പശ്ചിമ ബംഗാളും അസമും നാളെ ബൂത്തിലേക്ക്
കോൽക്കത്ത: വീറും വാശിയുമേറിയ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടെടുപ്പിനു തുടക്കമാവാൻ ഇനി മണിക്കൂറുകൾ മാത്രം. പശ്ചിമ ബംഗാളിലും അസമിലും വോട്ടർമാർ നാളെ പോളിങ് ബൂത്തുകളിൽ എത്തിത്തുടങ്ങും. പശ്ചിമ ബംഗാളിൽ മുപ്പതും അസമിൽ നാൽപ്പത്തേഴും മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. അതിശക്തമായ പ്രചാരണത്തിനാണ് ഇരു സംസ്ഥാനങ്ങളിലെയും ഈ മണ്ഡലങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ദേശീയ നേതാക്കളുടെ വൻനിര തന്നെ രംഗത്തുണ്ടായിരുന്നു.
ആദിവാസി വിഭാഗങ്ങൾക്ക് ആധിപത്യമുള്ള അഞ്ചു ജില്ലകളിലായാണ് പശ്ചിമ ബംഗാളിലെ ആദ്യ ഘട്ടം വോട്ടെടുപ്പ്. പുരുലിയ, ബങ്കുര, ഝാർഗ്രാം, കിഴക്കൻ മിഡ്നാപുർ, പടിഞ്ഞാറൻ മിഡ്നാപുർ എന്നിവയാണ് ഈ ജില്ലകൾ. മുൻപ് ഇടതുകോട്ടകളായിരുന്ന ഈ മേഖലയിൽ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും തൃണമുൽ കോൺഗ്രസ് സീറ്റുകൾ വാരിക്കൂട്ടി. 2016ൽ ഈ 30 സീറ്റിൽ ഇരുപത്താറും നേടിയത് മമതയുടെ പാർട്ടിയാണ്.
എന്നാൽ, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണകക്ഷിയെ ബിജെപി തകർത്തെറിഞ്ഞ മേഖല കൂടിയാണിത്. മേഖലയിൽ സ്വാധീനമുള്ള സുവേന്ദു അധികാരിയുടെ വരവു കൂടിയായതോടെ ആധിപത്യം ഉറപ്പിക്കാനാവുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ.
പരിവർത്തനം ഉറപ്പെന്നു ബിജെപി
യഥാർഥ പരിവർത്തനം ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി സമുന്നത ബിജെപി നേതാക്കൾ മേഖലയിൽ കൊണ്ടുപിടിച്ചു പ്രചാരണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രചാരണത്തിനെത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ, സ്മൃതി ഇറാനി തുടങ്ങിയവർ പ്രചാരണരംഗത്തുണ്ടായിരുന്നു. ശാരദ കുംഭകോണം, നാരദ ടേപ്പ് വിവാദം, ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്, കൊവിഡ് പ്രതിരോധത്തിലെ വീഴ്ച തുടങ്ങിയ വിഷയങ്ങൾ സംസ്ഥാന സർക്കാരിനെതിരേ അവർ ഉയർത്തി. കേന്ദ്ര പദ്ധതികൾ ബംഗാളിൽ നടപ്പാക്കിയില്ലെന്നും മോദിയും അമിത് ഷായും അടക്കം നേതാക്കൾ ആരോപിച്ചു.
മമതയുടെ അനന്തരവനും എംപിയുമായ അഭിഷേക് ബാനർജി കന്നുകാലി കടത്തിലും കൽക്കരി കുംഭകോണത്തിലും ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണവും ഉയർന്നു. ജംഗൽമഹലിലും ബങ്കുരയിലും ബോളിവുഡ് മെഗാസ്റ്റാർ മിഥുൻ ചക്രവർത്തി ബിജെപി സ്ഥാനാർഥികൾക്കു വേണ്ടി പ്രചാരണത്തിനെത്തി. മിഥുന്റെ റോഡ് ഷോകൾ ബിഗ് ഹിറ്റുകളായി.
മമതയെത്തി, എല്ലാ മണ്ഡലത്തിലും
അതേസമയം, മുഖ്യമന്ത്രി മമത ബാനർജി 30 മണ്ഡലങ്ങളിലും നേരിട്ടെത്തി തെരഞ്ഞെടുപ്പു റാലികൾ നയിച്ചു. കാലിലെ പരുക്കും പ്ലാസ്റ്ററും വകവയ്ക്കാതെയായിരുന്നു മമതയുടെ പ്രചാരണം. മോദിയുടേത് ജനവിരുദ്ധ സർക്കാരാണെന്നും പ്രധാനമന്ത്രി നുണയനാണെന്നുമാണ് മമത ആരോപിച്ചത്. സംസ്ഥാനത്തിന് ആവശ്യമായ കൊവിഡ് വാക്സിൻ സൗജന്യമായി മോദി നൽകിയില്ലെന്നും മമത. നന്ദിഗ്രാമിൽ സിപിഎം ഗൂണ്ടകൾ ബിജെപിയോടു ചേർന്നാണു തന്നെ ആക്രമിച്ചതെന്നും മമത ആരോപിക്കുന്നു.
സർക്കാർ സ്ഥാപനങ്ങളൊക്കെ വിറ്റു തുലയ്ക്കുകയാണ്. മോദിയുടെ നുണ ഫാക്റ്ററി മാത്രമാണു നിലനിൽക്കുന്നത്. പുറത്തുനിന്നെത്തിയ ഗൂണ്ടകൾക്ക് വോട്ടു ചെയ്യരുത്- മമത പ്രസംഗങ്ങളിൽ പറഞ്ഞു. ഇന്ധന വില വർധനയും മമതയുടെ പ്രധാന ആയുധമായി. അഭിഷേക് ബാനർജിയും മുഖ്യ പ്രചാരകനായിരുന്നു. ബംഗാളിന്റെ മകൾക്ക് വോട്ടു ചെയ്യാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.
30 സീറ്റിലേക്ക് 191 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപി 29ലും മത്സരിക്കുന്നു. ഒരിടത്ത് സഖ്യകക്ഷി എജെഎസ്യു ആണ്. തൃണമുൽ കോൺഗ്രസും 29 സീറ്റിലാണു മത്സരിക്കുന്നത്. പാർട്ടി സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയതിനെത്തുടർന്ന് ജോയ്പുരിൽ സ്വതന്ത്രനെ പിന്തുണയ്ക്കുന്നു. ഇടത്- കോൺഗ്രസ്- ഐഎസ്എഫ് സഖ്യവും മത്സരരംഗത്തുണ്ട്.
തിരിച്ചുവരവ് ലക്ഷ്യമിട്ട് കോൺഗ്രസ്
ബിജെപി ഭരിക്കുന്ന അസമിൽ ശക്തമായ തിരിച്ചുവരവാണു കോൺഗ്രസ് ലക്ഷ്യമിടുന്നത്. 126 മണ്ഡലങ്ങളിലേക്ക് മൂന്നു ഘട്ടമായാണു വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ മത്സരരംഗത്തുള്ളത് 264 സ്ഥാനാർഥികൾ. എജിപി, യുപിപിഎൽ കക്ഷികൾ കൂടി ഉൾപ്പെട്ടതാണ് ബിജെപിയുടെ മുന്നണി. എഐയുഡിഎഫ്, ബിപിഎഫ്, ഇടതു പാർട്ടികൾ എന്നിവ കോൺഗ്രസിനൊപ്പം. എജെപി, റയ്ജോർ ദൾ മുന്നണിയും രംഗത്തുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിജെപി സഖ്യത്തിന്റെ പ്രചാരണം നയിച്ചു. അമിത് ഷായും ജെ.പി. നദ്ദയും രാജ്നാഥ് സിങ്ങും നരേന്ദ്ര തോമറും സജീവമായി രംഗത്തുണ്ടായിരുന്നു. യോഗി ആദിത്യനാഥും ശിവരാജ് സിങ് ചൗഹാനും സ്മൃതി ഇറാനിയും എത്തി. മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ, ബിജെപി സംസ്ഥാന അധ്യക്ഷൻ രൻജീത് കുമാർ ദാസ്, വടക്കു കിഴക്കൻ ജനാധിപത്യ സഖ്യം കൺവീനറും മന്ത്രിയുമായ ഹിമാന്ത ബിശ്വ ശർമ എന്നിവർ മണ്ഡലങ്ങളിൽ വ്യാപകമായ പ്രചാരണവും നടത്തി.
തേയിലത്തോട്ട മേഖലകളിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സന്ദർശനങ്ങൾ കോൺഗ്രസ് പ്രചാരണത്തിന്റെ മുഖ്യ ഭാഗമായിരുന്നു. ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഘേലും പ്രചാരണ രംഗത്തുണ്ടായിരുന്നു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റം വർധിക്കുമെന്നാണ് ബിജെപി ആരോപിക്കുന്നത്. അതേസമയം, പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരേ നിയമനിർമാണം നടത്തുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. നാളെ വോട്ടെടുപ്പു നടക്കുന്നവയിൽ 39ലും ബിജെപി സ്ഥാനാർഥികളുണ്ട്. എജിപി പത്തിടത്തു മത്സരിക്കുന്നു. ഇതിൽ രണ്ടിടത്ത് ഇരു കക്ഷികളും തമ്മിൽ സൗഹൃദ മത്സരമാണ്. കോൺഗ്രസ് 43 സീറ്റിലാണു മത്സരിക്കുന്നത്. നാലിടത്തു സഖ്യകക്ഷികൾ.