സംഗതി കൊള്ളാം ജോയ്സേ…പക്ഷേ രാജീവ് ഗാന്ധിയാണ് രാഹുലിന്റെ പിതാവ്’; നിയമനടപടിക്കൊരുങ്ങി ഡീന്‍ കുര്യാക്കോസ്
രാഹുല്‍ ഗാന്ധി എംപിയെ വ്യക്തി അധിക്ഷേപം നടത്തിയ സംഭവത്തില്‍ മുന്‍ എംപി ജോയിസ് ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ്. ജോയ്സ് ജോര്‍ജ്ജ് നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗം ഇടതുമുന്നണിയുടെ നിലവാരമാണ് കാണിക്കുന്നതെന്നും അദ്ദേഹത്തിന്റെ മനസ് എത്രമാത്രം മ്ലേച്ഛകരമാണെന്നാണ് ഇതിലൂടെ തെളിയിക്കുന്നതെന്നും ഡീന്‍ കുര്യാക്കോസ് വിമര്‍ശിച്ചു.
നവോഥാന നായകന്മാരുടെ വനിതാ മതില്, സ്ത്രീ ശാക്തീകരണം എന്നീ പൊറാട്ട് നാടകങ്ങള്‍ക്ക് ശേഷം ഇടതുമുന്നണിക്ക് വിഷയ ദാരിദ്യം നേരിടുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജോയിസ് ജോര്‍ജ്ജിന്റെ പ്രസംഗമെന്നും ഡീന്‍ കുര്യാക്കേസ് പറഞ്ഞു.
ഡീന്‍ കുര്യാക്കോസിന്റെ പ്രതികരണം-
സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഡയലോഗാണ് ജോയ്സിനോട് എനിക്കും പറയാനുള്ളത്…
സംഗതി കൊള്ളാം ജോയ്സേ…
പക്ഷേ രാജീവ് ഗാന്ധിയാണ് രാഹുല്‍ ഗാന്ധിയുടെ പിതാവ്
ശ്രീ.രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് ജോയ്സ് ജോര്‍ജ്ജ് നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗം ഇടതുമുന്നണിയുടെ നിലവാരമാണ് കാണിക്കുന്നത് .അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നത്. എത്ര മാത്രം മ്ലേച്ഛകരമാണ് മനസ്സെന്ന് തെളിയിച്ചിരിക്കുന്നു. ജോയ്സ് അപമാനിച്ചത് വിദ്യാര്‍ഥിനികളെ കൂടിയാണ് .
അസഭ്യ പ്രസംഗത്തിന് പേര് കേട്ട എം.എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ അസഭ്യ പ്രസംഗം കൊണ്ട് ആശാനെ സുഖിപ്പിച്ച് ശിഷ്യത്വം സ്വീകരിക്കുന്നതാണ് ജോയ്സ് ജോര്‍ജ്ജിന്റെ രാഷ്ട്രീയം .
രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കാന്‍ ഇയാള്‍ക്കെന്താണ് യോഗ്യത???
ഇയാളുടെ സ്വഭാവത്തിനുള്ള മറുപടി നല്കി കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ പ്രബുദ്ധരായ ജനങ്ങള്‍ ഇയാളെ ആട്ടിപ്പായിച്ചതാണ്
വീണ്ടും ഇടുക്കിയുടെ മണ്ണില്‍ അശ്ലീലം വാരി വിതറാന്‍ അയാള്‍ വീണ്ടും വന്നിരിക്കുന്നു.
സ്ത്രീ ശാക്തികരണവും പുരോഗമനവാദങ്ങളും നിങ്ങള്‍ക്ക് കവല പ്രസംഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന് വ്യക്തം .നവോഥാന നായകന്മാരുടെ വനിതാ മതില്, സ്ത്രീ ശാക്തീകരണം എന്നീ പൊറാട്ട് നാടകങ്ങള്‍ക്ക് ശേഷം ഇടതുമുന്നണിക്ക് വിഷയ ദാരിദ്യം നേരിടുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജോയിസ് ജോര്‍ജ്ജിന്റെ പ്രസംഗം .
അടിസ്ഥാനരഹിതവും വ്യക്തിഹത്യപരവുമായ ഈ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി സമര്‍പ്പിച്ച് നിയമ വഴി തേടും .
കഴിഞ്ഞ ദിവസം ഇടുക്കിയില്‍ മന്ത്രി എംഎം മണിയുടെ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം.പെണ്‍കുട്ടികള്‍ മാത്രമുള്ള കോളെജുകളില്‍ മാത്രമെ രാഹുല്‍ ഗാന്ധി പോവുകയുള്ളൂവെന്നും അവരെ വളയാനും തിരിയാനും പഠിപ്പിക്കലാണ് രാഹുലിന്റെ പണിയെന്നുമായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം.
കോളെജില്‍ പോകും. പെണ്‍കുട്ടികള്‍ മാത്രമുള്ള കൊളോജിലെ പോവുകയുള്ളു. അവിടെ പോയിട്ട് പെണ്‍കുട്ടികളെ വളഞ്ഞ് നിര്‍ത്താനും നിവര്‍ന്ന് നിര്‍ത്താനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നുമക്കളെ അതിനൊന്നും നില്‍ക്കണ്ട. അയാള്‍ പൊണ്ണൊന്നും കെട്ടിയിട്ടില്ല. കുഴപ്പക്കാരനാന്നാ കേട്ടേ. ഇങ്ങനത്തെ പരിപാടിയൊക്കെയാട്ടാ പുള്ളി നടക്കുകയാ.’ എന്നായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം.
എന്നാല്‍ ഇത്തരം ഒരു പരാമര്‍ശം മുന്‍ എംപി നടത്തിയിട്ടും അദ്ദേഹത്തെ തിരുത്താതെ എംഎം മണി ഉള്‍പ്പെടെയുള്ള വേദിയിലിരിക്കുന്ന നേതാക്കള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.
രാഹുല്‍ കേരളത്തിലേക്ക് വരുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏണി സംഘടിപ്പിക്കേണ്ട അവസ്ഥയാണെന്നും ജോയ്സ് വിമര്‍ശിച്ചു.
‘രാഹുല്‍ ഗാന്ധി വരുമ്പോള്‍ ഏണി സംഘടിപ്പിച്ചുവെച്ചേക്കണം എന്നാണ് ആവശ്യം. കാരണം രാഹുല്‍ ഗാന്ധി കടലില്‍ ചാടും. സാധാരണ മീന്‍പിടിക്കുന്നത് ചൂണ്ടയിട്ടോ വലയിട്ടോ ആണ്. രാഹുല്‍ഗാന്ധി കടലില്‍ ചാടി മീനിനെ ഓടിച്ചിട്ട് പിടിക്കും. എന്ന് അറബികടലില്‍ കിട്ടാത്ത മീനുമായിട്ട് പൊങ്ങും. അതാണ് രാഹുലിന്റെ പരിപാടി.’ എന്നായിരുന്നു ജോയ്സ് പ്രസംഗിച്ചത്.