‘വിജയസാധ്യത വാദമുയര്‍ത്തി സ്ത്രീകളെ മുന്നണികള്‍ തഴയുന്നു’; ഇടതുമുന്നണിയ്ക്കും കൂടുതല്‍ സ്ത്രീകളെ പരിഗണിക്കാമായിരുന്നെന്ന് കെകെ ശൈലജ
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുന്നണികള്‍ വനിതകളെ തഴയപ്പെടുന്നുണ്ടെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. ഇടതുമുന്നണിയ്ക്കും കൂടുതല്‍ സ്ത്രീകളെ പരിഗണിക്കാമായിരുന്നെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. അമ്പത് ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കണമെന്നാണ് ആവശ്യമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പലഘടകങ്ങള്‍ പരിഗണിക്കും. ഇതില്‍ ജയസാധ്യത വാദം പറഞ്ഞ് വനിതകളെ തഴയപ്പെടുകയാണ്. പൊതുരംഗത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ത്രീകളുണ്ട്. അവസരങ്ങള്‍ നിഷേധിക്കപ്പെട്ടത് കൊണ്ടാണ് ലതികാ സുഭാഷിനെ പോലെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വനിതകള്‍ക്ക് കൂടുതല്‍ സീറ്റ് നല്കാന് കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു വനിതയെ പോലും ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ഷാനിമോള്‍ ഉസ്മാന് ഉപതെരഞ്ഞെടുപ്പിലൂടെയാണ് നിയമസഭയിലെത്തിയതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്കുന്നതില് മുന്നണികള്‍ പരാജയപ്പെട്ടുവെന്ന ആനി രാജയും രംഗത്തെത്തിയിരുന്നു. മൂന്ന് മുന്നണികളും ഇക്കാര്യത്തില്‍ പരാജയപ്പെട്ടു, ഇടത് പാര്‍ട്ടികളും സ്ത്രീകള്‍ക്ക് പരിഗണന നല്‍കാത്തത് നിരാശജനകമാണെന്നും ആനി രാജ വിമര്‍ശിച്ചു. ലതികയെ പോലുള്ളവരെ പുരുഷ നേതാക്കള്‍ അപഹസിക്കുന്നുവെന്നും ആനി രാജ പറഞ്ഞു. ഇടത് മുന്നണി കൂടുതല്‍ സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ നിരാശയാണ് ഉണ്ടായത്. സ്ത്രീ ശാക്തീകരണം സംസാരിക്കുന്ന പാര്‍ട്ടികള്‍ക്ക് അത് പ്രയോഗത്തില്‍ കൊണ്ട് വരാന്‍ കഴിഞ്ഞില്ലെന്നും ആനി രാജ പറഞ്ഞു. സ്ത്രീകള്‍ ഇല്ലാത്ത സ്ഥാനാര്‍ത്ഥി പട്ടിക മൂന്ന് മുന്നണികളുടേയും കൂട്ടതോല്‍വിയാണ്. സ്ത്രീകള്‍ക്ക് ഇത് മതിയെന്ന സമീപനമാണ് പുരുഷന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. പ്രതിഷേധിക്കാന്‍ പോലും അവകാശമില്ലായെന്ന് രീതിയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രതികരിച്ചതെന്നും ആനി രാജ കൂട്ടി ചേര്‍ത്തു.
ഇതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്കെതിരെ പ്രതിഷേധം നടത്തി രാജിവച്ച ലതികാ സുഭാഷിനെതിരെ ആലത്തൂര്‍ എംപി രമ്യ ഹരിദാസ് രംഗത്തെത്തി. ലതികയുടെ വിലയിരുത്തല്‍ ശരിയല്ല. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളുടെ എണ്ണം കുറവാണെന്ന അഭിപ്രായം തനിക്കില്ലെന്നും രമ്യ പറഞ്ഞു. രമ്യ ഹരിദാസിന്റെ വാക്കുകള്‍: ”സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു പ്രശ്നവുമില്ല. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കിട്ടിയില്ലെന്ന് വിലയിരുത്താന്‍ കഴിയില്ല. പട്ടികയില്‍ സ്ത്രീകളുടെ എണ്ണം കുറവാണെന്ന അഭിപ്രായം എനിക്കില്ല. ജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ലതിക പ്രകടിപ്പിച്ചത് സ്വന്തം വികാരമാണ്. അവര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതുന്നില്ല. ഇത് സംബന്ധിച്ച വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടി മാത്രമാണ്.”
ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചെന്ന പരാതി ശരിയല്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു.ഏറ്റുമാനൂര്‍ തന്നെ വേണമെന്ന നിലപാടിലായിരുന്നു ലതിക. മറ്റ് സീറ്റ് നല്‍കാമെന്ന ഉപാധി ലതിക സ്വീകരിച്ചില്ല. കബളിപ്പിച്ചത് ആരെന്ന് അവരോട് ചോദിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്കാന് പരമാവധി ശ്രമിച്ചിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഒമ്പതെണ്ണം മാത്രമേ കൊടുക്കുകയുള്ളൂ. ലതിക സുഭാഷ് ഏറ്റുമാനൂര്‍ സീറ്റാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ആ സീറ്റ് വേണ്ടെന്നാണ് അവര്‍ പറഞ്ഞത്. ഗ്രൂപ്പ് പരിഗണനയില്ലാതെയാണ് സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിന്‍സ് ലൂക്കോസ് പറഞ്ഞു. ലതിക മത്സരിച്ചാല്‍ അത് യുഡിഎഫിന് കെട്ടുറപ്പിനെ ബാധിക്കുമെന്നും വിഷയത്തില്‍ യുഡിഎഫ് നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിന്‍സ് ലൂക്കോസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചേക്കുമെന്നാണ് സൂചനകള്‍. ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലെങ്കിലും തനിക്ക് ഏറ്റുമാനൂരില്‍ വിജയിക്കാനാവുമെന്ന് ലതിക സുഭാഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതല്‍ ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ലതിക സുഭാഷ് പ്രതികരിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വിളിച്ചിട്ട് ഫോണ്‍ പോലും എടുത്തിട്ടില്ലെന്നും ഇനി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാവില്ലെന്നും ലതിക സുഭാഷ് പറഞ്ഞു. വനിതകളില്‍ മത്സരിപ്പിക്കേണ്ടത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരെയാണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്തവരെ കൊണ്ടു വന്നിട്ട് കാര്യം ഇല്ലെന്നും ലതിക സുഭാഷ് പറഞ്ഞു.