ബിജെപിക്ക് കാഴ്ചവയ്ക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാമെന്ന് കോണ്‍ഗ്രസ് വ്യാമോഹിക്കരുതെന്ന് മുഖ്യമന്ത്രി; ‘പടിക്ക് പുറത്തു നിര്‍ത്താന്‍ അറിയാവുന്ന നാടാണിത്’
സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അകമ്പടി സേവിക്കുന്നത് യുഡിഎഫാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വെള്ളിത്തളികയിലാക്കി ബിജെപിക്ക് കാഴ്ചവയ്ക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാമെന്ന് കോണ്‍ഗ്രസ് വ്യാമോഹിക്കരുതെന്നും അത്തരം ദുര്‍മോഹങ്ങള്‍ക്കുള്ള ഉചിതമായ തിരിച്ചടി തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ഇവിടെ കോണ്‍ഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളായാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അകമ്പടി സേവിക്കുന്നതും യുഡിഎഫാണ്. ജനങ്ങള്‍ വിശ്വസിച്ച് അധികാരത്തിലേറ്റിയ എത്ര സംസ്ഥാന സര്‍ക്കാരുകളെയാണ് കോണ്‍ഗ്രസ്സ് ബിജെപിക്ക് സമ്മാനിച്ചത്? അങ്ങനെ വെള്ളിത്തളികയിലാക്കി ബിജെപിക്ക് കാഴ്ചവെക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാം എന്ന് കോണ്‍ഗ്രസ്സ് വ്യാമോഹിക്കരുത്. അത്തരം ദുര്‍മോഹങ്ങള്‍ക്കുള്ള ഉചിതമായ തിരിച്ചടി തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിക്കും. വാഗ്ദാന ലംഘനങ്ങളുടെ അപ്പോസ്തലരെയും വര്‍ഗീയതയുടെ ഉപാസകരെയും പടിക്കു പുറത്തു നിര്‍ത്താന്‍ അറിയാവുന്ന നാടാണിത്. കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുള്ള ഭായിഭായി കളി കേരളത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു എന്നും ഈ നാടിനും നാട്ടുകാര്‍ക്കും നല്ല ബോധ്യമുണ്ട്. വേറിട്ട് നില്‍ക്കുന്നത് ഇടതുപക്ഷമാണ്. അത് ജനങ്ങളുടെ ആകെ ബോധ്യമാണ്. ആ ബോധ്യത്തില്‍ നിന്നാണ് സര്‍വ്വേ ഫലങ്ങള്‍ ഉണ്ടായത്. ആ ബോധ്യം കൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും വരണം എന്ന ആഗ്രഹം കേരളത്തിന്റെ പൊതുവികാരമായി മാറുന്നത്.”
സംസ്ഥാനത്തിന്റെ അതിജീവനത്തിലും വളര്‍ച്ചയിലും സഹായിക്കാതെ, തുരങ്കം വയ്ക്കാന്‍ ശ്രമിച്ചവര്‍ നടത്തുന്ന ‘വികസന പ്രസംഗം’ ജനങ്ങളെ പരിഹസിക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതയ്ക്ക് കീഴ്പ്പെടുന്നില്ലെന്ന ഒറ്റക്കാരണം കൊണ്ട് കേരളത്തെ പാഠം പഠിപ്പിച്ച് ശിക്ഷിക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ നരേന്ദ്രമോദി കേരളത്തെ വിശേഷിപ്പിച്ചത് സോമാലിയയോടായിരുന്നു. ആ രീതിയില്‍ കേരളത്തെ ഇകഴ്ത്തി കാണിക്കാന്‍ വല്ലാത്തൊരു താല്പര്യം സംഘപരിവാര്‍ സ്വീകരിക്കുന്നുണ്ട് എന്നതാണ് അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകളേ ഉള്ളൂ. രാജ്യത്തിന്റെ പ്രധാനമന്ത്രിയടക്കം കോണ്‍ഗ്രസ് – ബി.ജെ.പി നേതാക്കള്‍ കേരളത്തെ കുറിച്ച് വ്യാജമായ ചിത്രം സംസ്ഥാനത്തിന് പുറത്ത് സൃഷ്ടിക്കാന്‍ കഴിയുമോ എന്ന ശ്രമമാണ് നടത്തിയത്. ഇവിടെ ഒരു സീറ്റില്‍ പോലും ജയിക്കും എന്ന് ഉറപ്പില്ലാത്ത പാര്‍ട്ടിയാണ് ബിജെപി. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മുന്‍പത്തെ വോട്ട് വിഹിതം നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിയില്ല. മതനിരപേക്ഷതയുടെ ശക്തിദുര്‍ഗമായി നിലക്കൊള്ളുന്ന ഈ നാടിനെ വര്‍ഗീയമായി ചേരിതിരിക്കാനും മതാന്ധതയിലേക്ക് നയിക്കാനും ആര്‍എസ്എസ് നടത്തിയ ഒരു നീക്കവും ഇവിടെ വിജയിച്ചിട്ടില്ല. കേരളത്തിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അതിജീവനത്തിലും വളര്‍ച്ചയിലും സഹായിക്കാതെ ഓരോ ഘട്ടത്തിലും തുരങ്കം വെക്കാന്‍ ശ്രമിച്ചവര്‍ നടത്തുന്ന ‘വികസന പ്രസംഗം’ ജനങ്ങളെ പരിഹസിക്കലാണ്. വര്‍ഗീയതയ്ക്ക് കീഴ്പ്പെടുന്നില്ല എന്ന ഒറ്റക്കാരണം കൊണ്ട് കേരളത്തെ പാഠം പഠിപ്പിച്ച് ശിക്ഷിക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ നരേന്ദ്രമോദി കേരളത്തെ വിശേഷിപ്പിച്ചത് സോമാലിയയോടായിരുന്നു. ആ രീതിയില്‍ കേരളത്തെ ഇകഴ്ത്തി കാണിക്കാന്‍ വല്ലാത്തൊരു താല്പര്യം സംഘപരിവാര്‍ സ്വീകരിക്കുന്നുണ്ട് എന്നതാണ് നമ്മുടെ നാടിന്റെ അനുഭവം.
ഇവിടെ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ഉണ്ടായി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സേനകളും എത്തി. അവര്‍ തിരികെ പോയപ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയതിന് കേന്ദ്രത്തില്‍ നിന്ന് കേരളത്തിലേക്ക് ബില്ല് പുറകെ വന്നു. നമ്മുടെ സ്വന്തം സേന, മത്സ്യത്തൊഴിലാളികള്‍, എത്ര ത്യാഗനിര്‍ഭര രക്ഷാദൗത്യത്തിലാണ് ഏര്‍പ്പെട്ടത് അവരാരും ഒരു ചില്ലിക്കാശെങ്കിലും ആവശ്യപ്പെട്ടില്ല. വേണ്ട എന്നാണു പറഞ്ഞത്. പ്രളയത്തിലാണ്ട കേരളത്തിന് അരി കേന്ദ്രസഹായമായി നല്കി എന്ന് ഇവിടെ ചിലര്‍ കൊട്ടിഘോഷിച്ചില്ലേ? പിന്നീടോ? ആ അരിക്കു വരെ കേന്ദ്രം അണപൈ കണക്കു പറഞ്ഞു. കേരളത്തിലെ ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണത്തിന്റെ പേരില്‍ പണം ഈടാക്കിയോ. പ്രളയത്തിനുശേഷം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സ്വന്തം നിലയ്ക്ക് സഹായം നല്കാന് നമ്മെ സ്നേഹിക്കുന്ന നാടുകള്‍ മുന്നോട്ടു വന്നു. ഇപ്പോള്‍ വന്ന് പ്രസംഗം നടത്തുന്നവര്‍ അന്നെന്താണ് ചെയ്തത്? സഹായം ചോദിക്കുന്നതിന് പോലും വിലക്കേര്പ്പെടുത്തിയില്ലേ? ഇതേ കൂട്ടര് തന്നെ തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിദേശ സഹായം ഒരു തടസ്സവുമില്ലാതെ സ്വീകരിക്കുകയും ചെയ്തിട്ടില്ലേ?”