ചൂട് കൂടുന്നു; പുറത്തിറങ്ങും മുൻപ് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ഓരോ ദിവസവും ചൂട് കനത്ത് വരികയാണ്. അതിനാൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ദിവസങ്ങളിൽ പുറത്തിറങ്ങുമ്പോൾ ആരോഗ്യകാര്യത്തിലും സൗന്ദര്യകാര്യത്തിലുമൊക്കെ അല്പം കൂടുതൽ കരുതൽ വേണം.
ചില കാര്യങ്ങൾ ശ്രദ്ധിക്കാം...
* വെള്ളം ധാരാളമായി കുടിയ്ക്കുക
* വസ്ത്രധാരണത്തിൽ ശ്രദ്ധിക്കുക
* ഭക്ഷണത്തിൽ ക്രമീകരണം ഏർപ്പെടുത്തുക
* രോഗങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക
* ചർമ്മം സംരക്ഷിക്കുക
ഈ ദിവസങ്ങളിൽ ചിക്കൻ പോക്സ് പോലുള്ള രോഗങ്ങൾ ഉണ്ടാകാനും സൂര്യാഘാതം ഏൽക്കുന്നതിനുമൊക്കെ സാധ്യതകൾ ഏറെയാണ്. അതുകൊണ്ടുതന്നെ ഓരോ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. ചൂട് കൂടുന്നതിനാൽ ശരീരം നന്നായി വിയർക്കും. അതോടെ ശരീരത്തിലെ ജലാംശം കുറയും അതുകൊണ്ടുതന്നെ വെള്ളം ധാരാളമായി കുടിക്കണം. അതുപോലെ വസ്ത്രധാരണത്തിലും പ്രത്യേകം ശ്രദ്ധിക്കണം. പരുത്തി വസ്ത്രങ്ങളോ കട്ടി കുറഞ്ഞ കോട്ടൺ വസ്ത്രങ്ങളോ ധരിക്കണം. അതുപോലെ ലൈറ്റ് കളർ വസ്ത്രങ്ങളാണ് നല്ലത്.
അതുപോലെ ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. പഴങ്ങൾ ധാരാളം കഴിക്കുന്നതാണ് കൂടുതൽ നല്ലത്. അതുപോലെ പുറത്തു നിന്നുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക, അടിയന്തിര സാഹചര്യങ്ങളിൽ വൃത്തിയുള്ള സാഹചര്യത്തിൽ നിന്ന് മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
ചൂടുകാലത്ത് കൂടുതൽ പരിപാലിക്കേണ്ട ഒന്നാണ് ചർമ്മം. ചൂടുകൂടുന്നതിനാൽ ചർമ്മം ഡ്രൈ ആകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് മോയിസ്ചറൈസിംഗ് ക്രീമുകൾ കൈയിൽ കൊണ്ടുനടക്കാൻ ശ്രദ്ധിക്കണം. പാർശ്വഫലങ്ങൾ ഇല്ലായെന്ന് ഉറപ്പുവരുത്തിയ ക്രീമുകൾ വേണം ഉപയോഗിക്കാൻ. ഓരോരുത്തരുടെയും ചർമ്മത്തിന് അനുയോഗ്യമായ ക്രീമുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെയിലത്ത് പുറത്തിറങ്ങുമ്പോൾ സൺസ്ക്രീമുകൾ ഉപയോഗിക്കാൻ ശ്രദ്ധ ചെലുത്തണം.