മന്‍സൂര്‍ കൊലക്കേസിലെ അന്വേഷണ സംഘത്തെ മാറ്റി; അന്വേഷണം ക്രൈംബ്രാഞ്ചിന്
കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ കൊലക്കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചിന്റെ ഉത്തര മേഖലാ ഐജിയുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. ഡിജിപിയാണ് ഉത്തരവിറക്കിയത്. അന്വേഷണ സംഘത്തെയും മാറ്റി.
നിലവിലെ അന്വേഷണ സംഘത്തിനെതിരെ പ്രതിപക്ഷം വിമര്‍ശനം കടുപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം. അന്വേഷണ ചുമതലയില്‍നിന്നും ഡിവൈഎസ്പി ഇസ്മായിലിനെ മാറ്റണമെന്നും ഒരു ഐപിഎസ് ഉദ്യോഗസ്ഥന് അന്വേണം കൈമാറണമെന്നുമായിരുന്നും പ്രതിപക്ഷം ഉയര്‍ത്തിയ ആവശ്യം.
കേസില്‍ സഹോദരന് മുഹ്സിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ മൂഹ്സിന്‍ അന്വേഷണ സംഘത്തോടും ആവര്‍ത്തിച്ചു. അതേസമയം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അശ്വന്ത്, ശ്രീരാഗ് എന്നിവരെകൂടി പോലീസ് കസ്റ്റഡിയിലെടുത്തു.
നിലവില്‍ മന്‍സൂര്‍ കോലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയും മന്‍സൂറിന്റെ അയല്‍വാസിയുമായ ഷിനോസിനെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് ആരോപിക്കപ്പെട്ട ഒദയോത്ത് അനീഷിനെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടാം പ്രതിയായ രതീഷിനെ ഇന്നലെ വളയം പൊലീസ് സ്റ്റേഷന് പരിധിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
സിപിഐഎം പ്രവര്‍ത്തകരായ പതിനൊന്നോളം പേരെയാണ് എഫ് ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഫ്ഐആറില്‍ ഇല്ലാത്ത ആളാണ് കസ്റ്റഡിയിലായ കൊച്ചിയങ്ങാടി സ്വദേശി അനീഷ്. ഇയാള്‍ കൊലപാതകത്തെ തുടര്‍ന്ന് ഒളിവിലായിരുന്നു. തലശ്ശേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
സിപിഐഎം നേതാക്കളും പ്രവര്‍ത്തകരുമാണ് മന്‍സൂര്‍ വധത്തിന്റെ പ്രതിപ്പട്ടികയില്‍ അധികവും. കേസിലെ ഒന്നാം പ്രതി ഷിനോസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയായ രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഡിവൈഎഫ്ഐ മേഖലാ ട്രഷററും ഷുഹൈബ് വധക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുമായ സുഹൈലാണ് സംഘത്തിന് നേതൃത്വം കൊടുത്തതെന്നാണ് സൂചന. സുഹൈലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.