ആ പാവത്തിന് ഇതൊന്നും അറിയില്ല’;കള്ളത്തരങ്ങളെല്ലാം മുഖ്യമന്ത്രി നേരിട്ടെന്ന് രമേശ് ചെന്നിത്തല
അദാനിയെ സഹായിക്കാനുള്ള വഴികള്‍ കണ്ടെത്താനുള്ള ഗവേഷണത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് എന്ന് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ വൈദ്യൂതി മന്ത്രിയെ പറ്റി ഒന്നും പറയുന്നില്ല, ആ പാവത്തിന് ഇതിനെകുറിച്ചൊന്നും അറിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വൈദ്യൂതി ബോര്‍ഡിലെ കള്ളത്തരങ്ങളെല്ലാം മുഖ്യമന്ത്രി നേരിട്ട് ചെയ്യുന്നതാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അദാനിയുമായി സര്‍ക്കാര്‍ ദീര്‍ഘകാല വൈദ്യൂതി കരാര്‍ ഉണ്ടാക്കിയെന്ന ആരോപണം ആവര്‍ത്തിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഈ ബോംബ് ഉണ്ടെന്ന് ആരാണ് പ്രചരിപ്പിച്ചതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
‘ബോംബ് ഉണ്ടെന്ന് ആരാണ് പറഞ്ഞത്. മുഖ്യമന്ത്രി അഞ്ച് വര്‍ഷം ചെയ്ത് കൂട്ടിയ കൊള്ളരുതായ്മകള്‍ പുറത്ത് വരുമെന്നുള്ള ഭയം കൊണ്ടാണ് ബോംബ് വരുന്നു, ബോംബ് വരുന്നുവെന്ന് പറയുന്നത്. അദ്ദേഹം തന്നെയാണ് പറയുന്നത്. ഇത്രയും ഭീരുവാണോ മുഖ്യമന്ത്രി. മടിയില്‍ കനമുള്ളവന് വഴിയില്‍ പേടിച്ചാല്‍ മതി. മടിയില്‍ കനമുള്ളതിനാലാണ് മുഖ്യമന്ത്രി ബോംബ് ഉണ്ടെന്ന് പറയുന്നത്. ഞാന്‍ ഒരു ബോംബും പൊട്ടിക്കാന്‍ പോകുന്നില്ല. രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമെ കാര്യങ്ങള്‍ ഉന്നയിക്കാറുള്ളൂ. യു ടേണ്‍ സര്‍ക്കാരാണിത്. സ്പ്രിംഗ്ളര്‍, പമ്പ മണല്‍കടത്ത്, ഇ മൊബിലിറ്റി, ഇഎംസിസി ആഴക്കടല്‍ തുടങ്ങി ഞാന്‍ കൊണ്ട് വുന്ന 90 ശതമാനം കാര്യങ്ങളിലും യുടേണ്‍ അടിച്ചു.’ രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍- അദാനി വൈദ്യൂതി കരാര്‍ പ്രതിപക്ഷം ആവര്‍ത്തിക്കുകയായിരുന്നു. അദാനിയുമായി നേരിട്ട് കരാര്‍ ഒപ്പിട്ടെന്ന് പറയുന്നില്ല. കരാര്‍ വഴി അദാനിക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ അവസരം നല്കി. അദാനിക്ക് 1000 കോടി കിട്ടിയപ്പോള്‍ എത്ര കമ്മീഷന് കിട്ടി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയാല്‍ മതി. അധിക പണം നല്കി വൈദ്യുതി വാങ്ങുന്നത് ആരുടെ താല്‍പ്പര്യമാണെന്നും ചെന്നിത്തല ചോദിച്ചു.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉരുണ്ടു കളിക്കുകയാണ്. പിണറായി ഇടത് കൈ കൊണ്ടും വലത് കൈ കൊണ്ടും അദാനിയെ സഹായിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം ഇതിന്റെ ഉദാഹരണമാണെന്നും ചെന്നിത്തല വ്യക്തമാക്കി. വിഷയത്തില്‍ മന്ത്രി മണിയുടെ പ്രതികരണം പ്രതീക്ഷിച്ചതാണെന്നും പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്ത് കൊണ്ടുവരുമ്പോള്‍ തനിക്ക് സമനില തെറ്റി എന്ന് പറയും. എം.എം മണി പറയുന്നതൊന്നും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.