലീലിന്റേത് വെല്ലുവിളിയും ധിക്കാരവുമെന്ന് പികെ ഫിറോസ്
കൊച്ചി: കെടി ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. മന്ത്രിസ്ഥാനത്തുനിന്നും രാജിയില്ലെന്ന് പറയുന്നത് ജനങ്ങളോടും നിയമസംവിധാനങ്ങളോടും ഭരണഘടനാ സ്ഥാപനത്തോടുമുള്ള വെല്ലുവിളിയാണ്. ലോകായുക്ത വിധിക്കെതിരെ ജലീല്‍ ഹൈക്കോടതിയെ സമീപിച്ചാല്‍ കേസില്‍ കക്ഷിചേരുമെന്നും പികെ ഫിറോസ് പറഞ്ഞു.
‘ഇത് ജനങ്ങളോടും നിയമസംവിധാനങ്ങളോടും ഭരണഘടനാ സ്ഥാപനത്തോടുമുള്ള വെല്ലുവിളിയാണ്. കാരണം, സുപ്രീംകോടതി ജഡ്ജിയും ഹൈക്കോടതി ജഡ്ജിയുമായിരുന്ന രണ്ട് വ്യക്തികള്‍ മാസങ്ങളോളം പരിശോധന നടത്തി, അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ളവരുടെ വാദങ്ങള്‍ കേട്ട് പഠനം നടത്തിയാണ് വിധി പുറപ്പെടുവിടുവിച്ചിട്ടുള്ളത്. മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുര്‍വിനിയോഗവും നടത്തിയിട്ടുണ്ടെന്ന് അവര്‍ വിധിയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. മന്ത്രിയുടെ ബന്ധുവിനെ നിയമിക്കാനായി യോഗ്യതയിലടക്കം മാറ്റം വരുത്തിയെന്നും സ്വജനപക്ഷപാതം നടത്തിയെന്നും അവര്‍ കൃത്യമായി പറയുന്നുണ്ട്. മന്ത്രി സ്ഥാനത്തിരിക്കാന്‍ ജലീല്‍ യോഗ്യനല്ലെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. ഇനിയും അതില്‍ അപ്പീല്‍ പോകുമെന്നും അനുസരിക്കാന്‍ തയ്യാറല്ലെന്നും പറയുന്നത് വലിയ വെല്ലുവിളിയാണ്. ജനാധിപത്യ രാജ്യത്ത് ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ്’, ഫിറോസ് പറഞ്ഞു.
മാത്രമല്ല, കേരളത്തില്‍ എത്രയോ മന്ത്രിമാര്‍ ഒരു പരാമര്‍ശത്തിന്റെ പേരില്‍ വരെ സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. വിധിന്യായത്തില്‍ പോലുമില്ലാതിരുന്ന ഒറ്റ പരാമര്‍ശത്തിന്റെ പേരിലാണ് കെഎം മാണി മന്ത്രിസ്ഥാനം രാജിവെച്ചത്. ലോകായുക്തയുടെ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് കെകെ രാമചന്ദ്രന് രാജിവെച്ചത്. അങ്ങനെ എത്രയോ പേര് കോടതിയുടെ പരാമര്‍ശത്തിന്റെ പേരില്‍പ്പോലും രാജിവെക്കുമ്പോള്‍ മന്ത്രിസ്ഥാനത്തുനിന്നും പിടിച്ച് പുറത്താക്കണമെന്ന് ഒരു ഭരണഘടനാ സ്ഥാപനം ആവശ്യപ്പെട്ടിട്ട് അനുസരിക്കില്ലെന്ന് പറയുന്നത് ധിക്കാരവും ധാര്‍ഷ്ട്യവുമാണ്. അത് കേരളീയ സമൂഹം അംഗീകരിക്കില്ലെന്നും ഫിറോസ് വ്യക്തമാക്കി.
ബന്ധുനിയമനത്തില്‍ മന്ത്രി കെടി ജലീലിന്റെ ഇടപെടലുണ്ടായിട്ടുണ്ടെന്ന് വ്യക്തമാണെന്ന ലോകായുക്ത വിധി വന്നതിന് ശേഷവും ജലീല്‍ മന്ത്രി സ്ഥാനത്തുനിന്നും രാജിവെക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെയും സിപിഐഎമ്മിന്റെയും നിലപാട്. ലോകായുക്ത നിയമപരമായ സ്ഥാപനമാണെന്നും നിയമം അനുശാസിക്കുന്ന രീതിയില്‍ നീങ്ങുമെന്നുമാണ് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്
വിധി ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന സിപിഐഎം യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ജലീല്‍ രാജിവെക്കേണ്ടതില്ലെന്നും അത്തരമൊരു സമ്പ്രദായം ഇല്ലെന്നുമാണ് മന്ത്രി എകെ ബാലന് പറഞ്ഞത്. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ നിയമിക്കരുതെന്ന് എവിടെയും വ്യവസ്ഥയില്ലെന്നും ബാലന് അഭിപ്രായപ്പെട്ടു.
ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ജലീലിന്റെ നീക്കം. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചന തുടങ്ങി. ഹൈക്കോടതി അവധിക്കാല ബെഞ്ചിലേക്ക് അടിയന്തിര പ്രധാന്യത്തോടെ ഹരജി എത്തിക്കാനാണ് ശ്രമം. തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും.
ജലീല്‍ സ്വജന പക്ഷപാതം നടത്തിയെന്നും ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നുമാണ് ലോകായുക്തയുടെ വിധി. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ബന്ധുവായ കെടി അദീപിനെ നിയമിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അദീപിന്റെ നിയമനത്തിന് വേണ്ടി ജലീല്‍ ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കി നിയമനം നടത്തിയെന്നാണ് ആരോപണം.
വികെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന് ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിവെച്ചാണ് ലോകായുക്തയുടെ റിപ്പോര്‍ട്ട്. ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സ്വജന പക്ഷപാതം കാണിച്ചെന്നുമാണ് ലോകായുക്ത ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സ്ഥാനത്തുനിന്നും ജലീലിനെ നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.