‘ഇവിടെ നടക്കില്ലെന്ന് അപ്പോള്‍ തന്നെ പറഞ്ഞു, പൊലീസ് ഇടപെട്ടില്ല’; തപാല്‍ വോട്ടിനൊപ്പം പെന്ഷന് വിതരണം ചെയ്ത സംഭവത്തില്‍ കുടുംബം
ആലപ്പുഴ കായംകുളത്ത് തപാല്‍ വോട്ടിനൊപ്പം പെന്ഷന് വിതരണം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കുടുംബം. കമലാക്ഷിയമ്മക്കാണ് ഇന്നലെ പോസ്റ്റ്ല് വോട്ട് ചെയ്യുന്ന അതേ സമയത്ത് പെന്‍ഷനും ലഭിച്ചത്. ഇത് ഇവിടെ നടക്കില്ലെന്ന് പറഞ്ഞപ്പോള്‍ പൊലീസുകാര്‍ പ്രതികരിച്ചില്ലെന്ന് കുടുംബം പറയുന്നു.
‘ഇന്നലെ രണ്ടരയോടെയാണ് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. അമ്മ കുളിക്കുകയായിരുന്നു. അങ്ങനെയാണെങ്കില്‍ തൊട്ടടുത്ത രണ്ട് വീടുകളില്‍ കൂടി കയറി തിരിച്ചുവരാമെന്ന് അവര്‍ പറഞ്ഞ് തിരിച്ചുപോയി. ഇതിന്റെ പിന്നാലെയാണ് പെന്‍ഷന്‍കാര്‍ വീട്ടില്‍ വന്നത്. ഒരാളെ ഉണ്ടായിരുന്നു. പെന്‍ഷന്‍കാര്‍ വന്നപ്പോള്‍ ഉദ്യോഗസ്ഥരും ഇവിടെയെത്തി. രണ്ട് പേരും രണ്ടിടത്തായി നിന്നു. ഇത് ഇവിടെ നടക്കില്ലായെന്ന് അപ്പോള്‍ തന്നെ പറഞ്ഞു. പൊലീസുകാരോട് ഇവരെ മാറ്റണമെന്ന് പറഞ്ഞപ്പോഴും ഇടപെട്ടിട്ടില്ല .’ കുടുംബം പറയുന്നു.
സിപി ഐഎം പ്രവര്‍ത്തകരാണോ പെന്ഷന് വിതരണത്തിന് എത്തിയത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്
നാട്ടില്‍ പെന്ഷന് കൊടുക്കാന്‍ കോണ്‍ഗ്രസുകാരെ നിയമിച്ചിട്ടില്ലല്ലോ യെന്നായിരുന്നു പ്രതികരണം.
സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് നല്കാന് വരണാധികാരിക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. യുഡിഎഫിന്റെ പരാതിയിലാണ് കളക്ടറുടെ നടപടി. കായംകുളം മണ്ഡലത്തിലെ 77-ാം ബൂത്തിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം കണ്ണൂരിലും തപാല്‍വോട്ട് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണം ഉയര്‍ന്നിരുന്നു. യുഡിഎഫിന്റെ പോളിംഗ് ഏജന്റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബിഎല്‍ഒയും ഉള്‍പ്പെടുന്നവര്‍ തപാല്‍ വോട്ടിംഗ് നടത്തുന്നതായാണ് പരാതി. പേരാവൂര്‍ മണ്ഡലത്തിലെ മുണ്ടയാപറമ്പില്‍ ഇത്തരത്തില്‍ തപാല്‍ വോട്ട് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ തടയുകയുണ്ടായി.
ഇതിന് പുറമേ എന്‍പത് വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റല്‍ വോട്ടുകള്‍ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടെയാണ് കായംകുളത്തെ സംഭവം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ കെ മുരളീധരന്, ആനാട് ജയന്, ദീപക് ജോയ് എന്നിവരാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.80 വയസിന് മുകളിലുള്ളവരുടെ പോസ്റ്റല്‍ വോട്ടില്‍ തിരിമറി നടക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് ഹരജി നല്‍കിയത്. ഹരജി കോടതി ഇന്ന് പരിഗണിക്കും.