‘രേഖകള്‍ സംസാരിക്കട്ടെ’, കണക്കുകള്‍ നിരത്തി ഉമ്മന്‍ചാണ്ടി; ഫേസ്ബുക്ക് തര്‍ക്കം തുടരുന്നു
പരസ്യ പ്രചാരണം അവസാനിച്ച് കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് പോകവെ സംസ്ഥാനത്തെ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള സാമൂഹിക മാധ്യമങ്ങളിലെ കൊമ്പ് കോര്‍ക്കല്‍ തുടരുന്നു. ഇത്തവണ രേഖകള്‍ പങ്കുവെച്ചാണ് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്.
അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അതിനു മുമ്പുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്തപ്പോള്‍ ഇക്കാലമത്രയും പ്രചരിപ്പിച്ച നട്ടാല്‍ കുരുക്കാത്ത നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടുള്ള മറുപടിയാണ് നല്‍കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ക്ഷേമപെന്ഷന്, സൗജന്യ അരി, മെഡിക്കല്‍ കോളജ്, കാരുണ്യ പദ്ധതി, ആരോഗ്യകിരണം, രാഷ്ട്രീയകൊലപാതകം, പിഎസ് സി നിയമനം, റബര്‍ സബ്സിഡി, ബാറുകള്‍ പൂട്ടി, വന്‍കിട പദ്ധതികള്‍, ശബരിമല, സാമ്പത്തിക വളര്‍ച്ചാ നിരക്ക് എന്നീ വിഷയങ്ങലിലാണ് ഉമ്മന്‍ചാണ്ടി ഇരുസര്ക്കാരുകളേയും താരതമ്യം ചെയ്ത് കണക്കുകള്‍ പങ്കുവെച്ചത്.
ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക്കുറിപ്പിന്റെ പൂര്ണംരൂപം
മുഖ്യമന്ത്രിക്കുള്ള മറുപടി ഇനി രേഖകള്‍ സംസാരിക്കട്ടെ.
അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അതിനു മുമ്പുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്തപ്പോള്‍ ഇക്കാലമത്രയും പ്രചരിപ്പിച്ച നട്ടാല്‍ കുരുക്കാത്ത നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടുള്ള മറുപടിയാണ്. മുഖ്യമന്ത്രി നല്‍കിയത്. അതുകൊണ്ട് ഇതു സംബന്ധിച്ച രേഖകള്‍ പുറത്തുവിടുകയണ്. അവ സംസാരിക്കട്ടെ.
ക്ഷേമപെന്ഷന്
സാമൂഹിക നീതി വകുപ്പ് ക്ഷേമപെന്‍ഷനുകള്‍ 5 സ്ലാബുകളിലായി 1100 രൂപ വരെയാക്കിയ 2014 സെപ്റ്റംബര്‍ 10ലെ ഉത്തരവും വാര്‍ധക്യകാല പെന്ഷന് 1500 രൂപവരെയാക്കിയ 2016 മാര്‍ച്ച് ഒന്നിലെ ഉത്തരവും ഇതോടൊപ്പമുണ്ട്. യുഡിഎഫ് 600 രൂപയാണ് പെന്ഷന് നല്‍കിയതെന്ന പ്രചാരണം ഇനിയെങ്കിലും നിര്‍ത്തുമല്ലോ.
പെന്ഷന് മുടക്കി
പെന്ഷന് മുടങ്ങിയതു സംബ്നധിച്ച് നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് 26.4.2017ല്‍ നല്കിയ മറുപടി ഇതോടൊപ്പം. ഇതനുസരിച്ച് 2014 നവം, ഡിസം, ജനു എന്നീ 3 മാസങ്ങളിലാണ് പെന്ഷന് മുടങ്ങിയത്. 2015 ഫെബ്രു മുതല്‍ പെന്ഷന് ബാങ്കിലേക്കു മാറ്റി. നേരത്തെ മണിഓര്‍ഡര്‍ വഴി പെന്ഷന് വഴി വിതരണം ചെയ്തപ്പോള്‍ വലിയ കമ്മീഷന് തുക വേണ്ടിവന്നതിനാലാണിത്. സാങ്കേതിക കാരണങ്ങളാല്‍ വിതരണം ചെയ്ത പെന്ഷന് തുക ലഭിക്കാതെ വന്നിട്ടുണ്ട് എന്നാണ് മന്ത്രി ഇതില്‍ പറയുന്നത്. സാങ്കേതിക കാരണങ്ങളെക്കാള്‍ രാഷ്ട്രീയകാരണങ്ങളായിരുന്നു. ബാങ്കുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി തുക വിതരണംചെയ്തപ്പോള്‍ ചില ഇടതുപക്ഷ ഉദ്യോഗസ്ഥര്‍ മനപൂര്‍വം പെന്ഷന് തുക വിതരണം ചെയ്തില്ല. 2016 ഫെബ്രുവരിയിലെ ക്ഷേമപെന്ഷന് നല്കാന് 246 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഇറക്കിയ ഉത്തരവ് ഇതോടൊപ്പം.
സൗജന്യ അരി
കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്കുന്ന അരി യുഡിഎഫ് അതുപോലെ ആളുകള്‍ക്കു നല്കിയപ്പോള് എല്‍ഡിഎഫ് ബിപിഎല്ലുകാരില്‍ നിന്ന് രണ്ടു രൂപയും എപിഎല്ലുകാരില്‍ നിന്ന് രണ്ടു രൂപ അധികവും വാങ്ങുന്നു. വര്‍ഷത്തില്‍ 3 തവണ നല്‍കിയിരുന്ന ഭക്ഷ്യക്കിറ്റ് നിര്‍ത്തലാക്കി.
മെഡിക്കല്‍ കോളജ്
കോവഡ് ബാധിച്ച് 4658 പേരാണ് കേരളത്തില്‍ ഇതുവരെ മരിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച 16 മെഡിക്കല്‍ കോളജുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്രയും മരണം ഉണ്ടാകില്ലായിരുന്നു. യുഡിഎഫ് മെഡിക്കല്‍ കോളജുകളുടെ ബോര്‍ഡ് മാറ്റുക മാത്രമല്ല ചെയ്തത്. തിരുവനന്തപുരത്തെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് എല്ലാ ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുകയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ 100 എംബിബിഎസ് സീറ്റുകള്‍ക്ക് അനുമതി ലഭിക്കുകയും ചെയ്ത ശേഷമാണ് വേണ്ടെന്നു വച്ചത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ 100 വിദ്യാര്‍ത്ഥികളെ അഡ്മിറ്റ് ചെയ്ത് ക്ലാസ് തുടങ്ങിയിട്ടാണു ഉപേക്ഷിച്ചത്. കോന്നി, കാസര്‍കോഡ്, ഹരിപ്പാട് എന്നീ മെഡിക്കല്‍ കോളജുകള്‍ക്ക് തടസം സൃഷ്ടിച്ചു. ഭരണം തീരാറായപ്പോഴാണ് വയനാട് മെഡിക്കല്‍ കോളജിന് അനക്കംവച്ചത്. കേരളത്തിന് സര്‍ക്കാര്‍ നിരക്കിലുള്ള 2500 എംബിബിഎസ് സീറ്റ് നഷ്ടപ്പെട്ടു.
കാരുണ്യ പദ്ധതി
മാണി സാര്‍ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച കാരുണ്യ പദ്ധതി ഇല്ലാതാക്കിയതിനെക്കുറിച്ച് പ്രതികരിച്ചില്ല. യുഡിഎഫ് അതു പുനരാരംഭിക്കും.
ആരോഗ്യകിരണം
ആരോഗ്യകിരണം, സമാശ്വാസം, സ്നേഹസ്പര്‍ശം, സ്നേഹപൂര്‍വം, വികെയര്‍ തുടങ്ങിയ പദ്ധതികളിലൂടെ കിഡ്നി രോഗികള്‍, ഡയാലിസിസ് നടത്തുന്നവര്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍, പൂര്‍ണശയ്യാവലംബരായവര്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവര്‍ക്ക് ഒരു വര്‍ഷത്തിലധികം ധനസഹായം നിലച്ചതിനെക്കുറിച്ചു മിണ്ടാട്ടമില്ല.
രാഷ്ട്രീയകൊലപാതകം
രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്ന ഇടതുനിലപാടിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അരുംകൊലകള്‍ നടത്തിയെന്നു മാത്രമല്ല, കൊലയാളികളെ സംരക്ഷിക്കാന്‍ രണ്ടു കോടിയിലധികം രൂപ ഖജനാവില്‍ നിന്നു ചെലവഴിക്കുകയും ചെയ്തു.
പിഎസ് സി നിയമനം
യുഡിഎഫിന്റെ പിഎസ് സി നിയമനം 1, 50,353 ആണെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെ 2021 ജനു 12 ന് നിയമസഭയില്‍ നല്കിയ മറുപടി 1,54,386 ആണ്. (രേഖ ഇതോടൊപ്പം). എല്‍ഡിഎഫ് പിഎസ്സി അഡൈ്വസിനെക്കുറിച്ചാണു പറയുന്നത്. ഒരാള്‍ക്ക് നിരവധി അഡൈ്വസ് കിട്ടാന്‍ സാധ്യതയുള്ളതിനാല്‍ അതു നിയമനമായി കൂട്ടാന്‍ പറ്റില്ല.
റബര്‍ സബ്സിഡി
റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ട് യുഡിഎഫ് സര്‍ക്കാര്‍ 2015ലാണ് നടപ്പാക്കിയത്. പദ്ധതി ഇടതുസര്‍ക്കാര്‍ തുടരുകയും ചെയ്തു. സ്വഭാവികമായും കുടുതല്‍ തുക അനുവദിച്ചു. എന്നാല്‍ യുഡിഎഫ് നടപ്പാക്കിയപ്പോള്‍ റബര്‍ വില വെറും 80 രൂപയായിരുന്നു. അതുകൊണ്ട് 70 രൂപ വരെ സബ്സിഡി നല്കി. റബറിന് ഇപ്പോള്‍ 170 രൂപ വിലയുണ്ട്. 5 രൂപ സബ്സിഡി നല്കിയാല് മതി.
വന്‍കിട പദ്ധതികള്‍
വന്‍കിട പദ്ധതികളുടെ നീണ്ട പട്ടികയില്‍ ഒരെണ്ണമെങ്കിലും ഇടതുസര്‍ക്കാരിന്റേതായി ഉണ്ടോ? യുഡിഎഫ് സര്‍ക്കാരിന്റെ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം സിദ്ധിച്ച ഗവണ്മെന്റാണിത്.
ബാറുകള്‍ പൂട്ടി
മദ്യത്തിനെതിരേയുള്ള ശക്തമായ ബോധവത്കരണം നടത്തുന്നുവെന്ന് അവകാശപ്പെടുമ്പോഴാണ് 29 ബാറുകള്‍ ഉണ്ടായത് 605ല്‍ ആയി കുതിച്ചുയര്‍ന്നത്. ചില്ലറ മദ്യവില്പന കേന്ദ്രങ്ങള്‍ 306ല്‍ നിന്ന് 1298 ആയതും.
ശബരിമല
ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച് കേസ് സുപ്രീംകോടതിയില്‍ ആയതിനാല്‍ അഭിപ്രായം പറയുന്നത് വിശ്വാസികളുടെ മനസ് ഇളക്കും എന്നാണ് മറുപടി. യുവതീപ്രവേശത്തെ അനുകൂലിച്ച് ഇടതുസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളു. അതുമാത്രം വ്യക്തമാക്കിയാല്‍ മതി.
സാമ്പത്തിക വളര്‍ച്ചാ നിരക്ക്
സാമ്പത്തിക വളര്‍ച്ചാ നിരക്ക് യുഡിഎഫ് 6.42 %ഉം എല്‍ഡിഎഫ് 5.28% ഉം ആണെന്നുള്ളതിന് സ്രോതസ് വെളിപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളില്‍ നിന്ന് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനം എടുത്തിട്ട് ഓരോ വര്‍ഷത്തെയും വളര്‍ച്ചാനിരക്ക് കണ്ടെത്തി 5 കൊണ്ട് ഹരിച്ചാല്‍ ഈ കണക്കു കിട്ടും. സിഎജി ഉപയോഗിക്കുന്ന അതേ ഫോര്‍മുല ഉപയോഗിച്ചാണ് ഈ കണക്ക് കണ്ടെത്തിയത്.
വിശ്വാസികളെ ചവിട്ടിമെതിച്ചതും യുവതീയുവാക്കള്‍ മുട്ടിലിഴഞ്ഞതും കൊലക്കത്തികള്‍ ഉയര്‍ന്നു താഴ്ന്നതും നീതിനിഷേധിക്കപ്പെട്ട അമ്മമാര്‍ നിലവിളച്ചതുമൊക്കെ കേരളം കണ്ടതാണ്. സത്യമേവ ജയതേ!