മരിച്ചയാളുടെ പേരിലും പോസ്റ്റല്‍ വോട്ട്’; ‘സര്‍ക്കാര്‍ രക്ഷകരായി ഉണ്ടാവില്ലെന്ന് ഓര്‍ക്കണം’; ബാലറ്റ് വാങ്ങിയ ഉദ്യോഗസ്ഥന് മുന്നറിയിപ്പുമായി എംകെ രാഘവന്
പോസ്റ്റല്‍ ബാലറ്റില്‍ കൃത്രിമം നടത്താന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് എംകെ രാഘവന് എംപിയുടെ ആരോപണം. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ ബൂത്തുകളില്‍ കൃത്രിമം നടത്തിയെന്നും മരിച്ചയാളുടെ പോസ്റ്റല്‍ ബാലറ്റ് സ്വീകരിച്ച ഉദ്യോഗസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എംകെ രാഘവന് കോഴിക്കോട് പറഞ്ഞു.
എംകെ രാഘവന് പറഞ്ഞത്: കോഴിക്കോട് നോര്‍ത്തില്‍ 60-ാം ബൂത്തില്‍ മരിച്ച വ്യക്തിയുടെ ഒപ്പിട്ട് പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്കി ബാലറ്റ് കൈപറ്റിയ ഉദ്യോഗസ്ഥനെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ടതാണ്. എല്ലാ കാലവും എല്‍ഡിഎഫ് സര്‍ക്കാര്‍ രക്ഷകരായി ഉണ്ടാവില്ലെന്ന് അവര്‍ ഓര്‍ക്കണം.
വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടി തെരഞ്ഞടുപ്പ് അട്ടിമറിക്കാനാണ് എല്‍ഡിഎഫ് ശ്രമമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ത്വാരിഖ് അന്‍വര്‍ കോഴിക്കോട് പറഞ്ഞു. ഏത് മാര്‍ഗ്ഗത്തിലൂടെയും ജയിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് നീതിപൂര്‍വ്വമായ സമീപനം പ്രതിക്ഷിക്കുന്നതായും താരിഖ് അന്‍വര്‍ വ്യക്തമാക്കി. ബിജെപിയുടെ വോട്ട് വേണ്ട എന്നത് പാര്‍ട്ടി തിരുമാനമാണ്. തലശ്ശേരിയിലും ആ നിലപാട് തന്നെയാണ് എന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
അതേസമയം, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് നോര്‍ത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ എംടി രമേശിനും ഇരട്ടവോട്ടുണ്ടെന്ന് രേഖകള്‍. തിരുവനന്തപുരം, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളില്‍ എംടി രമേശിന് വോട്ടുള്ളതായി ദേശാഭിമാനിയാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം തൈക്കാട് വാര്‍ഡിലെ 98-ാം നമ്പര്‍ ബൂത്തിലാണ് രമേശിന്റെ വോട്ട്. 21/2728 എന്ന വീട്ടുനമ്പറിലാണ് വോട്ട്. കോഴിക്കോട് നോര്‍ത്തിലെ 35-ാം നമ്പര്‍ ബൂത്തിലാണ് വോട്ട്.
ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് ആരോപണത്തിനെതിരെ കൂടുതല്‍ ഇരട്ട സഹോദരങ്ങള്‍ രംഗത്തെത്തി. ചെന്നിത്തലയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ കുറ്റിയാട്ടൂരിലെ ജിതിനും ജിഷ്ണുവും കയരളത്തെ സ്നേഹയും ശ്രേയയുമാണ് പൊലീസില്‍ പരാതി നല്‍കിയത്. വ്യാജവോട്ടറെന്ന പേരില്‍ അപമാനിച്ചെന്നാണ് ഇവരുടെ പരാതി.
ചെന്നിത്തലക്കെതിരെ പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി ലഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം ബൂത്തിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണും ഇരട്ടവോട്ടെന്ന പേരില്‍ പട്ടികയില്‍ തെറ്റായി ഉള്‍പ്പെട്ടിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ഈ വിവരങ്ങള്‍ പ്രചരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അരുണും വരുണും പ്രതിപക്ഷ നേതാവിനെതിരെ രംഗത്തുവന്നത്. പ്രതിപക്ഷ നേതാവിന്റെ നടപടിയിലൂടെ മാനഹാനിയുണ്ടായെന്നും സ്വകാര്യതയിലേയ്ക്കുള്ള കടന്ന് കയറ്റമാണന്നും ഇരട്ടകളില്‍ ഒരാളായ അരുണ്‍ റിപ്പോര്‍ട്ടറോട് പറഞ്ഞിരുന്നു.
ഇരട്ടവോട്ട് വിഷയത്തില്‍ ചെന്നിത്തലയെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇരട്ടവോട്ടുണ്ടെങ്കില്‍ കമ്മീഷന് അത് കണ്ടെത്തി തിരുത്തുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രാദേശികതലത്തില്‍ അപാകതകള്‍ കണ്ടെത്താനും തിരുത്താനും ഇടത് പക്ഷം ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. ഇത് യുഡിഎഫ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ആളുകളെ കള്ളവോട്ടര്‍മാരായി ചിത്രീകരിക്കുകയായിരുന്നുവെന്ന് ആരോപിച്ചു.
നാലര ലക്ഷം പേരെ കള്ളവോട്ടര്‍മാരായി പ്രതിപക്ഷ നേതാവ് ചിത്രീകരിക്കുകയാണ്. ഇരട്ട സഹോദരങ്ങളെ അടക്കമാണ് ഇങ്ങനെ കള്ളവോട്ടര്‍മാരാക്കിയതെന്ന് പിണറായി വിജയന് ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ തന്നെ കള്ളവോട്ട് ഉണ്ടായില്ലേയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തെ അപമാനിക്കാനുള്ള ശ്രമം ഉണ്ടായെന്ന് പറഞ്ഞ മുഖ്യമന്ത്രി ബംഗ്ലാദേശില്‍ നിന്നുള്ള 20 ലക്ഷം കള്ളവോട്ടുണ്ടെന്ന് വലതു പക്ഷ ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി.