കച്ചകെട്ടിയിറങ്ങി ചെന്നിത്തല; ബൂത്ത് ഏജന്റുമാര്‍ക്ക് പരിശീലനം; വ്യാജന്മാരെ പൂട്ടാന്‍ നീക്കം തുടങ്ങി
വ്യാജ വോട്ട് ആരോപണത്തില്‍ ഉറച്ച് നില്ക്കുന്ന കോണ്‍ഗ്രസ് 140 മണ്ഡലങ്ങളിലും പ്രവര്‍ത്തകരെ അണിനിരത്തി വ്യാജവോട്ടിനെ തടയാന്‍ തയ്യാറെടുക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ദൗത്യം. ഇതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. ക്രമക്കേട് ഉണ്ടെന്ന് പരിശോധിക്കുന്ന 25 ലക്ഷത്തോളം പേരുടെ പട്ടിക 25,000 ബൂത്തുകളില്‍ എത്തിക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്.
വ്യാജ വോട്ട് തടയല്‍ ദൗത്യത്തിന് നേതൃത്വം നല്കാന് എല്ലാ മണ്ഡലങ്ങളിലും വിദഗ്ധരെ നിയമിക്കും. ഇതിനൊപ്പം കള്ളവോട്ട് തടയേണ്ട രീതിയെ കുറിച്ച് ബൂത്ത് ഏജന്റുമാര്‍ക്ക് പരിശീലനം നല്‍കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ നാല് ലക്ഷത്തി മൂപ്പത്തിനാലായിരം (4,34,000) ഇരട്ടവോട്ടര്‍മാരുടെ പട്ടികയാണ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. www.operationtwins.com എന്ന വെബ്സൈറ്റിലൂടെയാണ് പട്ടിക പുറത്തുവിട്ടത്. നാദാപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ ഇരട്ടവോട്ടുള്ളത്. 6171 ഇരട്ട വോട്ടുകളാണ് നാദാപുരത്തെന്ന് പട്ടിക വ്യക്തമാക്കുന്നു.
ഒരോ നിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടര്‍ ഐഡിയിലും ചേര്‍ത്ത വോട്ട് വിവരങ്ങളാണ് വെബ്സൈറ്റിലൂടെ പുറത്തിവിട്ടത്. നിയോജകമണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര്, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐഡി നമ്പര്‍, അതേ വ്യക്തിക്ക് മറ്റ് ബൂത്തുകളിലുള്ള വോട്ടിന്റെ ഐഡി നമ്പര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്ത നിയോജകമണ്ഡലങ്ങളിലുള്ള വോട്ടിന്റെ ഐ ഡി നമ്പര്‍, വിലാസം എന്നിവയുടെ പട്ടികയാണ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്.