‘പിണറായി വിജയന്റെ ഭരണമാണ് നിരപരാധിത്വത്തിന് തെളിവ്, എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ വെറുതെ വിടുമായിരുന്നോ’; സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി
സോളാര്‍ പീഡനകേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സന്തോഷമുണ്ടെന്നും ചെയ്യാത്ത കുറ്റത്തിന് മുന്‍കൂര്‍ ജാമ്യം എടുക്കില്ലെന്ന നിലപാടാണ് ആദ്യം മുതല്‍ സ്വീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അഞ്ച് വര്‍ഷം മുഖ്യമന്ത്രി പിണറായി വിജയന് ഭരിച്ചിട്ടും തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്നതാണ് ഇക്കാര്യത്തില്‍ നിരപരാധികളാണ് എന്നതിന്റെ തെളിവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്തെങ്കിലും ഉണ്ടെങ്കില്‍ വെറുതെ വിടുമോയെന്നും അദ്ദേഹം ചോദിച്ചു.
‘ഇതിനകത്ത് ഒന്നും ഇല്ലെന്ന് എല്ലാവര്ക്കും അറിയാവുന്ന കേസാണ്. അഞ്ച് കൊല്ലം പിണറായി വിജയന് ഭരിച്ചിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാത്ത കേസിനെകുറിച്ച് എന്താ പറയുക. അതാണ് ഞങ്ങളുടെ ഏറ്റവും വലിയ തെളിവ്. എന്തെങ്കിലും ഉണ്ടെങ്കില്‍ വെറുതെ വിടുമോ. അഞ്ച് കൊല്ലത്ത് പിണറായി വിജയന്റെ ഭരണമാണ് ഞങ്ങള്‍ ഇക്കാര്യത്തില്‍ നിരപരാധികളാണ് എന്നതിന്റെ തെളിവ്. സര്‍ക്കാര്‍ തന്നെ നിരപരാദിത്വം ശരിവെച്ചിരിക്കുന്നു. ജാമ്യമില്ലാത്ത വകുപ്പാണ്. ഏപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു. ചെയ്യാത്ത കുറ്റത്തിന് ജാമ്യം എടുക്കില്ലായെന്ന നിലപാടായിരുന്നു. ഇപ്പോള്‍ സത്യം പുറത്ത് വന്നിരിക്കുന്നു.’ ഉമ്മന്‍ചാണ്ടി പറഞ്ഞു.
സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ഇല്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് പുറത്ത് വിട്ട റിപ്പോര്‍ട്ട്. പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഇല്ലായിരുന്നു. പരാതിക്കാരി ക്ലിഫ് ഹൗസില്‍ എത്തിയതിന് തെളിവില്ലെന്നും ക്രൈബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ജനുവരിയിലാണ് സോളാര്‍ പീഡന കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുക. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ പരാതിയില്‍ യാതൊരു തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
2018 ലാണ് സോളാര്‍ പീഡന കേസിന്റെ അന്വേഷണം ക്രൈബ്രാഞ്ച് ഏറ്റെടുക്കുന്നത്. ക്ലിഫ് ഹൗസില്‍വെച്ച് 2012 സെപ്തംബര്‍ 19 ന് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. കൃത്യം നടന്നുവെന്ന് പറയുന്ന സമയത്ത് ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു പൊലീസുകാര്‍, ജീവനക്കാര്‍, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ്, മറ്റ് ആളുകള്‍ എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് ഉമ്മന്‍ചാണ്ടിയോ പരാതിക്കാരിയോ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.