‘ശരിക്ക് കൊള്ളുന്ന രീതിയില്‍ പറഞ്ഞു, രാഹുല്‍ ഗാന്ധി വിഡ്ഢിയല്ലേ’;ജോയ്സ് ജോര്‍ജിനെ പിന്തുണച്ച് എംഎം മണി
രാഹുല്‍ ഗാന്ധിക്കെതിരായ മുന്‍ എംപി ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശത്തില്‍ പിന്തുണയുമായി മന്ത്രി എംഎം മണി. ജോയ്സ് ജോര്‍ജ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും രാഹുലിനെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും എംഎം മണി പ്രതികരിച്ചു. താനും ആ വേദിയിലുണ്ടായിരുന്നു. കോണ്‍ഗ്രസ് അനാവശ്യ വിവാദമുണ്ടാക്കി വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്നും എംഎം മണി ആരോപിച്ചു.
‘സ്ത്രീ വിരദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന, സ്ത്രീ പീഡനം കുലത്തൊഴിലാക്കിയിരിക്കുന്ന, ഇന്നേവരെയുള്ള എല്ലാ പീഡനക്കേസിലും മുഖ്യപ്രതികളായിരിക്കുന്നവര് മുഴുവനും കോണ്‍ഗ്രസുകാരാണ്. പേരുകള്‍ പറഞ്ഞ് ഞാന്‍ ആക്ഷേപിക്കുന്നില്ല. ജോയ്സിന്റെ പ്രസംഗം മുഴുവന്‍ ഞാന്‍ കേട്ടതാണ്. അദ്ദേഹം അതൊന്നും പറഞ്ഞില്ല. അദ്ദേഹം ശരിക്ക് കൊള്ളുന്ന നിലയില്‍ പ്രസംഗിച്ചു എന്നത് ശരിയാണ്,’ എംഎം മണി പറഞ്ഞു.
രാഹുല്‍ ഗാന്ധി വിഡ്ഢിയാണെന്നും എംഎം മണി പറഞ്ഞു. അങ്ങേര് വിഡ്ഢിയല്ലേ. കമ്മ്യൂണിസം തീര്‍ന്നെന്നാണ് അങ്ങേര് പറഞ്ഞത്,’ എംഎം മണി പറഞ്ഞു. ഇതിനിടെ ജോയ്സ് ജോര്‍ജിന്റെ വിവാദ പരാമര്ശത്തിനെരെ പ്രതിപക്ഷം രംഗത്തെത്തി. ജോയ്സ് ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
രാഹുല്‍ഗാന്ധിക്കെതിരെ ജോയ്സ് ജോര്‍ജ് നടത്തിയ അധിക്ഷേപ പരാമര്‍ശം,
‘കോളെജില്‍ പോകും. പെണ്‍കുട്ടികള്‍ മാത്രമുള്ള കോളെജിലെ പോവുകയുള്ളു. അവിടെ പോയിട്ട് പെണ്‍കുട്ടികളെ വളഞ്ഞ് നിര്‍ത്താനും നിവര്‍ന്ന് നിര്‍ത്താനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നുമക്കളെ അതിനൊന്നും നില്‍ക്കണ്ട. അയാള്‍ പൊണ്ണൊന്നും കെട്ടിയിട്ടില്ല. കുഴപ്പക്കാരനാന്നാ കേട്ടേ. ഇങ്ങനത്തെ പരിപാടിയൊക്കെയാട്ടാ പുള്ളി നടക്കുകയാ.’
സംഭവത്തില്‍ രൂക്ഷ പ്രതിഷേധം ഉയരുകയാണ്. പാര്‍ട്ടിക്കകത്ത് നിന്നും ജോയ്സിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. മന്ത്രി എംഎം മണി ഇരിക്കുന്ന വേദിയില്‍ വെച്ച് മുന്‍ എംപി ഇത്തരം പരാമര്‍ശം നടത്തിയിട്ടും പാര്‍ട്ടി അത് തിരുത്താന്‍ തയ്യാറുന്നില്ലെന്നും ജോയ്സ് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നു.
രാഹുല്‍ കേരളത്തിലേക്ക് വരുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏണി സംഘടിപ്പിക്കേണ്ട അവസ്ഥയാണെന്നും ജോയ്സ് വിമര്‍ശിച്ചു.
‘രാഹുല്‍ ഗാന്ധി വരുമ്പോള്‍ ഏണി സംഘടിപ്പിച്ചുവെച്ചേക്കണം എന്നാണ് ആവശ്യം. കാരണം രാഹുല്‍ ഗാന്ധി കടലില്‍ ചാടും. സാധാരണ മീന്‍പിടിക്കുന്നത് ചൂണ്ടയിട്ടോ വലയിട്ടോ ആണ്. രാഹുല്‍ഗാന്ധി കടലില്‍ ചാടി മീനിനെ ഓടിച്ചിട്ട് പിടിക്കും. എന്ന് അറബികടലില്‍ കിട്ടാത്ത മീനുമായിട്ട് പൊങ്ങും. അതാണ് രാഹുലിന്റെ പരിപാടി.’ ജോയ്സ് പറഞ്ഞു.