ജോയ്സ് പറഞ്ഞത് അദ്ദേഹത്തിന്റെ മനസിലിരിപ്പ്’; മറുപടിയുമായി രാഹുല്‍ ഗാന്ധി
കേരളത്തിലെ സ്ത്രീകള്‍ സ്വയം പര്യാപ്തത കൈവരിക്കുകയെന്നതാണ് തന്റെ കാഴ്ച്ചപ്പാടെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഓരോ മനുഷ്യനും അവരുടെ മനസിലിപ്പാണ് പറയുന്നതെന്നും രാഹുല്‍ പറഞ്ഞു. തനിക്കെതിരായ ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. സര്‍വ്വേ ഫലങ്ങളിലൊന്നും തനിക്ക് വിശ്വാസമില്ല, കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തുവാരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ആളുകള്‍ അവരുടെ മനസിലുള്ളതാണ് പറയുന്നത്. നമ്മള് ആളുകളെ സൂഷ്മമായി നിരീക്ഷിക്കുമ്പോള്‍ അവരുടെ ഉള്ളിലുള്ളതാണ് പറയുന്നതെന്ന് മനസിലാകും. ഇതിലൊന്നും മറുപടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കേരളത്തിലെ സ്ത്രീകള്‍ സ്വയം പര്യാപ്തരാവുകയെന്നതാണ് ഞാന്‍ മുന്നോട്ട് വെക്കുന്ന കാഴ്ച്ചപ്പാട്.’ രാഹുല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ സര്‍വ്വേ ഫലങ്ങളില്‍ തനിക്ക് വിശ്വാസമില്ലെന്നെന്നും രാഹുല്‍ തുറന്നടിച്ചു. നിര്‍ഭാഗ്യകരമായി ഇന്ന് മാധ്യമങ്ങളെ അധികാരവും പണവും സ്വാധീനിച്ചിട്ടുണ്ടെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.
‘തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തുവാരും. 55 ശതമാനം യുവാക്കളെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിര്‍ത്തിയിരിക്കുന്നത്. 55 ശതമാനം പുതിയ മുഖങ്ങളും 45 ശതമാനം അനുഭവ സമ്പത്തുള്ളവരും സഭയിലെത്തിയാല്‍ കേരളത്തിന് പുതിയ ദിശാ ബോധമുണ്ടാവും.’
കേരളത്തിലും ദേശീയതലത്തിലും കോണ്‍ഗ്രസിന് ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ കഴിയില്ലായെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് എന്തുകൊണ്ടാണ് ബിജെപി ഒരിക്കല്‍ പോലും സിപിഐഎം മുക്ത ഭാരതത്തിനെ കുറിച്ച് പറയാത്തതെന്നായിരുന്നു രാഹുലിന്റെ മറുചോദ്യം. ബിജെപിയെ എതിര്‍ക്കാന്‍ സിപി ഐഎമ്മിന് ആകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇടുക്കിയില്‍ മന്ത്രി എംഎം മണിയുടെ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം.പെണ്‍കുട്ടികള്‍ മാത്രമുള്ള കോളെജുകളില്‍ മാത്രമെ രാഹുല്‍ ഗാന്ധി പോവുകയുള്ളൂവെന്നും അവരെ വളയാനും തിരിയാനും പഠിപ്പിക്കലാണ് രാഹുലിന്റെ പണിയെന്നുമായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം.
കോളെജില്‍ പോകും. പെണ്‍കുട്ടികള്‍ മാത്രമുള്ള കൊളോജിലെ പോവുകയുള്ളു. അവിടെ പോയിട്ട് പെണ്‍കുട്ടികളെ വളഞ്ഞ് നിര്‍ത്താനും നിവര്‍ന്ന് നിര്‍ത്താനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നുമക്കളെ അതിനൊന്നും നില്‍ക്കണ്ട. അയാള്‍ പൊണ്ണൊന്നും കെട്ടിയിട്ടില്ല. കുഴപ്പക്കാരനാന്നാ കേട്ടേ. ഇങ്ങനത്തെ പരിപാടിയൊക്കെയാട്ടാ പുള്ളി നടക്കുകയാ.’ എന്നായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം.
എന്നാല്‍ ഇത്തരം ഒരു പരാമര്‍ശം മുന്‍ എംപി നടത്തിയിട്ടും അദ്ദേഹത്തെ തിരുത്താതെ എംഎം മണി ഉള്‍പ്പെടെയുള്ള വേദിയിലിരിക്കുന്ന നേതാക്കള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.
രാഹുല്‍ കേരളത്തിലേക്ക് വരുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏണി സംഘടിപ്പിക്കേണ്ട അവസ്ഥയാണെന്നും ജോയ്സ് വിമര്‍ശിച്ചു.