കണ്ണൂരില്‍ ആസൂത്രിത കലാപത്തിന് ലീഗ് ശ്രമമെന്ന് എംവി ജയരാജന്; സിപിഐഎം ഓഫീസുകള്‍ തകര്‍ത്ത 21 ലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍
പെരിങ്ങത്തൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ച പാര്‍ട്ടി ഓഫീസുകള്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും പി ജയരാജനും സന്ദര്‍ശിച്ചു. രാവിലെ എട്ടുമണിയോടെയാണ് നേതാക്കള്‍ സ്ഥലത്തെത്തിയത്. പ്രകോപനമുണ്ടായാലും പ്രതികരിക്കരുതെന്നാണ് പാര്‍ട്ടി അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ജില്ലാ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.
ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം സംബന്ധിച്ച് സിപിഐഎം നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് എംവി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. ആസൂത്രിത കലാപത്തിനാണ് ലീഗിന്റെ അക്രമികള്‍ ശ്രമിച്ചത്. എട്ടു ഓഫീസുകള്‍, കടകള്‍, വായനശാലകള്‍, സ്റ്റുഡിയോ, വീടുകള്‍ ഇതെല്ലാം തകര്‍ത്തതില്‍ നിന്ന് വ്യക്തമാകുന്നത്. കലക്ടര്‍ വിളിച്ച സമാധാനയോഗവുമായി സിപിഐഎം സഹകരിക്കുമെന്നും കുറ്റക്കാരുടെ പേരില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും എംവി ജയരാജന് ആവശ്യപ്പെട്ടു.
അതേസമയം, സിപിഐഎം ഓഫീസുകള്‍ തകര്‍ത്ത സംഭവത്തില്‍ 21 മുസ്ലീംലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 20ഓളം വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് സമാധാന യോഗം ചേരും. ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് യോഗം. രാവിലെ 11ന് ജില്ലാ കലക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെയാണ് സിപിഐഎം ഓഫീസുകള്‍ക്ക് നേരെ അക്രമങ്ങളുണ്ടായത്.
പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിനും കീഴ്മാടം, കൊച്ചിയങ്ങാടി, പാനൂര്‍ ടൗണ്‍, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ക്കും ലീഗുകാര്‍ തീവച്ചു. പെരിങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെയും അക്രമമുണ്ടായി. പാനൂരില്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യം പരിഗണിച്ച് കണ്ണൂരില്‍നിന്ന് കൂടുതല്‍ പൊലീസ് സംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.
ബോംബേറില്‍ കാല്‍മുട്ടിലേറ്റ ഗുരുതര പരുക്കാണ് മന്‍സൂറിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബോംബേറില്‍ മന്‍സൂറിന്റെ കാല്‍മുട്ട് തകര്‍ന്നു. ശരീരത്തില്‍ ആഴത്തിലുള്ള മറ്റ് മുറിവുകളില്ല. രക്തം വാര്‍ന്നുപോയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മുട്ട് ചിതറിപ്പോയ അവസ്ഥയിലായതിനാല്‍ ആദ്യം പ്രവേശിപ്പിച്ച തലശ്ശേരിയിലെയും പിന്നീട് എത്തിച്ച വടകരയിലെയും ആശുപത്രികളില്‍ വെച്ച് മുറിവ് തുന്നിച്ചേര്‍ക്കാന്‍ പറ്റിയിരുന്നില്ല. പിന്നീടാണ് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് എത്തിച്ചത്. മന്‍സൂറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോയുടെ പ്രതികരണം. പത്തിലധികം പേരടങ്ങിയ സംഘമാണ് കൊലനടത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
അതേസമയം, മന്‍സൂര്‍ കൊലപാതകത്തിലെ ഗൂഢാലോചനക്കാരനെന്ന കെ സുധാകരന്റെ ആരോപണത്തിന് മറുപടിയുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം പാനോളി വത്സന് രംഗത്തെത്തി. കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഐഎമ്മിന്റെ മേല്‍ വയ്ക്കാനുള്ള ശ്രമമാണ് സുധാകരന് നടത്തുന്നതെന്നും സംഭവവുമായി സിപിഐഎമ്മിനോ നേതാക്കള്‍ക്കോ ബന്ധമില്ലെന്നും പാനോളി വത്സന് എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു. നേതാക്കളെ പ്രതിയാക്കാന്‍ സുധാകരന് ആഗ്രഹമുണ്ടാകും. അതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. തങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.
പാനോളി വത്സന്റെ വാക്കുകള്‍: ”ചിലര്‍ വിളിച്ച് പറഞ്ഞപ്പോഴാണ് അങ്ങനെയൊരു വാര്‍ത്ത പ്രചരിക്കുന്നത് അറിഞ്ഞത്. തെരഞ്ഞെടുപ്പ് ദിവസം ഞാന്‍ സഞ്ചരിച്ചത് കൂത്തുപറമ്പ് നഗരസഭയിലും കോട്ടയം, പാട്യം പഞ്ചായത്തിലുമാണ്. ഇവിടെയുള്ള ബൂത്തുകള്‍ സന്ദര്‍ശിക്കാനാണ് എല്‍ഡിഎഫ് എന്നെ ചുമതലപ്പെടുത്തിയത്. അവിടെയായിരുന്നു ഉണ്ടായിരുന്നത്. സുധാകരന് അങ്ങനെയൊരു കാര്യം പറയുമ്പോള്‍ നീതി പുലര്‍ത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഐഎമ്മിന്റെ മേല്‍ വയ്ക്കാനുള്ള ശ്രമമാണ് സുധാകരന് നടത്തിയത്.
സംഭവവുമായി സിപിഐഎമ്മിന് നേരിട്ട് ബന്ധമില്ലെന്ന് നേതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശികമായി നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ്. സംഭവവുമായി സിപിഐഎമ്മിനോ നേതാക്കള്‍ക്കോ ബന്ധമില്ല. സുധാകരന് പല സംഭവങ്ങളും നടത്തി പരിചയമുള്ള ആളെന്ന നിലയില്‍, ഏത് സംഭവവും സിപിഐഎമ്മിന്റെയും നേതാക്കളുടെയും തലയില്‍ വയ്ക്കാന്‍ സാമര്‍ത്ഥ്യമുള്ള നേതാവാണ്. ഇതില്‍ അപ്പുറം പരാമര്‍ശത്തെ കാണേണ്ടതില്ല. ബന്ധമില്ലാത്ത കാര്യങ്ങള്‍ക്ക് ബന്ധമില്ലെന്ന് തന്നെ പാര്‍ട്ടി പറയാറുണ്ട്.
സംഭവസമയത്ത് ഞങ്ങള്‍ എവിടെയായിരുന്നു എന്നെല്ലാം പൊലീസിന് സമഗ്രമായി അന്വേഷിക്കാം. സുധാകരന് എത്ര ക്രിമിനല്‍ കേസുകളിലും ഗൂഢാലോചനകളിലും പങ്കാളിയാണെന്ന് നാടിന് അറിയാം. നേതാക്കളെ പ്രതിയാക്കാന്‍ സുധാകരന് ആഗ്രഹമുണ്ടാകും. അതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. പാര്‍ട്ടി അച്ചടക്കത്തിലും അനുസരണയിലും ജനസേവനം നടത്തുന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് സുധാകരന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്. ഒന്നിനെക്കുറിച്ചും ഭയവുമില്ല, ആശങ്കയുമില്ല.’