കെടി ജലീലിന് സര്‍ക്കാര്‍ പിന്തുണ; ‘രാജി വെക്കേണ്ടതില്ല, ആ സമ്പ്രദായം ഇല്ല’
ബന്ധുനിയമനത്തിലെ ലോകായുക്താ നിലപാടില്‍ മന്ത്രി കെടി ജലീലിനെ പിന്തുണച്ച് സര്‍ക്കാര്‍. ജലീല്‍ ഉടന്‍ രാജി വെക്കേണ്ട സാഹചര്യമില്ലെന്നും അത്തരമൊരു സമ്പ്രദായമില്ലെന്നും മന്ത്രി എകെ ബാലന് പറഞ്ഞു. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് എവിടേയും വ്യവസ്ഥയില്ലെന്നും എകെ ബാലന് കൂട്ടിചേര്‍ത്തു. ജലീല്‍ സ്വജന പക്ഷപാതം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്നുമുള്ള ലോകായുക്ത ഉത്തരവിലാണ് എകെ ബാലന്റെ പ്രതികരണം.
‘മഞ്ഞളാംകുഴി അലി ഡെപ്യൂട്ടേഷനില്‍ ആളെ എടുത്തിട്ടുണ്ട്. ബന്ധു ആയിരിക്കില്ല. ആണോയെന്നുള്ളത് എനിക്ക് അറിയില്ല. കെ എം മാണി സാറും ഇതേ പേസ്റ്റിലേക്ക് ആളെ വെച്ചിട്ടുണ്ട്. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ വെക്കാന്‍ പാടില്ലെന്ന് എവിടേയും ഇല്ല. യോഗ്യതയുണ്ടോയെന്നതാണ് വിഷയം. യോഗ്യതയുണ്ടോ എന്നത് സംബന്ധിച്ച ജലീല്‍ ഹൈക്കോടതിയേയും ഗവര്‍ണറേയും നേരത്തെ ബോധ്യപ്പെടുത്തിയതാണ്. അത് എതിരായിരുന്നില്ല. ലോകായുക്ത നിലപാടില്‍ പരിശോധിക്കുമെന്ന് ജലീല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധി വന്നാല്‍ അപ്പോള്‍ തന്നെ രാജി വെക്കേണ്ട സമ്പ്രദായം ഇവിടെയില്ല.’ എകെ ബാലന് പ്രതികരിച്ചു.
ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ജലീലിന്റെ നീക്കം. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചന തുടങ്ങി. ഹൈക്കോടതി അവധിക്കാല ബെഞ്ചിലേക്ക് അടിയന്തിര പ്രധാന്യത്തോടെ ഹരജി എത്തിക്കാനാണ് ശ്രമം. തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും.
ജലീല്‍ സ്വജന പക്ഷപാതം നടത്തിയെന്നും ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നുമാണ് ലോകായുക്തയുടെ വിധി. മുഖ്യമന്ത്രി തുടര്‍ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു. വിധിപ്പകര്‍പ്പ് മുഖ്യമന്ത്രിക്ക് കൈമാറും.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ബന്ധുവായ കെടി അദീപിനെ നിയമിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അദീപിന്റെ നിയമനത്തിന് വേണ്ടി ജലീല്‍ ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കി നിയമനം നടത്തിയെന്നാണ് ആരോപണം.
വികെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന് ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിവെച്ചാണ് ലോകായുക്തയുടെ റിപ്പോര്‍ട്ട്. ജലീല്‍ സത്യ പ്രതിജ്ഞാ ലംഘനം നടത്തിയെന്നും സ്വജന പക്ഷപാതം കാണിച്ചെന്നുമാണ് ലോകായുക്ത ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ല. സ്ഥാനത്തുനിന്നും ജലീലിനെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.