മൊഴി എന്ന രൂപത്തില്‍ എന്തു തോന്നിവാസവും എഴുതിപ്പിടിപ്പിച്ച് തരം താഴുന്നു’; ഇഡിക്കെതിരെ സ്പീക്കര്‍
സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയിലെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഇഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. മൊഴി എന്ന തരത്തില്‍ എന്തു തോന്നിവാസവും എഴുതിപ്പിടിക്കുന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലെന്ന് ശ്രീരാമകൃഷ്ണന് പ്രതികരിച്ചു. വ്യക്തിഹത്യ നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്നും ഇടതുപക്ഷ പ്രസ്ഥാനത്തെയും നേതാക്കളെയും പ്രവര്‍ത്തകരെയും താറടിച്ചു കാണിക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ശ്രമം കേരള സമൂഹം തിരിച്ചറിയുമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം,
പ്രതികരണത്തിന്റെ പൂര്‍ണരൂപം,
‘മൊഴി’ എന്ന രൂപത്തില്‍ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തിന് ഭൂഷണമല്ല.
കള്ളക്കടത്തു കേസുകള്‍ സ്വന്തം പാര്‍ട്ടിയില്‍ ചെന്ന് മുട്ടി നില്ക്കുമ്പോള് അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ സര്‍ക്കാരിനും , ബഹു മുഖ്യമന്ത്രിക്കും, സ്പീക്കറിനും എതിരെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തില്‍ ‘മൊഴികള്‍’ ഉണ്ടാക്കി വ്യക്തിഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കാനാവില്ല . അതിനെ എല്ലതരത്തിലും നേരിടും.
തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ കൊടുത്തതാണെന്ന മട്ടില്‍ വ്യാജ പ്രചാരണങ്ങള്‍ പടച്ചു വിടുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തെയും നേതാക്കളെയും പ്രവര്‍ത്തകരെയും താറടിച്ചു കാണിക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ശ്രമം കേരള സമൂഹം തിരിച്ചറിയും.
സമൂഹത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ ലൈഫ്, കിഫ്ബി പദ്ധതികളെ ആക്രമിക്കുന്നതില്‍ ഇത്തരം ഏജന്‍സികളും പ്രതിപക്ഷവും രാപകല്‍ പണിയെടുക്കുന്നത് തിരഞ്ഞെടുപ്പ് എന്ന ഒറ്റ അജണ്ട വച്ചുകൊണ്ടാണ്. നാട് അനുഭവിച്ച തീക്ഷണമായ പ്രതിസന്ധികളില്‍ ജനങ്ങള്‍ക്ക് താങ്ങും തണലും സുരക്ഷയുമൊരുക്കി അവരുടെ സുഖദുഃഖങ്ങളില്‍ പങ്കാളിയായ സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ നല്കുന്ന പിന്തുണ ഇത്തരം കുത്സിത ശ്രമങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ കഴിയും എന്ന് ആരും വ്യാമോഹിക്കേണ്ട.
ഒരു മാര്‍ഗ്ഗത്തിലും കേരളത്തില്‍ പ്രതിപക്ഷത്തിന് അംഗീകാരം ഇല്ലാതിരിക്കെ ,തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നുണകളുടെ പെരുമഴ ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല .
അതിനെയൊക്കെ അതിജീവിച്ചാണ് ഇത്രയും കാലം ഈ പ്രസ്ഥാനം നിലനിന്നത് .അത്തരം ശ്രമങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ പി ശ്രീരാമകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി ഇഡി ഹൈക്കോടതിയില്‍ നല്കിയ രണ്ടാം റിപ്പോര്‍ട്ടില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെയുള്ളത് ഗുരുതര ആരോപണങ്ങളാണ്. ചാക്കയിലെ ഫ്ലാറ്റ് തന്റെ ഒളിസങ്കേതമാണെന്ന് സ്പീക്കര്‍ പറഞ്ഞെന്നും ദുരുദ്ദേശത്തോടെ തന്നെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചെന്നുമാണ് സ്വപ്നയുടെ മൊഴി.
യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് താന്‍ രാജിവെക്കുകയാണെന്ന് മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നതായും സ്വപ്നയുടെ മൊഴിയിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എം ശിവശങ്കറിന്റെ ടീം ഉണ്ടായിരുന്നെന്നും സ്വപ്ന വെളിപ്പെടുത്തി. സര്‍ക്കാരിന്റെ പല പദ്ധതികളും ഈ ടീം ബിനാമി പേരുകളില്‍ തട്ടിയെടുക്കുകയായിരുവെന്നാണ് സ്വപ്നയുടെ മൊഴി.
ദുരുദ്ദേശത്തോടെയാണ് തന്നെ ശ്രീരാമകൃഷ്ണന് തന്നെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചതെന്ന് സ്വപ്ന പറയുന്നു. സ്പീക്കറുടെ വ്യക്തി താല്‍പ്പര്യത്തിന് വഴങ്ങാതിരുന്നതിനാലാണ് തന്നെ മിഡില്‍ ഈസ്റ്റ് കോളെജ് ചുമതലയില്‍ നിന്ന് ഒഴിവാക്കിയതെന്നും സ്വപ്ന മൊഴി നല്‍കിയതായി ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.