ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കും
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിൽ ലതിക സുഭാഷ് സ്വതന്ത്രയായി മൽസരിക്കും. ഒപ്പം നിൽക്കുന്നവരുമായി ചർച്ച നടത്തിയതിനുശേഷം ഇന്ന് വൈകിട്ട് പ്രഖ്യാപനമുണ്ടാകും.കോണ്‍ഗ്രസ് സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നും മറ്റൊരു പാർട്ടിക്കൊപ്പം പോകില്ലെന്നും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം ഉൾപ്പെടെ രാജി വയ്ക്കുമെന്നും ലതിക വ്യക്തമാക്കി.
സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ല. ഭാവി പരിപാടി സംബന്ധിച്ച് ഇന്ന് നിര്‍ണായക തീരുമാനം എടുക്കും. ഇനി കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സീറ്റ് തന്നാല്‍ ഇത്തവണ മത്സരിക്കില്ല. കെപിസിസി പ്രസിഡന്റിനെ വിളിച്ചിട്ട് ഫോണ്‍ പോലും എടുത്തില്ല. ഏറ്റുമാനൂര്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു ഏറ്റുമാനൂര്‍ ഇല്ലെങ്കിലും വൈപ്പിനില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ അതും തിരസ്കരിക്കപ്പെട്ടെന്നും ലതിക പറഞ്ഞു.
ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരില്‍ ജയിക്കാനാകും എന്നാണ് എന്റെ വിശ്വാസം. ഏറ്റുമാനൂരില്‍ മുന്‍പും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ജയിച്ച മണ്ഡലമാണ്. വിജയ പ്രതീക്ഷയോടെ മുന്നോട്ടെന്നും ലതിക പറഞ്ഞു.
കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക കേട്ടപ്പോൾ വനിതയെന്ന നിലയിൽ ഏറെ ദുഃഖമുണ്ടായി. മഹിളാകോൺഗ്രസ് 20% സീറ്റ് വനിതകൾക്കു നൽകണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. 20% നൽകിയില്ലെങ്കിൽ പോലും ഒരു ജില്ലയിൽനിന്ന് ഒരാളെന്ന നിലയിൽ 14 വനിതകളെങ്കിലും പട്ടികയിലുണ്ടാകുമെന്നു പ്രതീക്ഷിച്ചു. അതും ഇല്ലാതായി.
16 വയസ് മുതൽ ഈ പാർട്ടിക്കൊപ്പം നിന്നയാളാണ് ഞാൻ. ഇന്ന് എംഎൽഎമാരായിരിക്കുന്ന പലരേക്കാളും അധികകാലം കോൺഗ്രസിനെ സേവിച്ചിട്ടുണ്ട്. ഞാൻ ഏറ്റുമാനൂർ സീറ്റ് ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ 20 വർഷമായി ഓരോ തെരഞ്ഞെടുപ്പിലും എന്റെ പേര് വന്നുപോയി. പക്ഷേ സ്ഥാനാർത്ഥി പട്ടിക വരുമ്പോൾ എന്റെ പേര് കാണാറില്ല. അപ്പോഴും പാർട്ടിക്കു വേണ്ടി നിസ്വാർഥമായി ഒപ്പം നിന്നു. ഒരു വിവാഹിതയായ സ്ത്രീ ആഗ്രഹിക്കാത്ത, താലിയെ വരെ ചോദ്യം ചെയ്യുന്ന വാക്കുകൾ ഒരിക്കൽ ഒരു വിവാദത്തിന്റെ പേരിൽ വന്നിരുന്നു. പാർട്ടിക്കു വേണ്ടി അതും സഹിച്ചു. ഏറ്റുമാനൂരിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതാണ്. ആറു വയസ് മുതൽ ഉമ്മൻചാണ്ടിയെ കണ്ടാണു പഠിച്ചത്. ഇരുപത്തിനാലാം വയസ് മുതൽ രമേശ് ചെന്നിത്തലയുടെ പേര് ആവേശത്തോടെ പറയുന്ന ആളായിരുന്നു ഞാൻ. നേതാക്കളോടെല്ലാം പറഞ്ഞു ഏറ്റുമാനൂർ സീറ്റ് പിടിക്കണം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏറ്റുമാനൂർ സീറ്റ് കിട്ടുമോയെന്നു നോക്കാമെന്നായിരുന്നു മറുപടി. പിന്നീടെന്തു സംഭവിച്ചെന്നറിയില്ല. കണ്ണീരോടെയായിരുന്നു ലതിക സുഭാഷ് എന്ന കോൺഗ്രസ് നേതാവിന്റെ പറച്ചിൽ.
ഇന്നും എന്നും ഞാൻ കോൺഗ്രസാണ്. സ്വതന്ത്രയായി ഏറ്റുമാനൂരിൽ മത്സരിക്കും ലതിക പറഞ്ഞു.