ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധനെ കൊലപ്പെടുത്തിയ ഒഡീഷ സ്വദേശി അറസ്റ്റിൽ.
അടിമാലി: - ഒറ്റയ്ക്ക താമസിച്ചിരുന്ന വൃദ്ധൻ്റെ തലക്ക് അടിച്ച് കൊലപ്പെടുത്തി
സ്വർണ്ണം കവർന്ന കേസിൽ ഒഡീഷ സ്വദേശിയെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഉഴവൂരിൽ
20 വർഷമായി വാടകയ്ക്ക താമസിച്ചിരുന്ന ഒറീസ റത്തിൻ ഗിയ അൻസു നഗറിൽ താമസിക്കുന്ന രാജ് കുമാർ (40)
നെയാണ് അടിമാലി സ്റ്റേഷൻ ഹൗസ് ഓഫീസർ സി.എസ്. ഷാരോണിൻ്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം വിശാഖപട്ടണത്തു നിന്നും പിടികൂടിയത്. ഈ മാസം ആറിന് രാത്രിയിലായിരുന്നു കൊലപാതകം. ഒറ്റക്ക് താമസിച്ചിരുന്ന
കുരിശുപാറ അറയ്ക്കൽ ഗോപി (65)നെയാണ് രാജ്കുമാർ കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ഗോപിയുടെ ഒരു മകൾ ഉഴവൂരിൽ താമസിക്കുന്നുണ്ട്. ഈ വീടിന് സമീപത്താണ് രാജ് കുമാർ താമസിച്ചിരുന്നത്. ഇയാൾ ഒരു മലയാളി സ്ത്രീയേ വിവാഹം കഴിച്ച് 20 വർഷമായി ഇവിടെയാണ് താമസം. ഗോപിയുടെ മക്കളോടൊപ്പം കഴിഞ്ഞ ഡിസംബറിൽ രാജ് കുമാർ മൂന്നാർ സന്ദർശനത്തിന് എത്തിയിട്ടുണ്ട്. അന്ന് ഇവർ കുരിശുപാറയിൽ ഗോപിയുടെ വീട്ടിൽ താമസിച്ചിരുന്നു. അങ്ങനെ ഗോപിയും രാജ്കുമാറും സുഹൃത്തുക്കളായി. അടുത്തിടെ രാജ് കുമാറിന് പണത്തിൻ്റെ ആവശ്യം വന്നു. ഉഴവൂരിൽ ഗോപിയുടെ മരുമകനോട് പണം ചോദിച്ചെങ്കിലും അവരുടെ കൈവശം പണം ഇല്ലായിരുന്നു.
ഗോപിയുടെ കൈവശം കൂടുതൽ പണം ഉണ്ടെന്ന് രാജ് കുമാർ വിശ്വസിച്ചു.
ഗോപിയിൽ നിന്നും പണം വാങ്ങാനായി കുരിശുപാറയിൽ എത്തി. ഗോപിയെ കൊലപ്പെടുത്തിയ ശേഷം വീട് പൂട്ടി
സ്വർണ്ണവുമായി വിശാഖപട്ടണത്തേക്ക് പോയി.പോലീസ് ഗോപിയുടെ വീട്ടിൽ ആറ് മാസത്തിനിടെ എത്തിയവരുടെ ലിസ്റ്റ് തയാറാക്കി പരിശോധിച്ചു. സംഭവ ദിവസം രാജ് കുമാർ കുരിശുപാറയിൽ ഉണ്ടായിരുന്നതായി ടവർ ലൊക്കേഷൻ ലഭിച്ചു. തുടർന്ന് ഇയാൾ കേരളം വിട്ടതായും കണ്ടെത്തി. ഇങ്ങനെയാണ് രാജ് കുമാർ സംശയത്തിൻ്റെ നിഴലിൽ എത്തിയത്.
സി.ഐ.യുടെ നേത്യത്വത്തിലുള്ള സംഘം നാല് ദിവസം മുൻപ് രാജ് കുമാറിനെ കണ്ടെത്താനായി ഒഡീഷയിൽ എത്തി. ഞായറാഴ്ച ഉച്ചയോടെ വിശാഖപട്ടണത്തു നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
ചൊവാഴ്ച്ച ഉച്ചയോടെ അടിമാലി സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടുത്ത ദിവസം പ്രതിയെ കോടതിയിൽ നിന്നും വാങ്ങി തെളിവെടുപ്പ് നടത്തും