തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കവേ നിഴല്‍ സേനയെ വിന്യസിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. വോട്ടെടുപ്പിലേക്ക് പോവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന നേതാക്കളെ കണ്ടെത്തലാണ് നിഴല്‍ സേനയുടെ ഉത്തരവാദിത്വം. നേരത്തെ രഹസ്യ സര്‍വ്വേ കണ്ടെത്തി സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയത് പോലെ തന്നെയാണ് ഇപ്പോഴും ഈ സേന പ്രവര്‍ത്തിക്കുക.
എഐസിസി നിരീക്ഷകര്‍ നേരിട്ടാണ് നിഴല്‍ സേനയെ നയിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന് ഇവരുടെ പ്രവര്‍ത്തനത്തില്‍ സ്വാധീനമുണ്ടാവില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ച് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ചെയ്യും. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് വോട്ടെണ്ണലിന് മുമ്പ് ഈ നേതാക്കളെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
കൊല്ലം ജില്ലയിലാണ് നിഴല്‍ സേന പ്രവര്‍ത്തനം ആദ്യം ആരംഭിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി ഒരു സീറ്റ് പോലും ലഭിക്കാതിരിക്കുന്ന ജില്ലയില്‍ ഇത്തവണ യുഡിഎഫ് മുന്നേറ്റം ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ മുന്നേറ്റത്തെ തകര്‍ക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ്
കൊല്ലം ജില്ലയില്‍ നിഴല്‍ സേന പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
അവിശ്വസനീയമായ രീതിയില്‍ മുന്നേറ്റം നടത്തുന്ന സ്ഥാനാര്‍ത്ഥികളെ ഇപ്പോള്‍ പരാജയപ്പെടുത്തി അടുത്ത തവണ ഇതേ സീറ്റുകള്‍ ലഭിക്കുമോ എന്നതാണ് ഈ നേതാക്കളുടെ ലക്ഷ്യം. ആ ലക്ഷ്യത്തെ ആദ്യ ഘട്ടത്തില്‍ തന്നെ വെട്ടാനാണ് നിഴല്‍ സേനയുടെ തീരുമാനം.
തിരുവനന്തപുരം, പാറശ്ശാല, നെയ്യാറ്റിന്‍കര, ചിറയിന്‍കീഴ് എന്നീ മണ്ഡലങ്ങളില്‍ അട്ടിമറിക്ക് ശ്രമിക്കുന്ന നേതാക്കളുടെ വിവരങ്ങള്‍ സേനയ്ക്ക് ലഭിച്ചിട്ടുണ്ട്. അതിനെ തുടര്‍ന്ന് ഈ മണ്ഡലങ്ങളില്‍ എഐസിസി നിരീക്ഷകര്‍ എത്തിയിട്ടുണ്ട്. അട്ടിമറി ശ്രമം തടയുകയും ശ്രമിക്കുന്ന നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് നിരീക്ഷകരുടെ ഉത്തരവാദിത്വം. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലും അട്ടിമറി ശ്രമങ്ങളുമായി നേതാക്കള്‍ സജീവമാണ്.